ആശുപത്രിയിലെ കട്ടിലിൽ ഇരിക്കുന്ന എലി

എലി കടിച്ച് മരിച്ച കുഞ്ഞുങ്ങളുടെ കൈവിരലുകൾ കീറിയ നിലയിൽ; ശ്രദ്ധയിൽപ്പെട്ടത് മൃതദേഹം പൊതിഞ്ഞ തുണിമാറ്റിയപ്പോൾ

ഇന്ദോർ: മധ്യപ്രദേശ് ഇന്ദോറിലെ സർക്കാർ ആശുപത്രിയിൽ എലിയുടെ ആക്രമണത്തിൽ മരിച്ച രണ്ട് നവജാതശിശുക്കളുടെ കൈവിരലുകൾ കടിച്ചുകീറിയ നിലയിൽ. സംസ്ഥാനത്തെ ഏറ്റവും വലിയ ആശുപത്രികളിൽ ഒന്നായ മഹാരാജ യശ്വന്ത് റാവു ആശുപത്രിയിലാണ് സംഭവം. എൻ.ഐ.സി.യുവിൽ ചികിത്സയിലിരിക്കെയാണ് എലിയുടെ ആക്രമണത്തിൽ നവജാതശിശുക്കൾ മരിക്കുന്നത്.

ധാർ ജില്ലയിലേ രൂപത ഗ്രമത്തിൽ നിന്നുളള നവജാതശിശുവിന്‍റെ ശവസംസ്കാര ചടങ്ങിലാണ് നാല് കൈവിരലുകൾ പൂർണമായി കടിച്ച് കീറിയ നിലയിൽ കണ്ടത്. ശവസംസ്കാര ചടങ്ങുകൾക്കായി മൃതദേഹം പൊതിഞ്ഞ തുണി അഴിച്ചപ്പോഴാണ് കുഞ്ഞുവിരലുകൾ പൂർണമായി കടിച്ച് കീറിയത് ശ്രദ്ധയിൽപ്പെട്ടതെന്ന് പിതാവ് ദേവ് റാം പറഞ്ഞു.

ആഗസ്റ്റ് 30നാണ് ധാർജില്ല ആശുപത്രിയിൽ ഭാര്യ മഞ്ജു പെൺകുഞ്ഞിന് ജന്മം നൽകിയത്. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് യശ്വന്ത് റാവു ആശുപത്രിയിലേക്ക് റഫർ ചെയ്തു. എൻ.ഐ.സി.യു.വിൽ ചികിത്സയിലിരിക്കെ നവജാതശിശു മരിച്ചു.

ശനിയാഴ്ച വൈകുന്നേരത്തോടെയാണ് നവജാത ശിശുവിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം പ്ലാസ്റ്റിക്ക് ബാഗിലാക്കി കുടുംബത്തിന് കൈമാറിയത്. സംസ്കാര ചടങ്ങുകൾക്കായി മൃതദേഹത്തിലേ തുണി മാറ്റിയപ്പോഴാണ് കുഞ്ഞിന്‍റെ കൈവിരലുകൾ പൂർണമായി കടിച്ച് കീറിയ നിലയിൽ കണ്ടത്.

എലിയുടെ അക്രമണമാണ് മരണകാരണമെന്ന വാദം ആശുപത്രി അധികൃതർ നിഷേധിച്ചു. കുട്ടിയുടെ വിരലിൽ ചെറിയ രീതിയിലുള്ള കടി മാത്രമേ ഉളളുവെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, കുട്ടിയുടെ ചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് പരിക്കിന്‍റെ വ്യാപ്തി മനസിലായത്.

മകൾക്ക് വേദനജനകമായ മരണമാണ് ഉണ്ടായതെന്ന് എൻ.ഐ.സി.യു വാർഡിൽ എലിയുടെ ആക്രമണത്തിൽ ഇരയായ മറ്റൊരു നവജാതശിശുവിന്‍റെ പിതാവായ സാജിദ് പറയുന്നു. മലമൂത്രവിസർജനത്തെ ബാധിക്കുന്ന രോഗമായിരുന്നു മകൾക്ക്. വിദഗ്ധ ചികിത്സക്കായാണ് ആശുപത്രിയിൽ എത്തിയത്. ശസ്ത്രക്രിയക്ക് ശേഷം സുഖംപ്രാപിച്ച് വരികയായിരുന്നു. ശ്വസനപ്രശ്നങ്ങൾ കാരണം വെന്‍റിലേറ്ററിലാക്കി. അടുത്ത ദിവസം മകൾ മരിച്ചതായി അറിയിച്ചു.

മാധ്യമ റിപ്പോർട്ടിലാണ് മകൾ മരിച്ചത് എലി കടിച്ചാണെന്ന് അറിയുന്നത്. എന്നാൽ, എലി കടിച്ചല്ല കുഞ്ഞ് മരിച്ചതെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്. നവജാതശിശുക്കൾ മരിച്ച സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനെയും ഉന്നത ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യണമെന്നും മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കണമെന്നും ആദിവാസി സംഘടനയായ ജയ് ആദിവാസി യുവശക്തി ആവശ്യപ്പട്ടു.

Tags:    
News Summary - Rodent attack: Indore Newborn’s parents discover gnawed fingers during last rites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.