ബെംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജെയിലിൽ നിന്ന് ബെല്ലാരി ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കന്നഡ നടൻ ദർശൻ തൂഗുദീപ സമർപ്പിച്ച അപേക്ഷ കോടതി തള്ളി. ബെംഗളൂരുവിലെ 57-ാമത് സി.സി.എച്ച് കോടതിയാണ് അപേക്ഷ തള്ളിയത്.
കോടതിക്ക് മുമ്പാകെ വീഡിയോ കോൺഫറൻസ് മുഖേനയാണ് ദർശനെ ഹാജരാക്കിയത്. കോടതിയിൽ നടൻ വികാരാധീനനയായി. ‘എനിക്ക് ആർക്കും ഒന്നും വേണ്ട. അൽപം വിഷം തന്നാൽ മതി. ഒരുമാസത്തോളമായി സൂര്യവെളിച്ചം കണ്ടിട്ട്. എന്റെ കൈകളിൽ ഫംഗസ് ബാധയുണ്ടായിട്ടുണ്ട്. ജീവിതം അസഹനീയമാവുന്നു’- ദർശൻ പറഞ്ഞു. എന്നാൽ, ഇത്തരം കാര്യങ്ങൾ പറയാൻ അനുവാദമില്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി നടനോട് നിശബ്ദനായിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
അതേസമയം, നടന് ജയിലിനുള്ളിൽ നടക്കുവാൻ അനുമതിക്കൊപ്പം, മാനുവൽ അനുസരിച്ച് കിടക്കയും കൂടുതൽ തലയിണകളും ബെഡ്ഷീറ്റും അനുവദിക്കാനും കോടതി നിർദേശം നൽകി.
ജയിൽ നിയമങ്ങൾ ലംഘിച്ചിട്ടില്ലാത്തതിനാൽ നടനെ ബെംഗളൂരുവിലെ സെൻട്രൽ ജയിലിൽ തന്നെ പാർപ്പിക്കാമെന്നും കോടതി നിരീക്ഷിച്ചു. സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ച ചിത്രദുർഗ സ്വദേശിയായ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിലാണ് ദർശൻ അറസ്റ്റിലായത്.
131 ദിവസം ജയിലിൽ കഴിഞ്ഞതിന് പിന്നാലെ, 2024 ഒക്ടോബർ 30ന് കർണാടക ഹൈകോടതി ദർശന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. പിന്നാലെ, ഡിസംബർ 13ന് കോടതി ദർശനും പവിത്ര ഗൗഡയ്ക്കും സ്ഥിരം ജാമ്യവും അനുവദിച്ചു. എന്നാൽ, ഇതിനെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു. തുടർന്ന് ഓഗസ്റ്റ് 14 ന് ഹൈകോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. നിലവിൽ ബെല്ലാരി ജയിലിലേക്ക് മാറ്റണമെന്നാണ് ദർശന്റെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.