ഇസ്രായേൽ ആക്രമണം: ഖത്തർ ആഭ്യന്തര സുരക്ഷാ സേനാംഗം കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആഭ്യന്തര സുരക്ഷാ സേനയിലെ (ലെഖ്‌വിയ) അംഗമായ വാറന്റ് കോർപറൽ ബദർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ ദൊസരി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഹമാസിന്‍റെ നേതാക്കൾ താമസിക്കുന്ന ദോഹയിലെ റെസിഡൻഷൽ ആസ്ഥാനം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ഗസ്സ വെടിനിർത്തൽ ചർച്ചകൾ ദോഹയിൽ നടക്കുന്നതിനിടെയാണ് ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ അംഗങ്ങളെ ലക്ഷ്യംവെച്ച് ആക്രമണമുണ്ടായത്.

ആക്രമണത്തിന് പിന്നാലെ സുരക്ഷാസേന, സിവിൽ ഡിഫൻസ്, ബന്ധപ്പെട്ട മറ്റ് വകുപ്പുകൾ എന്നിവ ഉടൻതന്നെ സംഭവസ്ഥലത്തെത്തി. എന്നാൽ, സ്ഥിതിഗതികൾ നിയന്ത്രിക്കാനും താമസക്കാരുടെയും മേഖലയിലെയും സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ആക്രമണം നടന്ന സ്ഥലത്ത് ആഭ്യന്തര സുരക്ഷാ സേനയുടെ സ്ഫോടകവസ്തു വിഭാഗം പരിശോധനയും സുരക്ഷാ നടപടികളും തുടരുന്നുണ്ട്. ഖത്തർ പൂർണമായും സുരക്ഷിതമാണെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. പൊതുജനം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകി. ഇസ്രായേലിന്‍റെ നടപടിയെ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ രംഗത്തുവന്നു. ഇസ്രായേലിന്‍റെ നടപടി ഭീരുത്വമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇസ്രായേൽ ഏറ്റെടുത്തിട്ടുണ്ട്. വ്യോമാക്രണം പൂർണമായും ഇസ്രായേൽ ഓപറേഷനാണെന്നാണ് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രതികരിച്ചത്. ഹമാസിന്‍റെ മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ട് ഇന്ന് നടത്തിയ സൈനിക നടപടി പൂർണമായും സ്വതന്ത്രമായ ഒരു ഇസ്രയേലി ഓപറേഷനായിരുന്നു. തുടങ്ങിയതും നടത്തിയതും ഇസ്രായേലാണ്. ഇതിന്‍റെ പൂർണ ഉത്തരവാദിത്വവും ഇസ്രായേലിനാണെന്നും എക്സിലെ കുറിപ്പിൽ പറയുന്നു. മുൻകൂട്ടി പദ്ധതിയിട്ട് നടത്തിയ ആക്രമണത്തെ കുറിച്ച് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് അറിവുണ്ടായിരുന്നെന്നും അദ്ദേഹം എല്ലാ പിന്തുണയും നൽകിയിരുന്നതായും ഇസ്രായേലി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

Tags:    
News Summary - Israeli attack: Qatari internal security force member killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.