ന്യൂഡൽഹി: ഗവർണർ- സർക്കാർ സഹകരണത്തിൽ ഭരണഘടന ശിൽപികൾ വിഭാവനം ചെയ്ത രീതിയിലേക്ക് രാജ്യം എത്തിയിട്ടുണ്ടോയെന്ന് സുപ്രീംകോടതി. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കുന്നതിൽ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയിൽ വിശദീകരണം തേടിയ രാഷ്ട്രപതിയുടെ റഫറൻസ് പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ചോദ്യമുന്നയിച്ചത്.
ഗവർണർമാരുടെ അധികാരം സംബന്ധിച്ച് ഭരണഘടന അസംബ്ലിയിലെ ചർച്ചയെക്കുറിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പരാമർശിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ചോദ്യമുന്നതിച്ചത്. ഗവർണർ പദവി രാഷ്ട്രീയ അഭയാർഥികൾക്കുള്ളതല്ലെന്നും ഭരണഘടനപ്രകാരം ഗവർണർക്ക് നിശ്ചിത അധികാരങ്ങളും ഉത്തരവാദിത്തങ്ങളുമുണ്ടെന്നും തുഷാർ മേത്ത ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാറുകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാതെ ഗവർണർമാർ അനിശ്ചിതമായി പിടിച്ചുവെക്കുന്നതിനെ സുപ്രീംകോടതി ചോദ്യം ചെയ്തു. ഇത്തരം സാഹചര്യങ്ങളിൽ ഭരണഘടന കോടതികളുടെ പരിമിതികൾ സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിക്കുക വഴി ഭരണഘടനപരമായി ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണ് ചെയ്തതെന്ന് രേഖാമൂലമുള്ള മറുപടിയിൽ കേന്ദ്രം വ്യക്തമാക്കി. ഇത് ഭരണഘടന പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.