ലഖ്നോ: നിയമസഭയിൽ സംസാരിക്കുന്നതിനെ ചൊല്ലി യു.പി ബി.ജെ.പി എം.എൽ.എമാർ തമ്മിൽ തർക്കം. വർഷകാല സമ്മേളനത്തിനിടെയാണ് തർക്കമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതോടെ പരിഹാസവുമായി എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. മധുര എം.എൽ.എ രാജേഷ് ചൗധരിയും വാരണാസിയിൽ നിന്നുള്ള സൗരഭ് ശ്രീവാസ്തവയും തമ്മിലാണ് തർക്കമുണ്ടായത്. വിഷൻ 2047 പ്രൊജക്ടുമായി ബന്ധപ്പെട്ട ചർച്ചക്കിടെയായിരുന്നു ചർച്ച.
മറ്റ് എം.എൽ.എമാർ ഇടപെട്ടാണ് ഇരുവരും തമ്മിലുള്ള തർക്കത്തിന് അയവ് വരുത്തിയത്. തർക്കത്തിനിടെ ശ്രീവാസ്തവയുടെ അടുത്തേക്ക് പാഞ്ഞടുത്ത ചൗധരിയെ മറ്റ് എം.എൽ.എമാർ ചേർന്നാണ് പിടിച്ചുമാറ്റിയത്.
ബി.ജെ.പിക്ക് വേണ്ടി ആര് നിയമസഭയിൽ സംസാരിക്കുമെന്ന തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണം. വാരണാസി എം.എൽ.എ സംസാരിക്കാനായി സ്പീക്കറിന് മുമ്പാകെ പേര് നൽകിയിരുന്നില്ലെന്ന് ചൗധരി ആരോപിച്ചു. സംഭവത്തിന് പിന്നാലെ പരിഹാസവുമായി അഖിലേഷ് യാദവ് രംഗത്തെത്തി.
ഇരുവരും തമ്മിൽ തർക്കിക്കുന്നതിന്റെ വിഡിയോ അഖിലേഷ് യാദവ് എക്സ് അക്കൗണ്ടിലൂടെ പുറത്ത് വിട്ടു. ഇതുപോലെ പരുഷമായ പെരുമാറ്റമുള്ള നേതാക്കളെയാണോ നിങ്ങൾ പിന്തുണക്കുന്നതെന്ന് അഖിലേഷ് ബി.ജെ.പി നേതൃത്വത്തോട് ചോദിച്ചു. എന്നാൽ, അഖിലേഷ് യാദവിനെ വിമർശിച്ച് ബി.ജെ.പി എം.എൽ.എ ചൗധരി രംഗത്തെത്തി.
സമാജ്‍വാദി പാർട്ടിയും എം.പിയും അഖിലേഷിന്റെ ഭാര്യയുമായ ഡിംപിളിനെതിരെ മതപണ്ഡിതൻ മോശം പരാമർശം നടത്തിയപ്പോൾ അഖിലേഷ് എന്തുകൊണ്ടാണ് മൗനം പാലിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ടെലിവിഷൻ ചാനൽ ചർച്ചക്കിടെ ആൾ ഇന്ത്യ ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി പള്ളിയിൽ തലമറക്കാതെ സന്ദർശനം നടത്തിയ ഡിംപിളിനെ വിമർശിച്ചിരുന്നു. ഇക്കാര്യമാണ് ബി.ജെ.പി നേതാവ് ചൂണ്ടിക്കാട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.