കൊച്ചി: ട്രസ്റ്റ് റൂളിൽ തൊഴിലുടമകൾ ഭേദഗതി കൊണ്ടുവന്നതിന്റെ പേരിൽ നിഷേധിച്ച ഉയർന്ന പി.എഫ് പെൻഷനുവേണ്ടിയുള്ള അപേക്ഷകൾ പുനഃപരിശോധിക്കണമെന്ന് ഹൈകോടതി. കൊച്ചി റിഫൈനറിയിൽനിന്ന് വിരമിച്ച ജീവനക്കാർ നൽകിയ ഹരജികളിലാണ് ജസ്റ്റിസ് കെ. ബാബുവിന്‍റെ ഉത്തരവ്. ഇ.പി.എഫ്.ഒ മേയ് 23ന് പുറപ്പെടുവിച്ച ഉത്തരവ് തങ്ങൾക്കും ബാധകമാണെന്നും ഉയർന്ന പെൻഷന് അർഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
കമ്പനി ട്രസ്റ്റ് റൂളിൽ ഭേദഗതി കൊണ്ടുവന്നതോടെ ഹരജിക്കാർക്ക് ശമ്പളത്തിന്റെ ആനുപാതിക തുക പെൻഷൻ ഫണ്ടിലേക്ക് അടക്കാനാകില്ലെന്നും ഉയർന്ന പെൻഷന് അർഹതയില്ലെന്നുമായിരുന്നു ഇ.പി.എഫ്.ഒയുടെ വാദം. എന്നാൽ, വേണ്ടത്ര പരിശോധനയില്ലാതെ ഉദ്യോഗസ്ഥർ അപേക്ഷ നിരസിക്കുന്നതിനെ വിമർശിച്ച് അഡീ. സെൻട്രൽ പി.എഫ് കമീഷണർ റീജനൽ ഓഫിസുകൾക്ക് സർക്കുലർ അയച്ചിട്ടുണ്ടെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി.
അപേക്ഷകളിലെ ചെറിയ തെറ്റുകൾ തിരുത്താനുള്ള അവസരംപോലും തൊഴിലുടമകൾക്കും അപേക്ഷകർക്കും നൽകാതെ അപേക്ഷകൾ നിരസിക്കുന്നതിനെതിരെ പരാതികൾ പെരുകുകയാണെന്നും ഹെഡ് ഓഫിസിൽ ഇതെല്ലാം കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുകയാണെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
അപേക്ഷകൾ നിരസിച്ചത് നിയമവിരുദ്ധമാണെന്നും പുനഃപരിശോധിക്കണമെന്നും തൊഴിലുടമകളും ആവശ്യപ്പെട്ടു. തുടർന്നാണ് പുതിയ സർക്കുലർ ഹരജിക്കാർക്ക് ബാധകമെങ്കിൽ ഉയർന്ന പെൻഷനുള്ള അപേക്ഷ വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചത്. ഹരജികൾ സെപ്റ്റംബർ ഒമ്പതിന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.