മരണത്തിലും ഒരുമിച്ച് മുത്തശ്ശിക്കൂട്ടുകാർ; ഒരേദിവസം ജനിച്ച് അയൽവാസികളായി ജീവിച്ച മുത്തശ്ശിമാർ ഒരേദിവസം മരിച്ചു

മണ്ണഞ്ചേരി (ആലപ്പുഴ): സൗഹൃദത്തിന്റെ ഇഴയടുപ്പം മരണത്തിലും കാത്ത് മുത്തശ്ശിക്കൂട്ടുകാർ. പഞ്ചായത്ത്‌ ആറാം വാർഡ് വള്ളക്കടവിന് കിഴക്ക് കരിങ്ങാട്ടംപിള്ളിയിൽ ആനന്ദവല്ലിയമ്മയും (97) മണ്ണാരപ്പള്ളിൽ കാന്തിമതിയമ്മയുമാണ് (97) ഇഴപിരിയാത്ത സൗഹൃദം മരണത്തിലും ഒന്നിപ്പിച്ചത്. ഒരേദിവസം ജനിച്ച്, അയൽവാസികളായി ജീവിച്ച മുത്തശ്ശിമാർ ഒരേദിവസം വിടചൊല്ലിയത് നാട്ടുകാർക്ക് അത്ഭുതമായി.

വാർധക്യസഹജമായ അസുഖങ്ങളാൽ ഇരുവരും വീട്ടിൽതന്നെയായിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് ആനന്ദവല്ലിയമ്മ മരണപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ച കാന്തിമതിയമ്മയും വിടവാങ്ങി. രണ്ടുപേരും ജനിച്ചത് ഒരേദിവസമായിരുന്നു. ഇരുവരുടെയും ജനനസമയത്തിലുണ്ടായ സമയവ്യത്യാസം മാത്രമാണ് മരണസമയത്തും ഉണ്ടായത്.

ജനിച്ച ഇരുവരും അയൽവാസികളും ഉറ്റസുഹൃത്തുക്കളുമായിരുന്നു. വിവാഹ ശേഷം ചുരുങ്ങിയ നാളുകൾ അടുത്തടുത്ത പഞ്ചായത്തുകളിലായി ജീവിച്ചു. കാന്തിമതിയമ്മയെ മുഹമ്മ തണ്ണീർമുക്കം സ്വദേശിയായിരുന്ന വാസുദേവൻ നായരും ആനന്ദവല്ലിയമ്മയെ മണ്ണഞ്ചേരി പാടകശ്ശേരിൽ രാമൻപിള്ളയുമാണ് വിവാഹം ചെയ്തത്. കാന്തിമതിയമ്മയുടെ ആഗ്രഹപ്രകാരം മണ്ണഞ്ചേരിയിലേക്ക് സ്ഥിരതാമസമാക്കിയ വാസുദേവൻ നായർ പിന്നീട് മണ്ണഞ്ചേരി സ്കൂളിനു സമീപം ചായക്കട തുടങ്ങി.

കർഷകനായിരുന്നു രാമൻപിള്ള. ഇരുവരും ഭാര്യാവീടിനു സമീപം തൊട്ടടുത്ത വീടുകളിലായി താമസവും തുടങ്ങി. ഇരുവരുടെയും ഭർത്താക്കന്മാർ വർഷങ്ങൾക്കുമുമ്പ് തന്നെ മരണപ്പെട്ടു. ഒരുമാസം മുമ്പ് വരെ മുത്തശ്ശിമാർ പരസ്പരം കണ്ടിരുന്നു.

Tags:    
News Summary - Grandparents who were born one day and lived as neighbors died same day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.