ഷിംല: തുടർച്ചയായ മഴയും മേഘവിസ്ഫോടനവും വെള്ളപ്പൊക്കവും ഹിമാചൽ പ്രദേശിനെ പ്രതിസന്ധിയിലാക്കുകയാണ്. ജൂൺ 20ന് തുടങ്ങിയ മൺസൂൺ ഇത് വരെ 276 ജീവനുകളാണ് കവർന്നെടുത്തത്. ഇതിൽ 143 പേർ മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, മേഘസ്ഫോടനം, മുങ്ങിമരണം, വൈദ്യുതാഘാതം, എന്നിവ മൂലമാണ് മരിച്ചത്. 336 പേർക്ക് പരിക്കേൽക്കുകയും 37 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
മൂന്ന് ദേശീയ പാതകൾ ഉൾപ്പെടെ 359 റോഡുകൾ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം അടച്ചിട്ടിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന് 1,21,675.58 ലക്ഷം രൂപയുടെയും, വൈദ്യുതി വകുപ്പിന് 13,946.69 ലക്ഷം രൂപയുടെയും നഷ്ടം സംഭവിച്ചു. ദുരന്ത സാധ്യത കൂടുതലായതിനാൽ ജാഗ്രത പാലിക്കാനും, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ അനാവശ്യമായ യാത്രകൾ ഒഴിവാക്കാനും ഹിമാചൽ പ്രദേശ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.
നിരവധി ജില്ലകളിലായി 550 ട്രാൻസ്‌ഫോർമറുകൾ നശിച്ചു. ജലവിതരണവും തകരാറിലായി. 132 ജലവിതരണ പദ്ധതികൾ പ്രവർത്തനരഹിതമായിട്ടുണ്ട്. കുളു, മാണ്ഡി പ്രദേശങ്ങളിലാണ് ജലവിതരണം കൂടുതൽ തകരാറിലായത്. ചില പ്രദേശങ്ങളിൽ അടിയന്തര ആവശ്യങ്ങൾക്കായി താൽകാലിക മാർഗം കണ്ടെത്തിയിട്ടുണ്ട്.
പൊതുമരാമത്ത്, ജലവിഭവ, വൈദ്യുതി വകുപ്പുകളുമായി ഏകോപിപ്പിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും, കനത്ത മഴയും ആവർത്തിച്ചുള്ള മണ്ണിടിച്ചിലുകളും കാരണം തടസങ്ങൾ ഉണ്ടാവുന്നുണ്ട്.
അതേസമയം, ഇന്നലെ കുളുവിലെ ലാഗ് താഴ്‌വരയിൽ മേഘവിസ്ഫോടനം ഉണ്ടായിരുന്നു. മിന്നൽ പ്രളയത്തിൽ നിരവധി കടകളും കൃഷിയിടങ്ങളും നശിച്ചു. മഴയിൽ നിരവധി റോഡുകൾ തകർന്നു, വീടുകളും വാഹനങ്ങളും ഒലിച്ചുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.