ഹിസോർ (തജികിസ്താൻ): കാഫ നാഷൻസ് കപ്പ് ഫുട്ബാളിലെ അവസാന ഗ്രൂപ്പ് റൗണ്ട് മത്സരത്തിൽ ഇന്ത്യയെ സമനിലയിൽ പൂട്ടി അഫ്ഗാനിസ്ഥാൻ. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ റാങ്കിങ്ങിൽ തങ്ങളേക്കാൾ ഏറെ പിന്നിലുള്ള അഫ്ഗാനോട് ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു ഖാലിദ് ജമീലും സംഘവും.
ഇതോടെ ഗ്രൂപ്പ് ജേതാക്കളായി ഇറാൻ ഫൈനലിലെത്തി. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാർക്ക് മൂന്നാം സ്ഥാന മത്സരം കളിക്കാമെന്നതാണ് ഇനി ഇന്ത്യക്കുള്ള പ്രതീക്ഷ. അത് ഇറാൻ-തജികിസ്താൻ മത്സരത്തെ ആശ്രയിച്ചിരിക്കും. മത്സരത്തിൽ ഇരു ടീമുകൾക്കും ഗോളവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. ഇരു ടീമുകളും മൂന്നാം സ്ഥാനത്തിനുള്ള പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങിയത്. തുടക്കത്തിൽ ഇന്ത്യക്കായിരുന്നു പന്ത് കൈവശം വെക്കുന്നതിൽ മേൽക്കൈ. 23ാം മിനിറ്റിൽ അഫ്ഗാൻ താരത്തിന്‍റെ ഒരു ലോങ് റേഞ്ച് ഷോട്ട് ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു കൈയിലൊതുക്കി.
പിന്നാലെ അഷിഖ് കുരുണിയൻ നൽകിയ ഒരു ബാക്ക് പാസ്സ് മുതലെടുക്കാൻ ഇർഫാന് കഴിഞ്ഞില്ല. പന്ത് കൈവശം വെക്കുന്നതിലും ആക്രമണ ഫുട്ബാളിലും ഇന്ത്യ മേധാവിത്വം പുലർത്തിയെങ്കിലും വലകുലുക്കാനായില്ല. ഒടുവിൽ ഇരു ടീമുകളും ഗോൾരഹിത സമനിലിയിൽ പിരിയുകയായിരുന്നു. ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 133ാം സ്ഥാനത്തും അഫ്ഗാൻ 161ാം സ്ഥാനത്തുമാണ്. ആദ്യ മത്സരത്തിൽ റാങ്കിങ്ങിൽ മുന്നിലുള്ള തജികിസ്താനെ 2-1നു തോൽപിച്ച ഇന്ത്യ ഏറെ പ്രതീക്ഷ നൽകിയെങ്കിലും രണ്ടാം മത്സരത്തിൽ കരുത്തരായ ഇറാനോട് 3-0 തോൽവി വഴങ്ങി.
പുതിയ പരിശീലകൻ ഖാലിദ് ജമീലിനു കീഴിൽ രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. പരിക്കേറ്റ പ്രതിരോധ താരം സന്ദേശ് ജിങ്കാനില്ലാതെയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.