ഭോപാൽ: ആദിവാസികൾ ഹിന്ദു വിഭാഗത്തിൽ ഉൾപ്പെടില്ലെന്ന് മധ്യപ്രദേശിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതവുമായ ഉമാങ് സിംഹാർ. ആദിവാസികൾക്കുമേൽ ഹിന്ദുത്വം അടിച്ചേൽപ്പിക്കാൻ ബി.ജെ.പിയും ആർ.എസ്.എസും ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചിന്ദ്‌വാഡ ജില്ലയിൽ ആദിവാസി വികസന കൗൺസിൽ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സിംഹാർ.
ആദിവാസികൾ ഹിന്ദുക്കളല്ലെന്ന് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്. ഇത് എന്‍റെ വിശ്വാസം മാത്രമല്ല, മറിച്ച് ഗോത്രസമൂഹത്തിന്റെ വികാരം കൂടിയാണ്. ആദിവാസികളാണ് രാജ്യത്തെ യഥാർത്ഥ നിവാസികളെന്ന് ചരിത്രം തെളിയിക്കുന്നതാണ്. എന്നാൽ ആർ.എസ്.എസും ബി.ജെ.പിയും ഗോത്രവിഭാഗക്കാരെ അവരുടെ പാരമ്പര്യങ്ങൾ പിന്തുടരുന്നതിൽനിന്ന് തടയാൻ ശ്രമിക്കുകയാണ് -അദ്ദേഹം കുറ്റപ്പെടുത്തി. ആദിവാസികൾക്ക് സ്വന്തമായ ആചാരങ്ങളും സംസ്കാരവും ജീവിതരീതികളുമുണ്ട്. ഞങ്ങൾ വിളകളെയും വൃക്ഷങ്ങളെയും പ്രകൃതിയെയും ആരാധിക്കുന്നതിൽ ബി.ജെ.പിക്കും ആർ.എസ്.എസിനും എന്താണ് പ്രശ്നം? -അദ്ദേഹം ചോദിച്ചു.
ഈ വിമർശനങ്ങൾക്ക് മറുപടിയുമായി മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മോഹൻ യാദവ് രംഗത്തെത്തി. കോൺഗ്രസ് എപ്പോഴും ഹിന്ദുക്കൾക്കും ഹിന്ദുത്വത്തിനും എതിരെയാണ് പ്രവർത്തിക്കുന്നതെന്ന് മോഹൻ യാദവ് വിമർശിച്ചു. കോൺഗ്രസ് നേതാവിന്റെ പ്രസ്താവന വെറും കുട്ടിക്കളിയാണ്. സിംഹാറിന്റെ വാദം ലജ്ജാകരമാണ്. കോൺഗ്രസ് നേതാക്കൾ ഹിന്ദുത്വത്തെ ചോദ്യം ചെയ്യുന്നത് തുടർന്നാൽ പൊതുജനം പൊറുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹിക സൗഹാർദത്തിനും ഐക്യത്തിനും അപകടകരമായ പ്രസ്താവനയാണ് പ്രതിപക്ഷ നേതാവ് നടത്തിയത് എന്ന് ഗോത്രകാര്യ സഹമന്ത്രി ഡി.ഡി. ഉയികെ പറഞ്ഞു. ഇത്തരം പ്രസ്താവനകളിലൂടെ സിംഹാർ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പ്രസ്താവന പിൻവലിച്ച് സിംഹാർ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയം പിന്തുടർന്ന് രാജ്യത്തെ തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന കാര്യം ജനങ്ങൾക്ക് പൂർണമായി ബോധ്യപ്പെട്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ഹിതാനന്ദ് ശർമ്മ എക്‌സിൽ കുറിച്ചു.
ഇന്ത്യയിൽ ഏറ്റവുമധികം ഗോത്രവർഗക്കാർ താമസിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. സംസ്ഥാന ജനസംഖ്യയുടെ 21 ശതമാനത്തിലധികവും ഗോത്രവിഭാഗങ്ങളാണ്. അതിൽ ഭീൽ ഉൾപ്പെടെ നിരവധി സമുദായങ്ങൾ ഉൾപ്പെടുന്നുണ്ട്. നാലാം തവണയും എം.എൽ.എ ആയ കോൺഗ്രസ് നേതാവ് ഉമാങ് സിംഹാർ ഭീൽ സമുദായംഗമാണ്. അതിനാൽ ഗോത്രവിഭാഗങ്ങളുടെ സ്വത്വത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയം മധ്യപ്രദേശിൽ നിർണായകമാണ്. മൊത്തം 230 നിയമസഭാ മണ്ഡലങ്ങളിൽ 47 എണ്ണം പട്ടികവർഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്തതിനാൽ പ്രതിപക്ഷ നേതാവിന്റെ ഈ പ്രസ്താവനക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.