ഫിഫയുടെ ഓണാശംസ
കൊച്ചി: ലോകമെങ്ങുമുള്ള മലയാളികൾക്ക് പൂക്കളമൊരുക്കി മലയാളത്തിൽ ഓണാശംസ നേർത്ത് ഫിഫ. ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയും, ബ്രസീലും ഉൾപ്പെടെ വമ്പൻമാർ കളത്തിലിറങ്ങിയ ദിനത്തിൽ ഓണമെത്തിയപ്പോൾ കളിക്കളവും പൂക്കളവുമെല്ലാമായി ‘ഫിഫ വേൾഡ് കപ്പ്’ സാമൂഹിക മാധ്യമ പേജ് വഴി പങ്കുവെച്ച ഓണാശംസയും കിടിലനായി.
‘ഓണം വന്നേ... ഏവർക്കും തിരുവോണാംശംസകൾ’ എന്ന കുറിപ്പുമായി ബ്രസീൽ ടീം അംഗങ്ങളുടെ ചിത്രവും ഓണപൂക്കളവും നൽകി മലയാളി ആരാധകരുടെ ഉത്സവത്തെ ലോകത്തെയും അറിയിച്ചു. ആശംസ സന്ദേശം മണിക്കൂറുകൾക്കുള്ളിൽ തന്നെ തരംഗമായി മാറി.മലയാളത്തിൽ ആരാധകരെ പരിഗണിച്ചതിലുള്ള സന്തോഷം പങ്കുവെച്ചായിരുന്നു മറുപടി പോസ്റ്റുകൾ.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീൽ ചിലിക്കെതിരെ 3-0ത്തിനും, അർജന്റീന വെനിസ്വേലക്കെതിരെ 3-0ത്തിനും ജയിച്ചിരുന്നു.
ഫിഫക്ക് പുറമെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വിവിധ ക്ലബുകളും മലയാളി ആരാധകർക്ക് ഓണാശംസയുമായി രംഗത്തെത്തി. ടോട്ടൻഹാം ഹോട്സ്പർ, ലിവർപൂൾ ഉൾപ്പെടെ ക്ലബുകൾ ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.