ദുബൈ: ലോകത്ത് ആദ്യമായി ഉള്ളടക്കങ്ങളെ മനുഷ്യനിർമിതമെന്നും, എ.ഐ നിർമിതമെന്നും വേർതിരിക്കുന്ന ചിഹ്നങ്ങൾക്ക് ദുബൈ രൂപം നൽകി. ഹ്യൂമൻ മെഷീൻ കൊളാബ്രേഷൻ ഐക്കൺ എന്ന പേരിൽ അഞ്ച് ചിഹ്നങ്ങളാണ് രൂപപ്പെടുത്തിയത്. ഓരോ ഉള്ളടക്കങ്ങളും എത്രമാത്രം മനുഷ്യനിർമിതമാണെന്നും, നിർമിത ബുദ്ധിയുടെ പങ്ക് എത്രയുണ്ടെന്നും ഇതിലൂടെ വ്യക്തമാക്കാം.
ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ദുബൈ ഫ്യൂച്ചർ രൂപം നൽകിയ ചിഹ്നങ്ങൾക്ക് അംഗീകാരം നൽകിയത്. പ്രധാനമായും അഞ്ച് ചിഹ്നങ്ങളിലൂടെയാണ് ഗവേഷണ പഠനങ്ങൾ, പ്രസിദ്ധീകരണങ്ങൾ, വിഡിയോ കണ്ടന്റുകൾ തുടങ്ങിയവ എത്രമാത്രം മനുഷ്യനിർമിതവും നിർമിതബുദ്ധിയുടെ പങ്കുള്ളതാണെന്നും സൂചന നൽകുക. ലോകത്ത് ആദ്യമായി ദുബൈ ഫ്യൂച്ചറാണ് ഉള്ളടക്കങ്ങളെ വേർതിരിക്കുന്ന ഇത്തരമൊരു സംവിധാനം അവതരിപ്പിക്കുന്നത്. പൂർണമായും മനുഷ്യനിർമിതമാണെങ്കിൽ ‘ഓൾ ഹ്യൂമൻ’ എന്ന ചിഹ്നമാണ് തിരിച്ചറിയാൻ ഉപയോഗിക്കുക. മനുഷ്യൻ നിർമിച്ച ശേഷം കൃത്യതക്കായി എ.ഐ ഉപയോഗിച്ച് തെറ്റുതിരുത്തുകയോ, മെച്ചപ്പെടുത്തുകയോ ചെയ്ത ഉള്ളടക്കങ്ങളെ ‘ഹ്യൂമൻ ലെഡ്’ എന്ന ചിഹ്നംകൊണ്ട് അടയാളപ്പെടുത്താം.
മനുഷ്യനും നിർമിതബുദ്ധിയും ഒരുപോലെ ഉപയോഗിച്ച് നിർമിച്ചവയെ ‘മെഷിൻ അസിസ്റ്റഡ്’ എന്ന ചിഹ്നംകൊണ്ട് തിരിച്ചറിയാം. എ.ഐ ഉപയോഗിച്ച് നിർമിക്കുകയും അത് മനുഷ്യർ പരിശോധിച്ച് തെറ്റുതിരുത്തിയവയെ മെഷീൻ ലെഡ് എന്ന ചിഹ്നംകൊണ്ടാണ് സൂചിപ്പിക്കുക. പൂർണമായും എ.ഐ ജനറേറ്റ് ചെയ്ത ഉള്ളടക്കങ്ങളെ തിരിച്ചറിയാൻ ‘ഓൾ മെഷീൻ’ എന്ന ചിഹ്നമാണ് ഉപയോഗിക്കുക. ഇത് കൂടാതെ ഉള്ളടക്കത്തിന്റെ സ്വഭാവം നിർണയിക്കുന്ന ഒമ്പത് ചിഹ്നങ്ങൾ വേറെയുമുണ്ട്. ദുബൈ ഫ്യൂച്ചറിന്റെ വെബ്സൈറ്റിൽനിന്ന് സൗജന്യമായി ഈ ചിഹ്നങ്ങൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.