വോട്ടെണ്ണൽ സ്ഥലത്ത് ഫലമറിയാൻ എത്തിയവർ

കഡബ ടൗൺ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മിന്നും വിജയം; 13 സീറ്റുകളിൽ എട്ടെണ്ണം പിടിച്ചു

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ കഡബ ടൗൺ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭൂരിഭാഗം വാർഡുകളും നേടി കോൺഗ്രസിന് മിന്നും വിജയം. നഗര പഞ്ചായത്തായി ഉയർത്തിയ ശേഷം നടന്ന പ്രഥമ തെരഞ്ഞെടുപ്പിൽ മൊത്തമുള്ള 13 വാർഡുകളിൽ എട്ടിടത്തും കോൺഗ്രസ് ജയിച്ചപ്പോൾ നാല് സീറ്റുകൾ ബി.ജെ.പി നേടി. ജെ.ഡി.എസിന് ഒരു സീറ്റുണ്ട്. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ബുധനാഴ്ച പൂർത്തിയാക്കി.

കളറ – പിന്നാക്ക വിഭാഗം 'എ' വനിത സംവരണം വാർഡ് ഒന്നിൽ കോൺഗ്രസ് സ്ഥാനാർഥി തമന്ന ജബീൻ 201 വോട്ടുകൾ നേടി സ്വതന്ത്ര സ്ഥാനാർഥി സൈനബിയെ (139) പരാജയപ്പെടുത്തി. എസ്.ഡി.പി.ഐയുടെ സമീറ ഹാരിസിന് 74 വോട്ടുകൾ ലഭിച്ചു, ബി.ജെ.പിയുടെ പ്രേമക്ക് അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ല.

കൊഡിബൈലു - പട്ടികജാതി വനിത സംവരണ വാർഡ് രണ്ടിൽ ജെ.ഡി.എസിന്റെ കുസുമ അംഗഡിമനെ 187 വോട്ടുകൾ നേടി വിജയിച്ചു. കോൺഗ്രസ് സ്ഥാനാർഥി മോഹിനി 177 വോട്ടുകൾ നേടി പിന്നിലായപ്പോൾ നോട്ടക്ക് നാല് വോട്ടുകൾ ലഭിച്ചു.

പാന്യ - ജനറൽ വാർഡ് മൂന്നിൽ കോൺഗ്രസിലെ മുഹമ്മദ് ഫൈസൽ 320 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബി.ജെ.പിയുടെ ആദം കുണ്ടോളി 75 വോട്ടുകൾ നേടി. ഹാരിസ് കലാര (എസ്.ഡി.പി.ഐ) ആറും കെ അബ്ദുൾ റസാഖ് (മുസ്‌ലിം ലീഗ്) രണ്ടും വോട്ടുകൾ നേടി.

വാർഡ് നാലിൽ (ബെദ്രജെ – ജനറൽ) കോൺഗ്രസിലെ സൈമൺ സിജെ 232 വോട്ടുകൾ നേടി വിജയിച്ചു. ബി.ജെ.പിയുടെ അശോക് കുമാർ പിക്ക് 168 വോട്ടുകൾ ലഭിച്ചു. മലേശ്വര - പിന്നാക്ക വിഭാഗത്തിന് സംവരണം ചെയ്ത 'എ' വാർഡ് അഞ്ചിൽ കോൺഗ്രസിലെ ഹനീഫ് കെ.എം 297 വോട്ടുകൾ നേടി ബി.ജെ.പിയുടെ പ്രകാശ് എൻ.കെയെ (213) വോട്ടുകൾക്ക് പരാജയപ്പെടുത്തി.

കഡബ - ജനറൽ വനിത സംവരണ വാർഡ് ആറിൽ കോൺഗ്രസിന്റെ നീലാവതി ശിവറാം 314 വോട്ടുകൾ നേടി

വിജയിച്ചു. ബി.ജെ.പിയുടെ പ്രേമ 176 വോട്ടുകളും എസ്.ഡി.പി.ഐയുടെ സ്വാലിയത്ത് ജസീറ 78 വോട്ടുകളും സ്വതന്ത്ര ആലീസ് ചാക്കോ 16 വോട്ടുകളും നേടി. പനമേജലു - പിന്നാക്ക വിഭാഗത്തിന് സംവരണം ചെയ്ത 'ബി' വാർഡിൽ കോൺഗ്രസിന്റെ രോഹിത് ഗൗഡ 333 വോട്ടുകൾ നേടി വിജയിച്ചു. ബി.ജെ.പിയുടെ ഗണേഷ് ഗൗഡ 248 വോട്ടുകൾ നേടി.

പിജക്കാല - ജനറൽ വാർഡിൽ ബി.ജെ.പി തിരിച്ചുവരവ് നടത്തി. ഇവിടെ ദയാനന്ദ ഗൗഡ പി. 386 വോട്ടുകൾ നേടി 184 വോട്ടുകൾ നേടിയ കോൺഗ്രസിന്റെ അഷ്‌റഫ് ഷെഡിഗുണ്ടിയെ പരാജയപ്പെടുത്തി. വാർഡ് ഒമ്പതിൽ (മൂരാജെ – പിന്നാക്ക വിഭാഗ സംവരണം) ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. കോൺഗ്രസ് സ്ഥാനാർഥി കൃഷ്ണപ്പ പൂജാരി 263 വോട്ടുകൾ നേടി. ബി.ജെ.പി സ്ഥാനാർഥി കുഞ്ഞണ്ണ കുദ്രഡ്കക്ക് 235 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. നോട്ടക്ക് അഞ്ച് വോട്ടുകൾ ലഭിച്ചു.

ദൊഡ്കൊപ്പ – ജനറൽ വനിത സംവരണ വാർഡ് 10 ൽ ബി.ജെ.പിയുടെ ഗുണവതി രഘുറാം 393 വോട്ടുകൾ നേടി വിജയിച്ചു. കോൺഗ്രസിന്റെ തുളസിക്ക് 258 വോട്ടുകൾ ലഭിച്ചു. ഒമ്പത് വോട്ടർമാർ നോട്ടക്ക് വോട്ട് ചെയ്തു. കൊടിംബാല - ജനറൽ വനിത സംവരണ വാർഡ് 11ൽ ബി.ജെ.പിയുടെ അക്ഷത ബാലകൃഷ്ണ ഗൗഡ കോൺഗ്രസിന്റെ ജ്യോതി ഡി കോൾപെയെ വെറും 10 വോട്ടുകൾക്ക് പരാജയപ്പെടുത്തി - 265 നെതിരെ 255.

മജ്ജാരോ - പട്ടികജാതി സംവരണ വാർഡ് 12ൽ ബി.ജെ.പിയുടെ മോഹൻ 306 വോട്ടുകൾ നേടി കോൺഗ്രസിന്റെ ഉമേഷ് മദ്യദ്കയെ(238) പരാജയപ്പെടുത്തി. രണ്ട് വോട്ടർമാർ നോട്ട തെരഞ്ഞെടുത്തു. വാർഡ് 13ൽ (പുലിക്കുക്ക് – പട്ടികവർഗ സംവരണം) കോൺഗ്രസിന്റെ കൃഷ്ണ നായിക് 315 വോട്ടുകൾ നേടി വിജയിച്ചു. ബി.ജെ.പിയുടെ സദാനന്ദ നായിക്കിനെയാണ് (264) പരാജയപ്പെടുത്തിയത്.

Tags:    
News Summary - Congress wins landslide victory in Kadapa Town Panchayat elections in mangaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.