ബംഗളൂരു: സമൂഹത്തിൽ പടരുന്ന ലഹരി വിപത്തിനെതിരെ ബോധവത്കരണവുമായി സംസ്ഥാനതല ബൈക്ക് യാത്ര. 'ലഹരി വേണ്ട' എന്ന സന്ദേശവുമായി നാല് സ്ത്രീകളുൾപ്പെടെ 20 ബൈക്ക് യാത്രികരാണ് ബന്ദിപ്പൂരില്‍ നിന്ന് ബിദര്‍ വരെ 1000 കിലോമീറ്റര്‍ ബോധവത്കരണ യാത്ര സംഘടിപ്പിക്കുക. ആഗസ്റ്റ് 29ന് തുടങ്ങുന്ന യാത്ര 31ന് അവസാനിക്കും.ഉദ്യോഗസ്ഥര്‍ ആഗസ്റ്റ് 29ന് ബൈക്ക് യാത്ര ഉദ്ഘാടനം ചെയ്യും.
കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള സാമൂഹിക നീതി വകുപ്പിന്റേയും ലഹരിവിരുദ്ധ ബ്യൂറോയുടെയും നേതൃത്വത്തിലാണ് പ്രചാരണം. ലഹരിമുക്ത ഇന്ത്യ എന്നതാണ് പ്രചാരണ മുദ്രാവാക്യം. ബന്ദിപ്പൂരിൽനിന്നാരംഭിച്ച് മൈസൂരു, മാണ്ഡ്യ, രാമനഗര, ബംഗളൂരു, തുമകുരു, ചിത്രദുര്‍ഗ, ഹംപി എന്നിവിടങ്ങളിലൂടെ യാത്രികര്‍ സഞ്ചരിക്കും. സ്കൂളുകളിലും കോളജുകളിലും സെമിനാറുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് യുവജന ശാക്തീകരണ -കായിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നവീന്‍ രാജ് സിങ് പറഞ്ഞു.
എന്‍.എസ്.എസ്, എന്‍.സി.സി, മൈ ഭാരത് എന്നിവയിൽ സേവനമനുഷ്ഠിക്കുന്നവർ നഗരത്തിലെ പ്രധാന ജഗ്ഷനുകളില്‍ മനുഷ്യച്ചങ്ങല നിര്‍മിക്കുകയും ലഘുലേഖ വിതരണവും നടത്തും. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും വിവിധ സംഘടനാ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംസ്ഥാന എന്‍.എസ്.എസ് ഓഫിസര്‍ ഡോ. പ്രതാപ് ലിംഗയ്യ പറഞ്ഞു. പ്രചാരണത്തിൽ പങ്കെടുക്കുന്ന എല്ലാ ബൈക്ക് യാത്രികരും ദീര്‍ഘദൂര യാത്രയിൽ മുന്‍ പരിചയമുള്ളവരും രണ്ടായിരത്തിലധികം കിലോമീറ്റര്‍ യാത്ര പിന്നിട്ടവരാണെന്നും കര്‍ണാടകയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു റാലി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.