തൃശൂർ: രാഹുൽ ഗാന്ധി തുറന്നിട്ട ‘വോട്ട് കൊള്ള’യെന്ന ആറ്റംബോംബ് തൃശൂർ ലോക്സഭ മണ്ഡലത്തിലും വിവാദങ്ങൾക്ക് തീപ്പടർത്തുന്നതിനിടെ പാർലമെന്റംഗം സുരേഷ് ഗോപി ഇന്ന് മണ്ഡലത്തിൽ. തൃശൂർ ലോക്സഭ മണ്ഡലത്തിൽ ബി.ജെ.പിക്കു വേണ്ടി വ്യാപകമായി കള്ളവോട്ടുകൾ ചേർത്തുവെന്ന കണ്ടെത്തൽ സംഘർഷത്തിലേക്ക് നീങ്ങുന്നതിനിടെയാണ് എം.പിയുടെ സന്ദർശനം. കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും ആരോപണങ്ങളോടും, മാധ്യമ വാർത്തകളോടും ഇതുവരെ മൗനം പാലിക്കുകയാണ് ബി.ജെ.പി എം.പിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി.
ന്യൂഡൽഹിയിൽ നിന്നും ബുധനാഴ്ച പുലർച്ചെ 2.30ഓടെ തിരുവനന്തപുരത്തെത്തിയ സുരേഷ് ഗോപി, 5.15ന് വന്ദേഭാരത് എക്സ്പ്രസിലാണ് മണ്ഡലത്തിലേക്ക് പുറപ്പെട്ടത്. രാവിലെ 9.30ഓടെ എത്തിച്ചേരുന്ന എം.പിക്ക് ബി.ജെ.പി പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണവും നൽകും.
ആരോപണങ്ങൾ സംഘർഷത്തിലേക്ക് നീങ്ങുന്നതിനിടെയാണ് എം.പിയുടെ മണ്ഡല സന്ദർശനം.
ചൊവ്വാഴ്ച രാത്രിയിൽ സുരേഷ് ഗോപിയുടെ എം.പി ഓഫീസിലേക്ക് സി.പി.എം മാർച്ച് നടത്തിയിരുന്നു. ഓഫീസ് ബോർഡിൽ കരിഓയിൽ ഒഴിച്ചത് സംഘർഷത്തിലേക്കും നയിച്ചു. തുടർന്ന് ബി.ജെ.പി പ്രവർത്തകർ സി.പി.എം ഓഫീസിലേക്കും മാർച്ച് സംഘടിപ്പിക്കുകയും കല്ലേറിലും ഏറ്റുമുട്ടലിലും കലാശിക്കുകയും ചെയ്തു.
മണ്ഡലത്തിലെ വോട്ട് തട്ടിപ്പ് ആരോപണം ഉയർന്നത് മുതൽ മൗനം തുടരുകയാണ് എം.പി. ന്യൂഡൽഹിയിൽ മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും മിണ്ടാട്ടമില്ല. ഇന്ന് തൃശൂരിൽ പ്രതികരിക്കുമോയെന്നാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്. സംഘർഷത്തിൽ പരിക്കേറ്റ ബി.ജെ.പി പ്രവർത്തകരെ എം.പി സന്ദർശിക്കും.
അതേസമയം, മണ്ഡലത്തിലെ വോട്ട് തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ തെളിവുകൾ ