കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി
കാഠ്മണ്ഡു: സമൂഹ മാധ്യമ നിരോധനത്തിൽ പ്രതിഷേധിച്ച് നേപ്പാളിൽ പുതുതലമുറയുടെ (ജനറേഷൻ സി-‘ജെൻ സി’) പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി. അടിയന്തര ഘട്ടത്തിൽ ബന്ധപ്പെടാനുള്ള ടെലിഫോൺ നമ്പർ ഔദ്യോഗിക എക്സ് പേജിലൂടെ ഇന്ത്യൻ എംബസി പുറത്തുവിട്ടു. അടിയന്തര സഹായത്തിനോ നിർദേശത്തിനോ +977 – 980 860 2881, +977 – 981 032 6134 എന്ന നമ്പരിൽ ബന്ധപ്പെടണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
നേപ്പാൾ സർക്കാറിന്റെ സമൂഹ മാധ്യമ നിരോധനത്തിൽ പ്രതിഷേധിച്ചാണ് ‘ജെൻ സി’ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. തിങ്കളാഴ്ച പാർലമെന്റ് മന്ദിരത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രക്ഷോഭകർക്കു നേരെ പൊലീസ് കണ്ണീർ വാതകവും റബർ ബുള്ളറ്റും പ്രയോഗിച്ചു. ഉച്ച മുതൽ രാത്രി 10 വരെ പാർലമെന്റ് പരിസരം ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ‘ജെൻസി ’ എന്ന ബാനറിൽ തെരുവിലിറങ്ങിയ പ്രക്ഷോഭകരെ നേരിടാൻ സൈന്യത്തെ വിന്യസിച്ചു. യൂനിഫോമിലുള്ള സ്കൂൾ, കോളജ് വിദ്യാർഥികൾ ഉൾപ്പെടെ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നുണ്ട്.
സെപ്റ്റംബർ നാലിനാണ് ഫേസ്ബുക്ക്, വാട്സ്ആപ്, എക്സ് എന്നിവയുൾപ്പെടെ 26 സമൂഹ മാധ്യമങ്ങൾ സർക്കാർ നിരോധിച്ചത്. ദുരുപയോഗം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് രജിസ്റ്റർ ചെയ്യണമെന്ന നിർദേശം പാലിക്കാതിരുന്നതിനാണ് നടപടിയെന്ന് സർക്കാർ പറയുന്നു. വ്യാജ അക്കൗണ്ടുകൾ വഴി ചിലർ വിദ്വേഷ പരാമർശങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുകയാണെന്നും കുറ്റകൃത്യങ്ങൾ നടത്തുകയാണെന്നുമാണ് സർക്കാർ ആരോപണം. എന്നാൽ, അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാർ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തുകയാണെന്ന് പ്രക്ഷോഭകർ ആരോപിച്ചു.
പാർലമെന്റിന് സമീപം പ്രഖ്യാപിച്ച കർഫ്യൂ പിന്നീട് പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫിസുകളും വസതികളും സ്ഥിതി ചെയ്യുന്ന കാഠ്മണ്ഡുവിലെ സിംഗ ദർബാർ പ്രദേശത്തേക്കും വ്യാപിപ്പിക്കുകയായിരുന്നു. രാജ്യത്തിന്റെ ദക്ഷിണ മേഖലയിലെ ബിരാത്നഗർ, ഭരത്പൂർ, ലോകത്തെ 10ാമത്തെ ഉയരംകൂടിയ പർവതമായ പടിഞ്ഞാറൻ നേപ്പാളിലെ അന്നപൂർണ പർവതത്തിലേക്കുള്ള പ്രവേശന കവാടമായ പൊഖാറ എന്നിവിടങ്ങളിലും പ്രക്ഷോഭം അരങ്ങേറി.
19 പേരുടെ മരണത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രമേഷ് ലേഖക് ഇന്നലെ രാജിവെച്ചു. കൂടാതെ, പ്രധാനമന്ത്രി കെ.പി ശർമ ഒലി, കൃഷി മന്ത്രി രാംനാഥ് അധികാരി, ജലവിതരണ മന്ത്രി പ്രദീപ് യാദവ്, സർക്കാറിന്റെ ഭാഗമായ നേപ്പാൾ കോൺഗ്രസ് ശേഖർ കൊയ് രാള വിഭാഗം മന്ത്രിമാർ എന്നിവർ ഇന്ന് രാജിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.