നേപ്പാൾ പ്രതിസന്ധി: കാഠ്മണ്ഡുവിലേക്കുള്ള വിമാന സർവിസുകൾ നിർത്തി എയർ ഇന്ത്യയും ഇൻഡിഗോയും

ന്യൂഡൽഹി: വ്യാപകമായ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിൽ നേപ്പാളിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചതിനെത്തുടർന്ന് എയർ ഇന്ത്യയും ഇൻഡിഗോയും ഡൽഹിക്കും കാഠ്മണ്ഡുവിനും ഇടയിലുള്ള വിമാന സർവിസുകൾ നിർത്തിവച്ചു.

പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയുടെ രാജിയോടെ ഹിമാലയൻ രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. സ്ഥിതിഗതികൾ കാരണം ഡൽഹി-കാഠ്മണ്ഡു-ഡൽഹി റൂട്ടിലെ ഒന്നിലധികം വിമാന സർവിസുകൾ നിർത്തിവച്ചതായി എയർ ഇന്ത്യ അറിയിച്ചു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നും എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. ഡൽഹിയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് എയർ ഇന്ത്യ ഒരു ദിവസം ആറ് വിമാന സർവിസുകൾ നടത്തുന്നുണ്ട്.

കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനിയായ ഇൻഡിഗോയും നേപ്പാൾ തലസ്ഥാനത്തേക്കുള്ള സർവിസുകൾ നിർത്തിവെച്ചു. റദ്ദാക്കലുകൾ സോഷ്യൽ മീഡിയ വഴി കമ്പനി യാത്രക്കാരെ അറിയിച്ചു. ‘കാഠ്മണ്ഡുവിലെ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, വിമാനത്താവളം അടച്ചിട്ടിരിക്കുന്നു. തൽഫലമായി കാഠ്മണ്ഡുവിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും ഇപ്പോൾ നിർത്തിവച്ചിരിക്കുന്നു’ എന്ന് ഇൻഡിഗോ ‘എക്‌സി’ൽ എഴുതി.

ബാധിതരായ യാത്രക്കാർക്ക് ബദൽ ഓപ്ഷനുകൾ നൽകുമെന്നും എയർലൈൻ ഉറപ്പ് നൽകി. സംഭവവികാസങ്ങൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും എത്രയും വേഗം പ്രവർത്തനങ്ങൾ പുനഃരാരംഭിക്കുന്നതിന് പ്രാദേശിക അധികാരികളുമായി ഏകോപിപ്പിക്കുകയും ചെയ്യുന്നു. ഏറ്റവും പുതിയ വിവരങ്ങൾക്കായി തങ്ങളുടെ ഔദ്യോഗിക ചാനലുകൾ പരിശോധിക്കുന്നത് തുടരാൻ ഉപഭോക്താക്കളോട് അഭ്യർഥിക്കുന്നുവെന്നും അവർ അറിയിച്ചു.

Tags:    
News Summary - Air India, IndiGo suspend flights to Kathmandu as protests escalate in Nepal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.