സൂ ഫെയ്ഹോങ്
ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്ക് ചുമത്തിയ 50 ശതമാനം തീരുവയെന്ന വെല്ലുവിളി നേരിടാൻ ഇന്ത്യയും ചൈനയും സാമ്പത്തിക ബന്ധം വർധിപ്പിക്കണമെന്ന് ചൈനീസ് അംബാസഡർ സൂ ഫെയ്ഹോങ്. അന്യായവും യുക്തിയില്ലാത്തതുമായ തീരുവ ചുമത്തുന്നതിനെ ചൈന ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ചൈനയും ഭീകരതയുടെ ഇരകളാണെന്നും വെല്ലുവിളിയെ നേരിടാൻ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന തയാറാണെന്നും സൂ അഭിപ്രായപ്പെട്ടു. ജപ്പാനെതിരായ ചൈനയുടെ വിജയത്തിന്റെ 80ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ചൈനീസ് അംബാസഡറുടെ പ്രതികരണം.
ഒരുതരം ആയുധമായി തീരുവയെ യു.എസ് ഉപയോഗിക്കുകയാണ്. ഇന്ത്യയും ചൈനയും സാമ്പത്തിക സഹകരണം വർധിപ്പിക്കണം. നമുക്ക് 2.8 ബില്യൺ ജനങ്ങളും വലിയ സമ്പദ്വ്യവസ്ഥയും വിപണികളുമുണ്ട്. കഠിനാധ്വാനികളായ ജനങ്ങളുമുണ്ട്. ഇരു സമ്പദ്വ്യവസ്ഥകളും പരസ്പര പൂരകമാണെന്നും അദ്ദേഹം പറഞ്ഞു. അതിർത്തി പ്രശ്നങ്ങളിൽ ഇന്ത്യയും ചൈനയും സമവായത്തിലെത്തിയിട്ടുണ്ടെന്നും ഉഭയകക്ഷി ബന്ധത്തെ മൂന്നാം കക്ഷി ബാധിച്ചിട്ടില്ലെന്നും പാകിസ്താനെ പരാമർശിച്ച് സൂ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.