സി.പി. രാധാകൃഷ്ണൻ
ന്യൂഡൽഹി: പ്രതിപക്ഷ എം.പിമാരും മുന്നണി മാറി വോട്ടുചെയ്ത തെരഞ്ഞെടുപ്പിൽ ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി ബി.ജെ.പി നേതാവും മഹാരാഷ്ട്ര ഗവർണറുമായ സി.പി രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പിൽ പങ്കെടുത്ത 768 എം.പിമാരിൽ 452 പേർ എൻ.ഡി.എ സ്ഥാനാർഥിയായ സി.പി രാധാകൃഷ്ണന് വോട്ടുചെയ്തപ്പോൾ 300 വോട്ടുകൾ മാത്രമാണ് ഇൻഡ്യ സ്ഥാനാർഥിയായ റിട്ട. ജസ്റ്റിസ് സുദർശൻ റെഡ്ഢിക്ക് കിട്ടിയത്. 15 വോട്ടുകൾ അസാധുവായെന്നും ഏക പോസ്റ്റൽ ബാലറ്റിൽ ഒരു സ്ഥാനാർഥിക്കും വോട്ടില്ലായിരുന്നുവെന്നും വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി മോദി അറിയിച്ചു.
ഇരു സ്ഥാനാർഥികളെയും പിന്തുണച്ച പാർട്ടികളുടെ വോട്ട് കണക്കിലെടുത്താൽ 438 വോട്ടുകൾ ഉറപ്പിച്ച സി.പി രാധാകൃഷ്ണന് 14 വോട്ടുകൾ കുടുതൽ കിട്ടിയപ്പോൾ 327 വോട്ട് കിട്ടേണ്ടിയിരുന്ന ജസ്റ്റിസ് സുദർശൻ റെഡ്ഢിക്ക് 300 വോട്ട് മാത്രമാണ് ലഭിച്ചത്. ഇൻഡ്യ സഖ്യകക്ഷികളുടെ 315 വോട്ടുകളും പോൾ ചെയ്തുവെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ് ചെയ്തിരുന്നു. ഇൻഡ്യ സഖ്യത്തിന്റെ സ്ഥാനാർഥിക്ക് പുറത്തുനിന്ന് പിന്തുണ നൽകിയ ആം ആദ്മി പാർട്ടിയുടെ 12 എം.പിമാരെ കൂട്ടാതെയുള്ള കണക്കായിരുന്നു 315.
എന്നാൽ അത് പോലും റെഡ്ഢിക്ക് കിട്ടാതിരുന്നത് കോൺഗ്രസിനും ഇൻഡ്യക്കും നാണക്കേടായി. അസാധുവായ 15 വോട്ടുകളും ഇൻഡ്യ സഖ്യത്തിന്റേതാണെന്ന് കരുതിയാൽ പോലും ആപിലെ വിമത രാജ്യസഭാംഗം സ്വാതി മലിവാൾ ഒഴികെയുള്ള 11 വോട്ടുകൾ അടക്കം 311 വോട്ടുകളെങ്കിലും റെഡ്ഢിക്ക് കിട്ടേണ്ടതാണ്. അതുണ്ടായില്ലെന്ന് മാത്രമല്ല, സി.പി രാധാകൃഷ്ണന് വൈ.എസ്.ആർ.സി.പിയുടെ വോട്ടുകളടക്കമുള്ള 438 വോട്ടിന് പുറമെ 14 വോട്ടുകൾ കുടുതൽ കിട്ടുകയും ചെയ്തു.
