‘ഖത്തറിലേത് നൂറു ശതമാനവും ഇസ്രായേൽ ഓപറേഷൻ’; ഇത് തുടക്കം മാത്രമെന്നും നെതന്യാഹു

ജറൂസലം: ഖത്തർ തലസ്ഥാനമായ ദോഹയിൽ നടത്തിയ വ്യോമാക്രണം പൂർണമായും ഇസ്രായേൽ ഓപറേഷനാണെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

ഹമാസിന്‍റെ മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ട് ഇന്ന് നടത്തിയ സൈനിക നടപടി പൂർണമായും സ്വതന്ത്രമായ ഒരു ഇസ്രയേലി ഓപറേഷനായിരുന്നു. തുടങ്ങിയതും നടത്തിയതും ഇസ്രായേലാണ്. ഇതിന്‍റെ പൂർണ ഉത്തരവാദിത്വവും ഇസ്രായേലിനാണെന്നും എക്സിലെ കുറിപ്പിൽ പറയുന്നു. മുൻകൂട്ടി പദ്ധതിയിട്ട് നടത്തിയ ആക്രമണത്തെ കുറിച്ച് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് അറിവുണ്ടായിരുന്നെന്നും അദ്ദേഹം എല്ലാ പിന്തുണയും നൽകിയിരുന്നതായും ഇസ്രായേലി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. രണ്ടു ദിവസം മുമ്പാണ് ട്രംപ് ഹമാസിന് അവസാന മുന്നറിയിപ്പ് നൽകിയത്.

ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാർ ഹമാസ് ഉടൻ അംഗീകരിക്കണമെന്നും ഇത് ഹമാസിനുള്ള അവസാന മുന്നറിയിപ്പാണെന്നുമായിരുന്നു ട്രംപിന്‍റെ വാക്കുകൾ. ‘ഇസ്രായേൽ എന്റെ നിബന്ധനകൾ അംഗീകരിച്ചു. ഹമാസും കരാർ അംഗീകരിക്കേണ്ട സമയമാണിത്’ – ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ ട്രംപ് കുറിച്ചു. പിന്നാലെയാണ് ഖത്തറിൽ ഹമാസിന്‍റെ നേതാക്കൾ താമസിക്കുന്ന ദോഹയിലെ റെസിഡെൻഷ്യൽ ആസ്ഥാനം ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്.

അമേരിക്കയുടെ മധ്യസ്ഥതയിൽ ഗസ്സ വെടിനിർത്തൽ ചർച്ചകൾ ദോഹയിൽ നടക്കുന്നതിനിടെയാണ് ഹമാസ് നേതാക്കൾക്ക് നേരെയുണ്ടായ ആക്രമണം. ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തർ രംഗത്തെത്തി. ഇസ്രായേലിന്‍റെ നടപടി ഭീരുത്വമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി പറഞ്ഞു.

മേഖലയുടെ സുരക്ഷയെ നിരന്തരം ദുർബലപ്പെടുത്തുന്ന ഇസ്രായേലിന്റെ നിരുത്തരവാദപരമായ നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് മാജിദ് അൻസാരി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഖത്തറിന്‍റെ സുരക്ഷയെയും പരമാധികാരത്തെയും ലക്ഷ്യമിട്ടുള്ള ഒരു നടപടിയും വെച്ചുപൊറുപ്പിക്കില്ല. ഉന്നത തലത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കുറ്റകൃത്യം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും നയങ്ങളുടെയും നഗ്നമായ ലംഘനമാണ്. ഇത് ഖത്തറിലെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷക്ക് ഗുരുതരമായ ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Netanyahu says Qatar strike 100% Israeli operation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.