ധർമസ്ഥല തിരോധാന കേസ്: ലോറി ഉടമ മനാഫിന് എസ്.ഐ.ടി നോട്ടീസ്

കോഴിക്കോട്: ധർമസ്ഥല തിരോധാന കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി കോഴിക്കോട് സ്വദേശി മനാഫിന് നോട്ടീസ് അ‍യച്ചു. ധർമസ്ഥലയിലെ ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട് രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ ചെയർമാനായ മനാഫിനോട് ഇന്ന് രാവിലെ 10ന് എസ്.ഐ.ടി ഓഫീസിൽ ഹാജരാകണമെന്നാണ് ജിതേന്ദ്രകുമാർ ഐ.പി.എസ് നൽകിയ നിർദേശം.

ഇലക്ട്രോണിക് തെളിവുകളടക്കം എല്ലാ രേഖകളും സഹിതം ഹാജരാകണമെന്നും അല്ലെങ്കിൽ കടുത്ത ശിക്ഷ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

ഒരു വർഷം മുൻപ് ഷിരൂരിൽ മണ്ണിടിച്ചിലിൽ മലയാളി ലോറി ഡ്രൈവർ അർജുൻ മരണപ്പെട്ടതോടെയാണ് മനാഫ് വാർത്തകളിൽ നിറയുന്നത്. മനാഫിന്റെ ഉടമസ്ഥതയിലുള്ള ലോറി ഉൾപ്പെടെയാണ് കോഴിക്കോട് സ്വദേശിയായ ഡ്രൈവർ അർജുനെ കാണാതാവുന്നത്. മാസങ്ങളോളം നീണ്ട തിരച്ചിലിനൊടുവിൽ സമീപത്തെ ഗംഗാവാലി പുഴയിൽനിന്ന് ലോറിക്കുള്ളിൽ അകപ്പെട്ട നിലയിൽ അർജുന്റെ മൃതദേഹം കണ്ടെടുക്കുകന്നത്. മനാഫ് ഉൾപ്പെടെയുള്ളവരുടെ നിരന്തര ഇടപെടലുകളെ തുടർന്നാണ് നിരവധി തവണ നിർത്തിവെച്ച തിരച്ചിൽ പുനരാരംഭിക്കുന്നതും മൃതദേഹം കണ്ടെത്തുന്നതും.

സംഭവസ്ഥലത്തിനടുത്ത് വാടകവീടെടുത്ത് താമസിച്ചാണ് അര്‍ജുനുവേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായത്. 2024 ജൂലൈ 16ന് അപകടത്തിൽപെട്ട അർജുന്റെ മൃതദേഹം ഏകദേശം രണ്ടര മാസത്തിനുശേഷം സെപ്റ്റംബര്‍ 25നാണ് കണ്ടെത്തുന്നത്. 12 അടി താഴ്ചയിലായിരുന്ന ലോറി ക്രെയിന്‍ ഉപയോഗിച്ചാണ് ഉയര്‍ത്തി കരയ്‌ക്കെത്തിച്ചത്.

ധര്‍മസ്ഥലയിലെ കൂട്ട ശവസംസ്കാരവുമായി ബന്ധപ്പെട്ട മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലും തുടർന്ന് പ്രദേശത്ത് തിരച്ചിലും തുടങ്ങിയപ്പോഴാണ് മനാഫ് വീണ്ടും വാർത്തകളിൽ നിറയുന്നത്. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുണ്ട് എന്ന് ആരോപിച്ച് രംഗത്ത് വന്ന മനാഫ് നിരവധി വീഡിയോകള്‍ മനാഫ് പങ്കുവെച്ചിരുന്നു. 

ധർമസ്ഥല കേസ്: എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് സന്യാസിമാർ അമിത് ഷായെ കണ്ടു

മംഗളൂരു: ‘സനാതൻ സന്ത് നിയോഗ’ എന്ന പേരിൽ കർണാടകയിൽനിന്നുള്ള വിവിധ മഠാധിപതികൾ വ്യാഴാഴ്ച ന്യൂഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിച്ച് ധർമസ്ഥല കേസ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. എല്ലാ സംഭവവികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും മന്ത്രിസഭ യോഗത്തിന് ശേഷം തീരുമാനമെടുക്കുമെന്നും ഷാ ഉറപ്പ് നൽകിയതായും സംഘത്തെ നയിച്ച രാജശേഖരാനന്ദ സ്വാമി പറഞ്ഞു.

‘ധർമസ്ഥലയിലെ കാര്യങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രിയെ ഞങ്ങൾ അറിയിച്ചു. എൻ.ഐ.എ അന്വേഷണം സംബന്ധിച്ച അദ്ദേഹത്തിന്റെ ഉറപ്പിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഇന്ത്യക്കകത്തും പുറത്തും നല്ല ബന്ധമുള്ള ചില നിക്ഷിപ്ത താൽപര്യക്കാർ ഹിന്ദു വിശ്വാസങ്ങളുടെയും മതങ്ങളുടെയും ക്ഷേത്രങ്ങൾക്ക് ചീത്തപ്പേരുണ്ടാക്കാൻ ഭക്തർക്കിടയിൽ അരക്ഷിതാവസ്ഥയും ഭയവും വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഒരു വലിയ തന്ത്രത്തെക്കുറിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ഞങ്ങളുടെ പ്രതിനിധി സംഘം ശ്രമിച്ചു’ -സ്വാമി പറഞ്ഞു.

മതസ്ഥാപനങ്ങൾക്കെതിരായ തെറ്റായ വിവരങ്ങളും വിദ്വേഷ പ്രസംഗങ്ങളും തടയുന്നതിന് ലക്ഷ്യമിട്ടുള്ള പുതിയ നിയമനിർമാണത്തിനുള്ള പദ്ധതികളും ഷാ സൂചിപ്പിച്ചതായി സ്വാമി അറിയിച്ചു. പൊതുജന സംവേദനക്ഷമത വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ സഹായിക്കാൻ ഷാ പ്രേരിപ്പിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന യൂട്യൂബർമാർക്ക് വിദേശ ധനസഹായം ലഭിച്ചുവെന്ന അവകാശവാദങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചുവരികയാണെന്ന് ഷാ തങ്ങളോട് പറഞ്ഞു.

 

Tags:    
News Summary - Dharmasthala mass burial case: SIT notice to lorry owner Manaf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.