റിയാദിൽ കൂടിക്കാഴ്ചക്കിടെ യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും

റിയാദിൽ യു.എ.ഇ പ്രസിഡന്‍റ്​-സൗദി കിരീടാവകാശി കൂടിക്കാഴ്ച

ദുബൈ: സൗഹൃദ സന്ദർശനത്തിന്‍റെ ഭാഗമായി സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെത്തിയ യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലെ ആഴത്തിലുള്ള സാഹോദര്യ ബന്ധത്തെയും തന്ത്രപരമായ സഹകരണത്തെയും കുറിച്ച്​ ഇരുവരും ചർച്ച ചെയ്തതായി വാർത്താ ഏജൻസി റിപ്പോർട്ട്​ ചെയ്തു. കൂടാതെ അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിലേത്​ അടക്കം പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളും വിവിധ പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. ഫലസ്തീനിൽ ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ള നീതിയുക്തവും സമഗ്രവും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള വ്യക്തമായ പാത സ്ഥാപിക്കണമെന്നും, പ്രാദേശിക സ്ഥിരത, സുരക്ഷ, സമാധാനം എന്നിവയുടെ അടിത്തറ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. യു.എ.ഇ പ്രസിഡന്റിനും പ്രതിനിധി സംഘത്തിനും ആദരസൂചകമായി അമീർ മുഹമ്മദ് ബിൻ സൽമാൻ ഉച്ചവിരുന്നും ഒരുക്കിയിരുന്നു.

റിയാദിലെ കിംങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അമീർ മുഹമ്മദ് ബിൻ സൽമാൻ, ശൈഖ്​ മുഹമ്മദിനെ നേരിട്ടെത്തിയാണ്​ സ്വീകരിച്ചത്​. യു.എ.ഇ പ്രസിഡൻറിനൊപ്പം അബൂദബി ഉപഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ്​ തഹ്​നൂൻ ബിൻ സായിദ് ആൽ നഹ്‌യാൻ, പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്പെഷ്യൽ അഫയേഴ്‌സ് ഡെപ്യൂട്ടി ചീഫ് ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ, പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ്​ മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ ആൽ നഹ്‌യാൻ, സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി ജനറൽ അലി ബിൻ ഹമദ് അൽ ശംസി തുടങ്ങിയവർ സന്ദർശന പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.



Tags:    
News Summary - UAE President-Saudi Crown Prince meet in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.