പത്തനാപുരം: ചെമ്പനരുവി മുള്ളുമല ഗിരിജൻ കോളനിയിൽ ആദിവാസി യുവാവിന് ക്രൂര മർദ്ദനം. മുള്ളുമല ഗിരിജൻ കോളനിയിലെ ബിനു (32) വാണ് മർദനത്തിനിരയായത്.
ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ചെമ്പനരുവി കൂട്ട്മുക്ക് ജങ്ഷനിൽ നാട്ടുകാർ നോക്കി നിൽക്കെയായിരുന്നു ബിനുവിന് നേരെ പ്രദേശവാസികളായ ചിലർ അക്രമം അഴിച്ചു വിട്ടത്. ക്രൂരമായി മർദിച്ച സംഘം, ഇദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടു പോകാനുള്ള നാട്ടുകാരുടെ ശ്രമത്തെയും തടഞ്ഞതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ആറ് വർഷം മുമ്പ് തന്റെ അളിയൻ നസീറിനെ (42) ഒരു സംഘം മർദിച്ച് കൊലപ്പെടുത്തിയിരുന്നതായി ബിനു പറയുന്നു.
അച്ചൻകോവിൽ ആറിന്റെ അറുതല ഭാഗത്ത് വിവസ്ത്രനായി നസീറിന്റെ മൃതദേഹം കാണുകയായിരുന്നു. ഈ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിനു കോന്നി പൊലീസിനെ സമീപിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാകാം തനിക്കെതിരെ ഇപ്പോഴുണ്ടായ ആക്രമണമെന്ന് ബിനു പറഞ്ഞു. എന്നാൽ നസീറിന്റെ മരണം സംബന്ധിച്ച് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. കർണപടത്തിന് പരിക്കേറ്റ ബിനുവിന്‍റെ ഇടത് ചെവിക്ക് കേൾവിക്കുറവ് സംഭവിച്ചിട്ടുണ്ട്. അച്ചൻകോവിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.