മംഗളൂരു: കോസ്കോ, നിവിയ, യോനെക്സ് എന്നീ പ്രശസ്ത ബ്രാൻഡുകളുടെ പേരിൽ വിൽക്കാൻ ശ്രമിച്ച വ്യാജ സ്പോർട്സ് ഇനങ്ങളുടെ വലിയ ശേഖരം ഉള്ളാളിലും മംഗളൂരു നോർത്തിലും പൊലീസ് പിടിച്ചെടുത്തു. ബ്രാൻഡ് പ്രൊട്ടക്ടേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സൗത്ത് ഇന്ത്യ റീജനൽ ഹെഡ് സ്റ്റീഫൻ രാജ് നൽകിയ പരാതിയെത്തുടർന്ന് നടത്തിയ പരിശോധനയിലാണിത്.
ഉള്ളാൾ പൊലീസ് പരിധിയിലുള്ള സ്പോർട്സ് വിന്നർ സ്റ്റോറിലും മംഗളൂരു നോർത്ത് പൊലീസ് പരിധിയിലുള്ള മഹാദേവ് സ്പോർട്സ് സെന്ററിലും വ്യാജ ഫുട്ബാളുകൾ, വോളിബാൾ, ബാഡ്മിന്റൺ റാക്കറ്റുകൾ എന്നിവ വിൽക്കുന്നുണ്ടെന്ന് ഡി.സി.പി (ക്രമസമാധാന) മിഥുൻ എച്ച്.എൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ, 1957ലെ പകർപ്പവകാശ നിയമത്തിലെ 51(1)(ബി), 63 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
ഉള്ളാൾ തൊക്കോട്ടുവിലെ ഔട്ട്ലെറ്റിൽ പൊലീസ് റെയ്ഡ് നടത്തി 3.5 ലക്ഷം രൂപയുടെ വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുത്തു. തുടർന്ന്, ബന്ദറിലെ ഔട്ട്ലെറ്റിലെ പരിശോധനയിൽ അഞ്ച് ലക്ഷം രൂപയിലധികം വിലമതിക്കുന്ന 300ഓളം വസ്തുക്കൾ പിടിച്ചെടുത്തു. ബ്രാൻഡഡ് സ്പോർട്സ് ഇനങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് ഡി.സി.പി മുന്നറിയിപ്പ് നൽകി. യഥാർഥ ഉൽപന്നങ്ങളുടെ സമാന വിലക്ക് വ്യാജ പതിപ്പ് വിൽക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി കടയുടമകൾ 20 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്നതായും അവകാശപ്പെട്ടു.
കടകളിൽ നിന്ന് പിടിച്ചെടുത്ത ബില്ലുകളുടെയും ഇൻവോയ്സുകളുടെയും അടിസ്ഥാനത്തിൽ പഞ്ചാബിലെ ജലന്ധറിൽ നിന്നാണ് വ്യാജ ഉൽപന്നങ്ങൾ കൊണ്ടുവന്നതെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. ബ്രാൻഡഡ് സാധനങ്ങളുടെ മറവിൽ ഈ വ്യാജ വസ്തുക്കൾ നിർമിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഉൾപ്പെട്ട വിതരണക്കാരെയും നിർമാതാക്കളെയും കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
വ്യാജ ഉപകരണങ്ങൾ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ഇവയിൽ എംബോസ് ചെയ്തിരിക്കുന്ന 3ഡി ഹോളോഗ്രാമുകൾ, ബാച്ച് നമ്പറുകൾ എന്നിവ കാണാൻ കഴിയും. കൂടാതെ, വ്യാജ സാധനങ്ങളുടെ ഘടനയിലും നിറത്തിലും ചെറിയ വ്യത്യാസമുണ്ടെന്ന് ഡി.സി.പി പറഞ്ഞു. ഡി.സി.പി (ക്രൈം ആൻഡ് ട്രാഫിക്) രവിശങ്കർ, എ.സി.പിമാരായ വിജയക്രാന്തി, പ്രതാപ് സിങ് തോറാട്ട് സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.