ദീപാവലി സമ്മാനമായി ജി.എസ്.ടി പരിഷ്കരിക്കും; നിത്യോപയോഗ സാധനങ്ങൾക്ക് വില കുറയുമെന്നും മോദി

ന്യൂഡൽഹി: ദീപാവലി സമ്മാനമായി ജി.എസ്.ടി പരിഷ്കരണം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിത്യോപയോഗ സാധനങ്ങൾക്ക് വില കുറയുമെന്നും മോദി പറഞ്ഞു.

79ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘ഈ ദീപാവലിക്ക് നിങ്ങൾക്കെല്ലാവർക്കും ഒരു സമ്മാനമായി പുതുതലമുറ ജി.എസ്.ടി പരിഷ്കാരങ്ങൾ കൊണ്ടുവരും. സാധാരണ വസ്തുക്കളുടെ നികുതി ഗണ്യമായി കുറയും... ഇത് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് (എം.എസ്.എം.ഇ) വലിയ നേട്ടമാകും, നിത്യോപയോഗ വസ്തുക്കളുടെ വില കുറയും, നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തും’ -മോദി പറഞ്ഞു.

ആണവായുധം കാട്ടി പാകിസ്താൻ ഇന്ത്യയെ വിരട്ടേണ്ടെന്നും ഓപറേഷൻ സിന്ദൂറിനുശേഷം പാകിസ്താന് ഉറക്കം നഷ്ടപ്പെട്ടെന്നും മോദി പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് ഓപറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ചുട്ടമറുപടി നൽകി. ഇന്ത്യൻ സേനക്ക് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകി. തന്ത്രവും ലക്ഷ്യവും ആക്രമണത്തിന്‍റെ സമയവും സൈന്യമാണ് തീരുമാനിച്ചത്. സങ്കൽപ്പിക്കാനാവാത്ത കാര്യമാണ് സൈന്യം ചെയ്തത്. ശത്രുവിന്‍റെ മണ്ണിലേക്ക് നൂറുകണക്കിന് കിലോമീറ്ററുകളോളം കടന്നുകയറി ഭീകരരുടെ ആസ്ഥാനം തകർത്തു. പാകിസ്താനിലെ നാശം വളരെ വലുതായിരുന്നു.

പാകിസ്താന്‍റെ ആണവ ഭീഷണി ഇന്ത്യയോടു വേണ്ട, സിന്ധുനദി ജല കരാറിൽ പുനരാലോചനയില്ലെന്നും രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും മോദി ഓർമിപ്പിച്ചു. ഭീകരരെയും അവരെ പിന്തുണക്കുന്നവരെയും ഇന്ത്യ വേർതിരിച്ച് കാണില്ല. അയൽരാജ്യത്ത് നിന്ന് ഭാവിയിൽ എന്തെങ്കിലും അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ കടുത്ത തിരിച്ചടി നൽകും. രാജ്യം സ്വയം പര്യാപ്തത നേടി കഴിഞ്ഞു. ഏത് ഭീഷണിയും നേരിടാൻ രാജ്യം തയാറാണ്. ഇന്ത്യയുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിച്ചെന്നും മോദി കൂട്ടിച്ചേർത്തു.

രാജ്ഘട്ടിലെത്തി ഗാന്ധിസമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മോദി ചെങ്കോട്ടയിൽ എത്തിയത്. ആഘോഷത്തിന്റെ ഭാഗമായി തലസ്ഥാനമായ ഡൽഹിയിലും രാജ്യമെങ്ങും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തുടർച്ചയായ പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ് മോദി ഇന്ന് നടത്തുന്നത്. ചെങ്കോട്ടയിലും പരിസരത്തുമായി 11,000ലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും 3000 ട്രാഫിക്‌ പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.

Tags:    
News Summary - PM Modi promises more GST reforms, says daily-use items to get cheaper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.