രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കിക്കും ഹ്യൂണ്ടായിക്കും ടാറ്റ മോട്ടോഴ്സിനും ജൂണിൽ ആഭ്യന്തര വിൽപനയിൽ വൻ ഇടിവ്. അതേസമയം മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൊയോട്ട, എം.ജി മോട്ടോർ എന്നിവ വിൽപനയിൽ വർധനവുണ്ടാക്കി.
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി കഴിഞ്ഞമാസം പുറത്തിറക്കിയ യാത്രാ വാഹനങ്ങൾ 1,18,906 ആണ്. കഴിഞ്ഞ വർഷം ജൂണിൽ ഇത് 1,37,160 ആയിരുന്നു. ഇടിവ് 13 ശതമാനം. സാധാരണ ഗതിയിൽ രാജ്യത്തിന്റെ സമ്പദ്ഘടനയുടെ വളർച്ചക്കനുസരിച്ച് കാർ വിൽപന നടക്കാറുണ്ട്. ജി.ഡി.പി വളർച്ചാനിരക്കിന്റെ ഒന്നര മടങ്ങ് അധികം വിൽപന ഉണ്ടാവാറുണ്ടെന്ന് മാരുതി സീനിയർ എക്സിക്യൂട്ടിവ് ഓഫിസർ രാഹുൽ ഭാരതി പറഞ്ഞു. എന്നാൽ, ജി.ഡി.പി 6.5 ശതമാനം വളർച്ച നേടിയിട്ടും കാർ വിപണി പിന്നോട്ടാണ് പോകുന്നത്. ചെറിയ കാറുകളുടെ വിൽപനയിലാണ് ഏറെ ഇടിവുണ്ടായിരിക്കുന്നത്.
ഹ്യൂണ്ടായിക്കുണ്ടായ ഇടിവ് 12 ശതമാനമാണ്. കഴിഞ്ഞ വർഷം ജൂണിൽ 50,103 വാഹനങ്ങൾ വിറ്റ സ്ഥാനത്ത് ഈ വർഷം 44,024 ആയി കുറഞ്ഞു. ആഗോള ഭൗമ-രാഷ്ട്രീയ സ്ഥിതിഗതികൾ വിപണിയെ ബാധിച്ചെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
ടാറ്റയുടെ വൈദ്യുതി വാഹനങ്ങൾ ഉൾപ്പെടെയുള്ള കാറുകൾ വിൽപനയിൽ 15 ശതമാനം ഇടിവ് ജൂണിൽ ഉണ്ടായി. 37,083 വാഹനങ്ങളാണ് ടാറ്റ വിറ്റത്. ഒരു വർഷം മുമ്പ് ഇത് 43,524 ആയിരുന്നു.
അതേസമയം മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വിൽപനയിൽ 18 ശതമാനം വർധിച്ചു. 40,022ൽ നിന്ന് 47,036 യൂനിറ്റായി. ടൊയോട്ടക്കും വിൽപന കൂടി. 2024 ജൂണിൽ 27,474 കാറുകൾ വിറ്റ സ്ഥാനത്ത് ഈ വർഷം ജൂണിൽ 28,869 ആയി. വർധന അഞ്ചു ശതമാനം. ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോറാണ് ശതമാനക്കണക്കിൽ ഏറ്റവും ഉയർന്ന വർധന രേഖപ്പെടുത്തിയത്. ജൂണിൽ 5829 കാറുകളാണ് വിറ്റതെങ്കിലും കഴിഞ്ഞവർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 21 ശതമാനം വർധനവാണ്.
ഇരുചക്ര വാഹനങ്ങളിൽ റോയൽ എൻഫീൽഡ് 16 ശതമാനവും ടി.വി.എസ് മോട്ടോർ 10 ശതമാനവും വർധനവുണ്ടാക്കി. റോയൽ എൻഫീൽഡ് 76,957 ഇരുചക്ര വാഹനങ്ങളാണ് ഒറ്റ മാസം വിറ്റത്. ടി.വി.എസ് 2,81,012 വാഹനങ്ങളും. അതേസമയം ബജാജ് ഓട്ടോയുടെ വിൽപനയിൽ 13 ശതമാനം ഇടിവുണ്ടായി. 1,88,460 ഇരുചക്ര വാഹനങ്ങളാണ് ഇക്കഴിഞ്ഞ ജൂണിൽ അവർ വിറ്റത്. കഴിഞ്ഞവർഷം ഇത് 2,16,451 എണ്ണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.