ഷാർജ വിമാനത്താവളം
ഷാർജ: എമിറേറ്റിലെ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നു. ഈ വർഷം ആദ്യ ആറു മാസത്തിൽ 91.1 ലക്ഷം യാത്രക്കാരാണ് വിമാനത്താവളം വഴി കടന്നുപോയത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 10 ശതമാനം വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
2024 ആദ്യ പകുതിയിൽ 83 ലക്ഷം യാത്രക്കാരാണ് വിമാനത്താവളം വഴി കടന്നുപോയത്. വിവിധ തന്ത്രപ്രധാന പങ്കാളികളുമായി ചേർന്ന് യാത്രക്കാരുടെ നടപ്പിലാക്കുന്ന സംരംഭങ്ങളുടെ ഫലമാണ് നേട്ടമെന്ന് ഷാർജ എയർപോർട്ട് അതോറിറ്റി ചെയർമാൻ അലി സാലിം അൽ മിദ്ഫ പറഞ്ഞു. വരുംകാലയളവിലും വളർച്ച തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2027ഓടെ വർഷത്തിൽ 2.5 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കുന്ന തരത്തിൽ വിമാനത്താവളം വികസിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. മേഖലയിലെ ഏറ്റവും വലിയ അഞ്ചു വിമാനത്താവളങ്ങളിൽ ഇടംപിടിക്കാനാണ് ഷാർജ എയർപോർട്ട് ലക്ഷ്യമിടുന്നത്.
ഈ വർഷം ജൂലൈ ഒന്നുമുതൽ 15 വരെ എട്ട് ലക്ഷത്തിലേറെ യാത്രക്കാരാണ് വിമാനത്താവളംവഴി കടന്നുപോയത്. ഈ മാസം വിമാനത്താവളത്തിൽനിന്ന് സിറിയൻ തലസ്ഥാനമായ ഡമസ്കസിലേക്ക് എയർ അറേബ്യ നേരിട്ടുള്ള വിമാന സർവിസുകൾ പുനരാരംഭിച്ചിരുന്നു.ജൂൺ മാസത്തിൽ ഇത്യോപ്യൻ എയർലൈൻസ് വിമാനത്താവളത്തിൽനിന്ന് സർവിസ് ആരംഭിച്ചിരുന്നു. പ്രാദേശിക, അന്തർദേശീയ വ്യോമയാന ഭൂപടത്തിൽ ഷാർജയുടെ സ്ഥാനം വികസിക്കുന്നതിന്റെ സൂചനയാണ് നേട്ടങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.