അബൂദബി: അസ്ഥിര കാലാവസ്ഥയെ തുടർന്ന് അബൂദബിയിലും അൽഐനിലും ചൊവ്വാഴ്ച ആലിപ്പഴ വർഷവും ശക്തമായ മഴയും ലഭിച്ചു. അൽഐനിലെ വിവിധ ഭാഗങ്ങളിലാണ് നേരിയ മഴയോടുകൂടിയ ആലിപ്പഴ വർഷമുണ്ടായത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി എട്ടുമണിവരെ വിവിധയിടങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടായിരുന്നതിനാൽ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു.
വാഹന യാത്രക്കാർ ജാഗ്രതപാലിക്കണമെന്നും സുരക്ഷ മുൻകരുതൽ സ്വീകരിക്കണമെന്നും ബന്ധപ്പെട്ട അതോറിറ്റികൾ മുന്നറിയിപ്പും നൽകി. മഴയോടൊപ്പം അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറഞ്ഞതിനാൽ റോഡുകളിൽ ദൃശ്യപരത നന്നേ കുറവായിരുന്നു. ചൊവ്വാഴ്ച പൊതുവെ ആകാശം ഭാഗികമായി മേഘാവൃതമായിരുന്നു. ബുധനാഴ്ച ഉച്ചയോടെ കിഴക്കോട്ട് സംവഹന മേഘങ്ങൾ രൂപപ്പെട്ടേക്കാം. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും. മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെ മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും. ഇത് 35 കിലോമീറ്റർ വരെ വേഗം കൈവരിച്ചേക്കാം. അറേബ്യൻ, ഒമാൻ കടലുകൾ സാധാരണ നിലയിലായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.