‘ഒരു എം.എൽ.എ പോലുമില്ലാത്ത പാർട്ടി 60,000 കള്ളവോട്ട് ചേർക്കുമ്പോൾ നേതാക്കൾ എന്തുചെയ്യുകയായിരുന്നു? കെട്ടിത്തൂങ്ങി ചാകുന്നതാണ് നല്ലത്’

തൃശ്ശൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് തൃശ്ശൂരിൽ വ്യാപകമായി കള്ളവോട്ട് ചേർത്തെന്ന ആരോപണത്തിൽ ഭരണ, പ്രതിപക്ഷ കക്ഷികളെ കുറ്റപ്പെടുത്തി ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത്. മണ്ഡലത്തിൽ 60,000ത്തിലേറെ കള്ളവോട്ട് ചേർത്തെന്ന് കേരളത്തിലെ ഒരു മന്ത്രി പറയുകയാണ്. ഒരു എം.എൽ.എ പോലുമില്ലാത്ത പാർട്ടി 60,000 വോട്ട് അനധികൃതമായി ചേർക്കുമ്പോൾ നിങ്ങൾ എന്തുചെയ്യുകയായിരുന്നു അവരോട് ചോദിക്കാനുള്ളത്. നിങ്ങളൊക്കെ തൂങ്ങിചാകുന്നതാണ് നല്ലത്. ആക്ഷേപമുണ്ടെങ്കിൽ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.

“സുരേഷ് ഗോപി ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു ഞാൻ. തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം എങ്ങനെയായിരുന്നു, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പാർട്ടി ചെയ്തത് എന്താണ് എന്നതുൾപ്പെടെ എന്താണ് നടന്നതെന്ന് എനിക്കറിയാം. ഇതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ മറുപടിയുണ്ട്. വർഷത്തിൽ മൂന്നുതവണ വോട്ടർ പട്ടിക പരിഷ്കരിക്കാനുള്ള സംവിധാനമുണ്ടിപ്പോൾ.

ആറ് മാസത്തിൽ കൂടുതൽ സ്ഥിരതാമസമുള്ള ആർക്കും അവിടുത്തെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. അത്തരത്തിൽ ഏതാനും ചില വോട്ടുകൾ മാത്രമാണ് തൃശൂരിൽ ചേർത്തത്. കോൺഗ്രസിലെയും സി.പി.എമ്മിലെയും പല ജനപ്രതിനിധികൾക്കും ഇത്തരത്തിൽ വോട്ടുണ്ട്. സുരേഷ് ഗോപി കഴിഞ്ഞ രണ്ട് വർഷമായി തൃശൂരിൽ വീട് വാടകക്കെടുത്ത് ഇവിടെ താമസിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ കുടുംബവും ഡ്രൈവറുമുൾപ്പെടെ ഇവിടെ താമസിച്ചിരുന്നു. 75,000ത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി ജയിച്ചത്.

ഇപ്പോൾ 60,000ത്തിലേറെ കള്ളവോട്ട് ചേർത്തെന്ന് കേരളത്തിലെ ഒരു മന്ത്രി പറയുകയാണ്. ഒരു എം.എൽ.എ പോലുമില്ലാത്ത പാർട്ടി 60,000 വോട്ട് അനധികൃതമായി ചേർക്കുമ്പോൾ നിങ്ങൾ എന്തുചെയ്യുകയായിരുന്നു എന്നാണ് എനിക്ക് അവരോട് ചോദിക്കാനുള്ളത്. നിങ്ങളൊക്കെ തൂങ്ങിചാകുന്നതാണ് നല്ലത്. കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയെന്ന് അവകാശപ്പെടുന്ന സി.പി.എമ്മിനും ജനപിന്തുണ ഏറെയുണ്ടെന്ന് പറയുന്ന കോൺഗ്രസിനും അത് കണ്ടുപിടിക്കാനായില്ലെങ്കിൽ കെട്ടിത്തൂങ്ങി ചാകുന്നതാണ് നല്ലത്.

89 വോട്ടിന് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടയാളാണ് ഞാൻ. എനിക്കെതിരെ 6000 കള്ളവോട്ടാണ് അന്ന് നടന്നത്. ഞാൻ കോടതിയിൽ പോയി. അന്നത്തെ എം.എൽ.എ മരിച്ചുപോയപ്പോൾ കേസ് പിൻവലിച്ചു. തെരഞ്ഞെടുപ്പ് ഫലത്തിൽ ആക്ഷേപമുണ്ടെങ്കിൽ കോടതിയെ സമീപിക്കുകയാണ് വേണ്ടത്. വെറുതെ ആരോപണമുന്നയിച്ച് വിവാദമുയർത്തേണ്ട കാര്യമില്ല” -സുരേന്ദ്രൻ പറഞ്ഞു.

മിണ്ടാട്ടമില്ലാതെ സുരേഷ് ഗോപി

മണ്ഡലത്തിലെ വോട്ട് ക്രമക്കേട് സംബന്ധിച്ച് ആക്ഷേപങ്ങൾ ഉയരുന്നതിനിടെ ചോദ്യങ്ങളോടൊന്നും മിണ്ടാട്ടമില്ലാതെ കേന്ദ്രമന്ത്രിയും എം.പിയുമായ സുരേഷ് ഗോപി തൃശൂരിലെത്തി. രാഹുൽ ഗാന്ധി തുറന്നിട്ട ‘വോട്ട് ചോരി’ വിവാദം തൃശൂർ ലോക്സഭ മണ്ഡലത്തിലും തീപ്പടർത്തുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ 9.30ഓടെ റെയിൽവേസ്റ്റേഷനിലെത്തിയത്. ബി.ജെ.പി പ്രവർത്തകരുടെ മുദ്രാവാക്യം വിളികൾക്കിടെ വന്ദേഭാരത് എക്സ്പ്രസിൽ നിന്നും ഇറങ്ങിയ സുരേഷ് ഗോപിക്ക് പിന്നാലെ മാധ്യമങ്ങൾ കൂടിയെങ്കിലും ചോദ്യങ്ങൾക്കൊന്നും മിണ്ടാട്ടമില്ല.

ചൊവ്വാഴ്ച നടന്ന സംഘർഷത്തിൽ പരിക്കേറ്റ ബി.ജെ.പി ​നേതാക്കളെയും പ്രവർത്തകരെയും സന്ദർശിക്കാനായി ആശുപത്രിയിലെത്തിയ എം.പിയെ മാധ്യ പ്രവർത്തകർ പിന്തുടർന്ന് ചോദ്യങ്ങൾ ആവർത്തിച്ചെങ്കിലും മറുപടിയൊന്നുമുണ്ടായില്ല. തുടർചോദ്യങ്ങൾക്കിടെ ‘ഇ​ത്രത്തോളം സഹായിച്ചതിന് നന്ദി’ എന്നും പറഞ്ഞ് കൈകൂപ്പി അദ്ദേഹം മുന്നോട്ട് നീങ്ങി. സി.പി.എം ആക്രമത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി നടത്തുന്ന കമ്മീഷണർ ​ഓഫീസ് മാർച്ചിൽ സുരേഷ് ഗോപി മറുപടി നൽകുമോയെന്നാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്.

Tags:    
News Summary - K Surendran slams LDF and UDF on bogus vote allegation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.