പ്രതീകാത്മക ചിത്രം

രക്ഷകനായി മെറ്റ; രണ്ട് വർഷത്തിനിടെ മെറ്റയുടെ സഹായത്തോടെ യു.പി പൊലീസ് രക്ഷിച്ചത് 1,335 ജീവനുകൾ

നോയിഡ: രണ്ട് വർഷത്തിനിടെ ഉത്തർപ്രദേശിൽ നിരവധി ആതമഹത്യകളെയാണ് മെറ്റ തടഞ്ഞത്. ഇപ്പോൾ വീണ്ടും ഉത്തർപ്രദേശിലെ ഇറ്റാവയിൽ യുവാവിന്‍റെ ജീവൻ രക്ഷിക്കാനായത് മെറ്റയുടെ കൃത്യമായ ഇടപെടൽ കാരണമാണ്. സെപ്റ്റംബർ നാലിന് രാത്രി 11:33ന് ലഖ്‌നൗവിലെ പൊലീസ് ആസ്ഥാനത്തെ സോഷ്യൽ മീഡിയ സെന്ററിന് മെറ്റ നൽകിയ മുന്നറിയിപ്പ് പ്രകാരമാണ് യുവാവിന്‍റെ ജിവൻ രക്ഷിക്കാനായത്.

‘താൻ ഒരു റെയിൽവേ ട്രാക്കിൽ ഇരിക്കുകയാണെന്നും ഈ രാത്രിയിൽ മരിക്കാൻ ഉദേശിക്കുന്നു’വെന്നും പറയുന്ന പോസ്റ്റാണ് മെറ്റ പൊലീസിന് കൈമാറിയത്. ഉത്തർപ്രദേശ് പൊലീസ് ഡയറക്ടർ ജനറൽ രാജീവ് കൃഷ്ണയുടെ നേതൃത്വത്തിൽ ഉടൻ അടിയന്തര നടപടി സ്വീകരിച്ചു. ഇറ്റാവ ജില്ലയിലെ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇയാൾ ഉള്ളതെന്ന് സ്ഥിരീകരിക്കുകയും ഇയാളുടെ മൊബൈൽ നമ്പറും ലൊക്കേഷനും കണ്ടെത്തുകയും ചെയ്തു.

തുടർന്ന് പ്രാദേശിക പൊലീസ് വീട്ടിൽ എത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് അടുത്തുള്ള റെയിൽവേ ട്രാക്കിൽ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്. കൗൺസിലിങിന് ശേഷം യുവാവിനെ സുരക്ഷിതമായി വീട്ടിൽ എത്തിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ മാനസിക സംഘർഷത്തിലാണെന്നും അതാണ് തന്നെ ആത്മഹത്യയിലേക്ക് നയിച്ചെതെന്നും യുവാവ് പറഞ്ഞതായി പൊലീസ് അറിയിച്ചു. 2022ൽ മെറ്റയും ഉത്തർപ്രദേശ് പൊലീസും ചേർന്ന് സ്ഥാപിച്ച ‘സൂയിസൈഡ് അലർട്ട് ഷെയറിങ്’ സംവിധാനത്തിന്‍റെ ഏറ്റവും ഒടുവിലത്തെ രക്ഷാപ്രവർത്തനമാണിത്.

ഔദ്യോഗിക കണക്കുകൾ പ്രകാരം 2023 ജനുവരി ഒന്ന് മുതൽ 2025 ആഗസ്റ്റ് 31വരെ ഈ സംവിധാനത്തിന് കീഴിൽ 1,335 ജീവനുകൾ രക്ഷപ്പെടുത്തിയിട്ടുണ്ട്. ആത്മഹത്യയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ മെറ്റ കമ്പനിയുടെ ആസ്ഥാനത്ത് നിന്ന് പൊലീസിനെ ബന്ധപ്പെടും.

പൊലീസ് ആസ്ഥാനത്തെ സോഷ്യല്‍ മീഡിയ സെന്ററില്‍ ഫോണിലൂടെയോ ഇ-മെയിലിലൂടെയോ ഉടന്‍ തന്നെ മുന്നറിയിപ്പ് സന്ദേശം ലഭിക്കും. ഈ ഡെസ്‌കുമായി എസ്.ടി.എഫ് സെര്‍വറിനെ സംയോജിപ്പിച്ചിട്ടുണ്ട്. ഇതിന്റെ സഹായത്തോടെ ഇത്തരം പോസ്റ്റ് പങ്കുവെച്ചയാളുടെ ലൊക്കേഷന്‍ കണ്ടെത്തുകയും യു.പി -112ന്( യു.പി പൊലീസ്) കൈമാറുകയും ത്വരിത നടപടി സ്വീകരിക്കുകയും ചെയ്യും

Tags:    
News Summary - Man saved as Meta sends alert to cops after his posts on suicide intentions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.