കേന്ദ്ര സർക്കാറുമായി ഉടക്കി ജഗ്ദീപ് ധൻഖറിന് അപ്രതീക്ഷിതമായി രാജിവെക്കേണ്ടി വന്നതിനെ തുടർന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. വോട്ടുചെയ്യാതിരുന്ന 13 പേരിൽ വിട്ടു നിൽക്കുമെന്ന് മുൻകൂട്ടി പ്രഖ്യാപിച്ച തെലങ്കാനയിലെ ബി.ആർ.എസിന്റെ ഏഴും ഒഡിഷയിലെ ബി.ജെ.ഡിയുടെ നാലും പഞ്ചാബിലെ ശിരോമണി അകാലിദളിന്റെ ഒന്നും എം.പിമാരുണ്ട്. ഇവർക്ക് പുറമെ രണ്ട് സ്വതന്ത്രരും വിട്ടു നിന്നു.
ചെറുപ്പം മുതൽ ആർ.എസ്.എസ് പ്രവർത്തകനാണ് സി.പി. രാധാകൃഷ്ണൻ. 1957 മേയ് നാലിന് തമിഴ്നാട്ടിലെ തിരുപ്പൂരിൽ സി.കെ. പൊന്നു സാമിയുടെയും കെ. ജാനകിയുടെയും മകനായാണ് ജനനം. വി.ഒ ചിദംബരം കോളജിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയ ശേഷമാണ് മുഴുസമയ ആർ.എസ്.എസ് പ്രവർത്തകനായത്. പിന്നീട് പൊളിറ്റിക്കൽ സയൻസിൽ പിഎച്ച്.ഡി എടുത്തു.
1974ൽ ഭാരതീയ ജനസംഘം സംസ്ഥാന നിർവാഹക സമിതി അംഗമായി. ജനസംഘത്തിനും ജനതാ പാർട്ടിക്കും ശേഷം രൂപവത്കരിച്ച ബി.ജെ.പിയിലും അംഗമായി. 1996ൽ ബി.ജെ.പി തമിഴ്നാട് ഘടകം സെക്രട്ടറിയായി. 1998ലും 1999ലും കോയമ്പത്തൂരിൽനിന്ന് ബി.ജെ.പി ടിക്കറ്റിൽ വിജയിച്ച് പാർലമെൻറ് അംഗമായി. ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെ പാർലമെൻററി സമിതി അധ്യക്ഷൻ, പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള സമിതി അംഗം, ധനകാര്യ കൂടിയാലോചന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഓഹരി കുംഭകോണം അന്വേഷിച്ച പാർലമെൻററി സമിതിയിലും അംഗമായിരുന്നു. 2004ൽ പാർലമെൻററി പ്രതിനിധി സംഘത്തിന്റെ ഭാഗമായി യു.എൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്തു.
2016 കയർ ബോർഡ് ചെയർമാനായി കൊച്ചിയിൽ പ്രവർത്തിച്ച രാധാകൃഷ്ണൻ നാലുവർഷം ഈ പദവിയിൽ തുടർന്നു. 2020 മുതൽ 2022 വരെ ബി.ജെ.പി കേരളത്തിന്റെ സംഘടനാ ചുമതലയുണ്ടായിരുന്നു. ബി.ജെ.പി തമിഴ്നാട് സംസ്ഥാന പ്രസിഡന്റായിരുന്നു (2004 -2007). ഡി.എം.കെ, എൻ.ഡി.എ സഖ്യം വിട്ടപ്പോൾ എ.ഐ.എ.ഡി.എം.കെയെ എൻ.ഡി.എയിലേക്ക് കൊണ്ടുവരുന്നതിൽ പങ്കുവഹിച്ചു. 2023 ഫെബ്രുവരി 18ന് ഝാർഖണ്ഡ് ഗവർണറായി. 2024 ജൂലൈ 31ന് മഹാരാഷ്ട്ര ഗവർണറായി നിയമിതനായി. ഇതിനിടയിൽ തെലങ്കാന ഗവർണറുടെയും പുതുച്ചേരി ലെഫ്. ഗവർണറുടെയും ചുമതല വഹിച്ചു. ഭാര്യ: ആർ. സുമതി. ഒരു മകനും മകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.