അലിഷാൻ ശറഫു
ദുബൈ: അബൂദബിയിലും ദുബൈയിലുമായി അരങ്ങേറുന്ന ഏഷ്യകപ്പ്2025 ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള യു.എ.ഇ 17അംഗ ടീമിനെ പ്രഖ്യാപിച്ചു. ഓപണിങ് ബാറ്റ്സ്മാൻ മുഹമ്മദ് വസീമാണ് ടീം ക്യാപ്റ്റൻ. കണ്ണൂർ മാട്ടൂൽ സ്വദേശിയായ അലിഷാൻ ശറഫു ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യ, ഒമാൻ, പാകിസ്താൻ എന്നീ രാജ്യങ്ങൾകൊപ്പം ഗ്രൂപ്പ് എ യിലാണ് യു.എ.ഇ മാറ്റുരക്കുന്നത്. സെപ്റ്റംബർ 10ന് ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത്യക്കെതിരെയാണ് യു.എ.ഇയുടെ ആദ്യമൽസരം. സെഎ്റ്റംബർ 15ന് അബൂദബി സായിദ് സ്റ്റേഡിയത്തിൽ ഒമാനെതിരെയും 17ന് ദുബൈയിൽ പാകിസ്താനെതിരെയും ഏറ്റുമുട്ടും. ഓരോ ഗ്രൂപ്പിൽ നിന്നും മികച്ച രണ്ട് ടീമുകൾ വീതമാണ് സൂപ്പർ ഫോർ മൽസരങ്ങളിലേക്ക് യോഗ്യത നേടുക. സൂപ്പർ ഫോർ മൽസരങ്ങൾ സെപ്റ്റംബർ 21ന് ആരംഭിക്കും.
മുഹമ്മദ് വസീമിനും അലിഷാൻ ഷറഫുവിനും പുറമെ, ആര്യൻ ഷർമ(വികറ്റ് കീപ്പർ), ആസിഫ് ഖാൻ, ധ്രുവ് പരാഷർ, എതൻ ഡിസൂസ, ഹൈദർ അലി, ഹർഷിത് കൗഷിക്, ജുനൈദ് സിദ്ദീഖ്, മതിഉല്ല ഖാൻ, മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് ജവാദുല്ല, മുഹമ്മദ് സുഹൈബ്, രാഹുൽ ചോപ്ര, റോഹിദ് ഖാൻ, സിംറജീത് സിങ്, സഗീർ ഖാൻ എന്നിവരാണ് മറ്റ് ടീമംഗങ്ങൾ.
ചരിത്രത്തിലാദ്യമായി ഒരു അന്താരാഷ്ട്ര ട്വന്റി 20 പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തോടെയാണ് യു.എ.ഇ ഏഷ്യകപ്പിന് ഇറങ്ങുന്നത്. മേയ് അവസാനത്തിൽ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ട്വന്റി 20 മൽസരത്തിൽ ബംഗ്ലാദേശിനെതിരെയായയിരുന്നു നേട്ടം. അവസാന മൽസരത്തിൽ 47 പന്തിൽ പുറത്താകാതെ 68 റൺസെടുത്ത അലിഷാൻ ഷറഫു മൽസരത്തിലെ പ്ലയർ ഓഫ് ദ മാച്ച് പുരസ്കാരം നേടിയിരുന്നു. 15ാം വയസുമുതൽ യു.എ.ഇക്ക് വേണ്ടി അണ്ടർ 19ടീമിൽ അലിഷാൻ കളിക്കുന്നുണ്ട്. 17ാം വയസിൽ ട്വന്‍റി20 യു.എ.ഇ ദേശീയ ടീമിൽ ഇടംപിടിച്ചു. 18ാം വയസിൽ ഏകദിന ടീമിലും കളിക്കാൻ അവസരമൊരുങ്ങി. ദേശീയ ടീമിൽ നാലഞ്ച് വർഷമായി കളിക്കുന്നുണ്ട്. ബംഗ്ലാദേശിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിങ്സിന്റെ ബലത്തിൽ കൂടിയാണ് മലയാളി താരം യു.എ.ഇക്ക് വേണ്ടി കളത്തിലിറങ്ങാൻ ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.