ലണ്ടൻ: ഇംഗ്ലണ്ട് സീനിയർ പുരുഷ ഫുട്ബാൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ചരിത്ര നേട്ടത്തിനരികിലാണ് ടോട്ടൻഹാമിന്‍റെ പ്രതിരോധ താരം ജെഡ് സ്പെൻസ്. ത്രീ ലയൺസിനുവേണ്ടി പന്തുതട്ടുന്ന ആദ്യ മുസ്ലിം താരമെന്ന നേട്ടമാണ് സ്പെൻസിനെ കാത്തിരിക്കുന്നത്.
ലോകകപ്പ് യോഗ്യത റൗണ്ടിൽ സെർബിയ, അൻഡോറ ടീമുകൾക്കെതിരായ മത്സരത്തിനുള്ള ഇംഗ്ലണ്ട് സ്ക്വാഡിലാണ് 25കാരനെ പരിശീലകൻ തോമസ് തുഷേൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിലും പുതിയ സീസണിന്‍റെ തുടക്കത്തിലും ടോട്ടൻഹാമിനുവേണ്ടി നടത്തിയ മികച്ച പ്രകടനമാണ് സ്പെൻസിനെ ദേശീയ ടീമിൽ എത്തിച്ചത്. ഇതൊരു അനുഗ്രഹമാണെന്നും പറയാൻ വാക്കുകളില്ലെന്നും സ്പെൻസ് പ്രതികരിച്ചു. ഒരുപാട് പ്രാർഥിക്കാറുണ്ട്, ദൈവത്തിന് നന്ദി പറയും. ജീവിതത്തിലെ ഏറ്റവും ദുഖകരമായ സാഹചര്യങ്ങളിൽ, ഇരുണ്ട നിമിഷങ്ങളിൽ, ദൈവം എപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു. അത് എനിക്ക്, എന്റെ വിശ്വാസത്തിന് വലിയ കാര്യമാണെന്നും താരം കൂട്ടിച്ചേർത്തു.
വില്ല പാർക്കിൽ ശനിയാഴ്ച അൻഡോറക്കെതിരെയാണ് ഇംഗ്ലണ്ടിന്‍റെ ആദ്യ മത്സരം. ചൊവ്വാഴ്ച ബെൽഗ്രേഡിലാണ് സെർബിയക്കെതിരായ മത്സരം. ഇംഗ്ലണ്ട് സീനിയർ സ്ക്വാഡിലേക്കുള്ള തന്‍റെ വരവ് വിശ്വാസികൾക്കു മാത്രമല്ല, യുവാക്കൾക്കും വലിയ പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി താരം പറഞ്ഞു. ഇംഗ്ലണ്ട് അണ്ടർ -21 ടീമിനായി മൂന്നു മത്സരങ്ങൾ കളിച്ചിട്ടുണ്ട്. സ്പെൻസിന്‍റെ പിതാവ് ജമൈക്കൻ സ്വദേശിയും മാതാവ് കെനിയക്കാരിയുമാണ്. ബ്രിട്ടീഷ് നടി കാർല സിമോൺ സ്പെൻസ് സഹോദരിയാണ്. ഫുൾഹാം അക്കാദമിയിലൂടെയാണ് താരം കളി പഠിക്കുന്നത്. 2018ൽ മിഡിൽസ്ബോറോയിലൂടെ ഫുട്ബാൾ കരിയർ ആരംഭിച്ച താരം, 2021ൽ ലോണിൽ നോട്ടിങ്ഹാം ഫോറസ്റ്റിലെത്തി. ടീമിന്‍റെ എഫ്.എ കപ്പ് കീരിട നേട്ടത്തിൽ പങ്കാളിയായി.
ഇംഗ്ലണ്ട് രണ്ടാം നിരയിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. നോട്ടിങ്ഹാമിന് പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിൽ സ്പെൻസിന് നിർണായക പങ്കുണ്ടായിരുന്നു. 2022ലാണ് ടോട്ടൻഹാമിലെത്തുന്നത്. തുടക്കത്തിൽ ടോട്ടൻഹാമിൽ അവസരങ്ങൾ കുറവായിരുന്നു. പിന്നാലെ വായ്പാടിസ്ഥാനത്തിൽ ഫ്രഞ്ച് ക്ലബ് സ്റ്റേഡ് റിനയ്സിലും ലീഡ്സ് യുനൈറ്റഡിലും ഇറ്റാലിയൻ ക്ലബ് ജീനോവയിലുമെത്തി. 2024-25 സീസണിലാണ് താരം ടോട്ടൻഹാമിൽ തിരിച്ചെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.