മുംബൈ: അനധികൃത മണ്ണെടുപ്പ് തടയാനെത്തിയ മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥ അഞ്ജന കൃഷ്ണയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിൽ വിശദീകരണവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. സ്ഥിതിഗതികൾ ശാന്തമാക്കാനും കൂടുതൽ വഷളാകാതിരിക്കാനുമാണ് താൻ ഇടപെട്ടതെന്നും നിയമപാലകരെ തടയാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സോളാപൂരിലെ കർമല ഡെപ്യൂട്ടി സൂപ്രണ്ട് (ഡി.എസ്.പി) അഞ്ജനയെ ഫോണിലൂടെ അജിത് കുമാർ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് വലിയ വിവാദമായിരുന്നു.
പിന്നാലെയാണ് എക്സിലൂടെ അദ്ദേഹം വിശദീകരണം നൽകിയത്. സോളാപൂരിലെ കർമല ഗ്രാമത്തിൽ അനധികൃത മണ്ണ് ഖനനത്തിനെതിരെ നടപടിയെടുത്തതാണ് അജിത് പവാറിനെ ചൊടിപ്പിച്ചത്. തുടർന്ന് ഡി.എസ്.പിയെ മറ്റൊരാളുടെ ഫോണിൽ വിളിച്ച് ശാസിക്കാൻ ശ്രമിക്കുകയായിരുന്നു. മണ്ണെടുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചതിനെത്തുടർന്ന് പൊലീസ് സേനയുമായി അഞ്ജന സ്ഥലത്തെത്തുകയായിരുന്നു. എൻ.സി.പി നേതാവ് ബാബ ജഗ്താപ് സ്ഥലത്തെത്തി പൊലീസ് നടപടി നിർത്താൻ ഡി.എസ്.പിയോട് ആവശ്യപ്പെട്ടു. പിന്നാലെ, അജിത് പവാറിനെ തന്റെ ഫോണിൽ വിളിച്ച് അഞ്ജന കൃഷ്ണക്ക് കൈമാറി. ഇരുവരും സംസാരിക്കുന്നത് സമീപത്തുണ്ടായിരുന്ന മറ്റൊരാൾ വിഡിയോയിൽ ചിത്രീകരിച്ചതാണ് വൈറലായത്.
‘സോളാപൂരിലെ പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്ന എന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടു. നിയമപാലനത്തിൽ ഇടപെടാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമായി പറയട്ടെ. മറിച്ച്, സ്ഥിതിഗതികൾ ശാന്തമാക്കാനും കൂടുതൽ വഷളാകാതിരിക്കാനുമാണ് ശ്രമിച്ചത്’ -അജിത് പവാർ എക്സിൽ കുറിച്ചു. നമ്മുടെ പൊലീസ് സേനയോടും വനിതകൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോടും വലിയ ബഹുമാനം പുലർത്തുന്നയാളാണ്. എല്ലാറ്റിനുമുപരി നിയമവാഴ്ചയെ വിലമതിക്കുന്നയാളും. സുതാര്യമായ ഭരണത്തിനൊപ്പമാണ്. മണൽ ഖനനം ഉൾപ്പെടെയുള്ള എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളും നിയമപ്രകാരം കർശനമായി കൈകാര്യം ചെയ്യണമെന്നാണ് തന്‍റെ നിലപാടെന്നും അജിത് കൂട്ടിച്ചേർത്തു. പ്രതിപക്ഷം അജിത്തിനെതിരെ രംഗത്തുവന്നിരുന്നു.
പാർട്ടിയിലെ കള്ളന്മാരെ സംരക്ഷിക്കാനായി അജിത് പവാർ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പൊലീസ് നടപടി നിർത്തിവെക്കാൻ പവാർ ഡി.എസ്.പിയോട് നിർദേശിക്കുന്നത് വിഡിയോയിൽ കേൾക്കാനാകും. “ഉപമുഖ്യമന്ത്രിയുടെ ഉത്തരവനുസരിച്ചാണ് നടപടി നിർത്തിയതെന്ന് തഹസിൽദാറോട് പറയൂ” -കൃഷ്ണയോട് പവാർ പറഞ്ഞു. എന്നാൽ, ‘ആരാണ് ഫോണിൽ സംസാരിക്കുന്നതെന്ന് എനിക്ക് എങ്ങനെ അറിയാൻ കഴിയും?’ -എന്നാണ് അഞ്ജന തിരിച്ച് ചോദിച്ചത്. ‘എന്റെ നമ്പറിൽ നേരിട്ട് വിളിക്കൂ’ എന്നും ഡി.എസ്.പി പറഞ്ഞു.
ഈ മറുപടി കേട്ടതോടെ പവാർ രോഷാകുലനായി. ‘നിനക്ക് ഇത്ര ധൈര്യമുണ്ടോ? ഞാൻ നിനക്കെതിരെ നടപടിയെടുക്കും. ഞാൻ നിന്നോട് സംസാരിക്കുമ്പോൾ നേരിട്ട് വിളിക്കാൻ ആവശ്യപ്പെടുകയാണോ? നിനക്ക് എന്നെ കാണണോ? എന്റെ നമ്പർ എടുത്ത് വാട്ട്‌സ്ആപ്പ് കോൾ ചെയ്യൂ. നിനക്കെങ്ങനെ ധൈര്യം വന്നു?’ -പവാർ കടുത്ത സ്വരത്തിൽ പറഞ്ഞു. മലയാളിയായ അഞ്ജന കൃഷ്ണ 2022-23 ബാച്ച് ഉദ്യോഗസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.