ലോകത്തിലെ തന്നെ വാഹനപ്രേമികളുടെ സ്വപ്നവാഹനവുമായി ഇലോൺ മസ്ക്കിന്റെ ടെസ്‍ല 15ന് ഇന്ത്യയിലെ ത്തുന്നു. ബോളിവുഡിന്റെ നഗരമായ മുംബൈയിലാണ് ആദ്യ ഷോറൂം തുറക്കുന്നത്. ഇന്ത്യയിലെ അതിവേഗം വളരുന്ന ഇലക്ട്രിക് വാഹന (ഇ.വി) വിപണിയിൽ ദീർഘകാലമായി കാത്തിരുന്ന ടെസ്‌ലയുടെ പ്രവേശനമാണിത്.
മുംബൈ ഷോറൂമിൽനിന്ന് സന്ദർശകർക്ക് വില പരിശോധിക്കാനും വ്യത്യസ്ത മോഡലുകൾ താരതമ്യം ചെയ്യാനും അവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായവ തിരഞ്ഞെടുക്കാനും കഴിയും. അടുത്ത ആഴ്ച മുതൽ ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള കാറുകൾ ഓർഡർ ചെയ്യാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യക്കുവേണ്ടി ടെസ്‌ലയുടെ ആദ്യ ബാച്ച് കാറുകളായ ജനപ്രിയ മോഡൽ വൈ എസ്‌യുവികൾ ചൈനയിലെ ഫാക്ടറിയിൽനിന്ന് ഇതിനകം എത്തിയിട്ടുണ്ട്. ആഗസ്റ്റ് അവസാനത്തോടെ കാറുകൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജൂലൈ അവസാനത്തോടെ ന്യൂഡൽഹിയിൽ രണ്ടാമത്തെ ഷോറൂമും തുറക്കാൻ സാധ്യതയുണ്ടെന്ന് കൂട്ടിച്ചേർത്തു. ടെസ്‌ലയുടെ ഈ നീക്കം മറ്റു ഇ.വി നിർമാതാക്കൾക്ക് വെല്ലുവിളിയാവുമോ എന്നത് കണ്ടറിയേണ്ടതാണ്. യു.എസിലെ നികുതി ബില്ലിന്റെ പേരിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപും മസ്ക്കും തമ്മിലുണ്ടായ അഭിപ്രായ ഭിന്നത ടെസ്‍ലയുടെ വിൽപനയെ കാര്യമായി ബാധിച്ചിരുന്നു. കൂടാതെ ചൈനീസ് കാർ നിർമാതാവായ ഷവോമിയുടെ പുതിയ എസ്‍യു സെവണും ടെസ്‍ലയുടെ ഉറക്കം കെടുത്തുന്നതാണ്.
മറ്റ് രാജ്യങ്ങളിലെ ടെസ്‍ലയുടെ വിൽപ്പനയിലുണ്ടായ ഇടിവും ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയായ ഇന്ത്യയിലേക്ക് വരാനായി പ്രേരിപ്പിക്കുന്നു. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളോടുള്ള താൽപര്യം വർധിക്കുകയാണ്, പക്ഷേ ഉയർന്ന ഇറക്കുമതി തീരുവ ഇപ്പോഴും അവയെ ചെലവേറിയതാക്കുന്നു.
ടെസ്‍ലയുടെ ജനപ്രിയ മോഡലും ഏറ്റവുമധികം വിറ്റഴിയുന്ന കാറായ വൈ മോഡലിന് ഇന്ത്യൻ വിപണിയിൽ 35 ലക്ഷം അടിസ്ഥാനവിലയും ഇറക്കുമതി തീരുവ 70 ശതമാനവും അധികം നൽകേണ്ടിവരും. മുംബൈ ടെസ്‍ല ഷോറൂമിന്റെ ആദ്യ ആഴ്ചകൾ വൻവ്യവസായ പ്രമുഖർക്ക് വേണ്ടി മാത്രമായിരിക്കും തുറക്കുക. ഇതിൽ ടെസ്‌ല ഇതുവരെ ഔദ്യോഗികമായി ഒരു അഭിപ്രായം പറഞ്ഞിട്ടില്ല. എന്നാൽ വർഷങ്ങളായി കാത്തിരിക്കുന്ന ഇന്ത്യൻ ഇ.വി ആരാധകർക്ക് ടെസ്‌ലയുടെ വരവ് സ്വപ്നതുല്യമായ ഒന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.