കാസർകോട്: ആറായിരം രൂപ ചെലവിട്ട് രണ്ട് മാസത്തെ കാത്തിരിപിന് ശേഷം സി.പി.ഐയുടെ കാറിന് ചരിത്ര നമ്പർ ലഭിച്ചു. സി.പി.ഐയുടെ ജില്ല കമ്മിറ്റിയുടെ കാറ് ഇനി പാർട്ടി രൂപവത്കരണ വർഷവുമായി നേതാക്കളെയും വഹിച്ച് പായും. വാഹനം സ്കോർപിയോ. നമ്പർ കെ.എൽ. 14. എ.ജി. 1925. സി.പി.ഐക്ക് സ്വന്തമായി കാറില്ലാത്ത ഏക ജില്ലയായിരുന്നു കാസർകോട്. ഈ പ്രശ്നം പരിഹരിക്കാൻ ഇത്തവണ കാർ വാങ്ങാൻ തീരുമാനിച്ചു.
സ്കോർപിയോ തന്നെ വാങ്ങി. 18ലക്ഷം രൂപ ചെലവിൽ. ആഡംബരമില്ലാത്ത ബേസിക് മോഡൽവണ്ടി. എ.സിയുണ്ട്. എന്നാൽ നമ്പർ സംബന്ധിച്ച കൗതുകം പാർട്ടിയിൽ അവതരിപ്പിച്ചത് ജില്ല അസി. സെക്രട്ടറിമാരായ എം.അസിനാറും വി. രാജനുമാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപവത്കരിച്ച വർഷം എന്ന് സി.പി.ഐ പറയുന്ന 1925 ആണത്.
സി.പി.എമ്മിന്റെ കണക്കിൽ നിന്ന് വ്യത്യസ്തമാണത്. 1920 താഷ്‍കന്റിൽ രൂപവത്കരിച്ചുവെന്ന് സി.പി.എം പറയുമ്പോൾ 1925 ഡിസംബർ 26 ന് കാൺപൂരിലാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപവത്കരിച്ചത് എന്നാണ് സി.പി.ഐ പറയുന്നത്. ഇപ്പോൾ നടക്കുന്ന ജില്ല സമ്മേളനങ്ങൾക്കൊപ്പം നൂറാംവാർഷികവും സി.പി.ഐ ആഘോഷിക്കുന്നുണ്ട്.
3000 രൂപ അടച്ചാണ് ബുക്ക് ചെയ്തിട്ടും താത്കാലിക പെർമിറ്റ് സമയമായ 45 ദിവസം കഴിഞ്ഞിട്ടും ഈ നമ്പർ ലഭിച്ചില്ല. രണ്ടുമാസംകൂടി പിന്നെയും ഓടി. ഇതിന് പിഴയായി 3000 രൂപ അടച്ചു. ആകെ ആറായിരം രൂപയാണ് അടച്ചത്. പാർട്ടി ജില്ല കമ്മിറ്റിയുടെ അനുമതിയോടെയാണ് നമ്പറിന് ചുറ്റിക്കറങ്ങിയതെന്ന് രാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.