വിജയവാഡയിൽ നടന്ന ഇൻവെസ്റ്റോപ്പിയ ആന്ധ്ര ഗ്ലോബൽ സമ്മിറ്റ് ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഉദ്ഘാടനം ചെയ്യുന്നു. യു.എ.ഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മർറി, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി എന്നിവർ സമീപം
ദുബൈ: യു.എ.ഇയും ഇന്ത്യയും തമ്മിൽ മികച്ച നിക്ഷേപങ്ങൾക്ക് വഴിയൊരുക്കി ആന്ധ്രപ്രദേശിൽ ഇൻവെസ്റ്റോപ്പിയ ഗ്ലോബൽ സമ്മിറ്റ്. യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മർറി, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, യു.എ.ഇയിൽ നിന്നുള്ള വ്യവസായ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്ത സമ്മിറ്റിൽ ഇന്ത്യ-യു.എ.ഇ നിക്ഷേപ സാധ്യതകൾ ചർച്ചയായി.
ഇന്ത്യ-യു.എ.ഇ ഫുഡ് കോറിഡോർ, ഗ്രീൻ എനർജി, സീപോർട്ട്, ലോജിസ്റ്റിക്സ്, ഷിപ് ബിൽഡിങ്, ഡിജിറ്റൽ, എ.ഐ, സ്പേസ്, ടൂറിസം രംഗങ്ങളിൽ നിക്ഷേപം ശക്തിപ്പെടുത്താനും ധാരണയായി. ആന്ധ്രപ്രദേശിൽ നിക്ഷേപങ്ങൾക്ക് എല്ലാ പിന്തുണയും സർക്കാർ ഉറപ്പുനൽകുന്നതായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി. കൂടുതൽ പദ്ധതികൾ നടപ്പിലാക്കാൻ ലുലു അടക്കം യു.എ.ഇ ആസ്ഥാനമായുള്ള കമ്പനികളെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആന്ധ്രയിലേക്ക് ക്ഷണിച്ചു. ലുലു ഗ്രൂപ്പിന്റെ നിക്ഷേപങ്ങൾക്ക് എല്ലാ പിന്തുണയും ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉറപ്പുനൽകി. അമരാവതിയിലേക്കുകൂടി ലുലുവിന്റെ സേവനം വിപുലമാക്കണമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു യൂസുഫലിയോട് ആവശ്യപ്പെട്ടു. ഇന്ത്യയും യു.എ.ഇയും തമ്മിൽ മികച്ച വ്യാപാരബന്ധമാണുള്ളതെന്നും യു.എ.ഇയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യയെന്നും യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മർറി പറഞ്ഞു. വിശാഖപട്ടണത്ത് ഷോപ്പിങ് മാൾ, വിജയവാഡയിൽ ഭക്ഷ്യസംസ്കരണ കേന്ദ്രം, ഹൈപ്പർ മാർക്കറ്റുകൾ അടക്കം ആന്ധ്രയിൽ വിപുലമായ പദ്ധതികൾ യാഥാർഥ്യമാകുമെന്ന് എം.എ. യൂസുഫലി വ്യക്തമാക്കി. വിശാഖപട്ടണത്തെ ഷോപ്പിങ് മാൾ യാഥാർഥ്യമാകുന്നതോടെ 8,000 പേർക്ക് തൊഴിലവസരം ഒരുങ്ങും. വിജയവാഡയിൽ ഭക്ഷ്യസംസ്കരണ കേന്ദ്രത്തിന്റെ നിർമാണം ആലോചനയിലാണ്. ആന്ധ്രയിലെ കർഷകർക്കും സർക്കാറിനും മികച്ച പിന്തുണ നൽകുന്നത് കൂടിയാണ് ലുലുവിന്റെ പദ്ധതികളെന്നും യൂസുഫലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.