ന്യൂഡൽഹി: 16കാരിയായ മുസ്ലിം പെൺകുട്ടി വിവാഹിതയാകുന്നതിൽ തെറ്റില്ലെന്ന് സുപ്രീംകോടതി. വിവാഹം അനുവദിക്കുന്ന 2022ലെ പഞ്ചാബ്- ഹരിയാന ഹൈകോടതി വിധിക്കെതിരെ ദേശീയ ബാലാവകാശ സംരക്ഷണ സമിതി നൽകിയ ഹരജി ജസ്റ്റിസുമാരായ ബി.വി നാഗരത്ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് തള്ളി. രണ്ട് പെൺകുട്ടികൾക്ക് ഹൈകോടതി പരിരക്ഷ നൽകിയിട്ടുണ്ടെങ്കിൽ സമിതിക്ക് എങ്ങനെ ഇടപെടാനാകുമെന്നും വിഷയത്തിൽ ഹരജി നൽകിയത് വിചിത്രമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
18 വയസ്സ് എത്താത്ത പെൺകുട്ടിക്ക് വ്യക്തിനിയമം മാത്രം വെച്ച് വിവാഹിതയാകാൻ നിയമപരമായി പ്രാപ്തിയുണ്ടോയെന്ന സമിതി അഭിഭാഷകന്റെ ചോദ്യം സുപ്രീം കോടതി തള്ളി. മുമ്പും ഹൈകോടതി വിധികൾക്കെതിരായ സമിതി ഹരജികൾ സുപ്രീംകോടതി തള്ളിയിരുന്നു. വ്യക്തിനിയമപ്രകാരം 15 വയസ്സിൽ പ്രായപൂർത്തി എത്തുന്ന മുസ്ലിം പെൺകുട്ടിക്ക് വിവാഹം ആകാമെന്ന് 2022ൽ ഹൈകോടതി വിധിച്ചിരുന്നു.
എന്നാൽ, കുറഞ്ഞ വിവാഹപ്രായം സ്ത്രീകൾക്ക് 18ഉം പുരുഷന്മാർക്ക് 21ഉം ആക്കുന്ന ബാലവിവാഹ നിരോധന നിയമം 2006ലെ വ്യവസ്ഥകൾക്കും 18 വയസ്സിന് താഴെയുള്ളവർക്ക് ലൈംഗിക സമ്മതം അനുവദിക്കാത്ത പോക്സോ വ്യവസ്ഥകൾക്കും വിധി എതിരാണെന്ന് സമിതി വാദിച്ചു.
അതേസമയം, ഹൈകോടതി വിധി സമാന കേസുകളിൽ കീഴ്വഴക്കമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് വ്യക്തമാക്കിയിരുന്നു. മുസ്ലിം വിവാഹപ്രായം മറ്റു സമുദായങ്ങളുടേതുമായി ഏകീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിത കമീഷൻ നേരത്തെ സുപ്രീംകോടതിയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.