ന്യൂഡൽഹി: ‘ജെൻ സി’ പ്രക്ഷോഭത്തെ തുടർന്ന് ആഭ്യന്തര സംഘർഷം രൂക്ഷമായ നേപ്പാളിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ അങ്ങോട്ടുള്ള യാത്ര മാറ്റിവെക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. നേപ്പാളിലുള്ള ഇന്ത്യൻ പൗരന്മാർ നിലവിൽ താമസിക്കുന്നയിടങ്ങളിൽ തന്നെ തുടരണമെന്നും തെരുവുകളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
നേപ്പാൾ അധികൃതരിൽ നിന്നും കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയിൽ നിന്നുമുള്ള സുരക്ഷാ ഉപദേശങ്ങൾ പാലിക്കണമെന്നും എന്തെങ്കിലും സഹായം ആവശ്യമുള്ളവർ കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയെ ഫോൺ വഴി ബന്ധപ്പെടണമെന്നും വിദേശ മന്ത്രാലയം നിർദേശിച്ചു. +977 - 980 860 2881, +977–981 032 6134 ഇരു നമ്പറുകളിലും വാട്സ് ആപ് വഴിയും വിളിക്കാമെന്നും മന്ത്രാലയം അറിയിച്ചു.
സെപ്റ്റംബർ നാലിനാണ് ഫേസ്ബുക്ക്, വാട്സ്ആപ്, എക്സ് എന്നിവയുൾപ്പെടെ 26 സമൂഹ മാധ്യമങ്ങൾ സർക്കാർ നിരോധിച്ചതിന് പിന്നാലെ തിങ്കളാഴ്ചയാണ് നേപ്പാളിൽ ‘ജെൻ സി’ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പാർലമെന്റ് മന്ദിരത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രക്ഷോഭകർക്കു നേരെ പൊലീസ് കണ്ണീർ വാതകവും റബർ ബുള്ളറ്റും പ്രയോഗിച്ചു. ‘ജെൻസി ’ എന്ന ബാനറിൽ തെരുവിലിറങ്ങിയ യൂനിഫോമിലുള്ള സ്കൂൾ, കോളജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള പ്രക്ഷോഭകരെ നേരിടാൻ സൈന്യത്തെ വിന്യസിച്ചു. ഉച്ച മുതൽ രാത്രി 10 വരെ പാർലമെന്റ് പരിസരം ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ കർഫ്യൂവും പ്രഖ്യാപിച്ചിരുന്നു.
പാർലമെന്റിന് സമീപം പ്രഖ്യാപിച്ച കർഫ്യൂ പിന്നീട് പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫിസുകളും വസതികളും സ്ഥിതി ചെയ്യുന്ന കാഠ്മണ്ഡുവിലെ സിംഗ ദർബാർ പ്രദേശത്തേക്കും വ്യാപിപ്പിക്കുകയായിരുന്നു. രാജ്യത്തിന്റെ ദക്ഷിണ മേഖലയിലെ ബിരാത്നഗർ, ഭരത്പൂർ, ലോകത്തെ 10-ാമത്തെ ഉയരംകൂടിയ പർവതമായ പടിഞ്ഞാറൻ നേപ്പാളിലെ അന്നപൂർണ പർവതത്തിലേക്കുള്ള പ്രവേശന കവാടമായ പൊഖാറ എന്നിവിടങ്ങളിലും പ്രക്ഷോഭം അരങ്ങേറി.
പ്രക്ഷോഭത്തിൽ 19 പേരുടെ മരണത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രമേഷ് ലേഖക് ഇന്നലെ രാജിവെച്ചു. കൂടാതെ, ഇന്ന് പ്രധാനമന്ത്രി കെ.പി ശർമ ഒലി, കൃഷി മന്ത്രി രാംനാഥ് അധികാരി, ജലവിതരണ മന്ത്രി പ്രദീപ് യാദവ്, സർക്കാറിന്റെ ഭാഗമായ നേപ്പാൾ കോൺഗ്രസ് ശേഖർ കൊയ് രാള വിഭാഗം മന്ത്രിമാർ എന്നിവർ രാജിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.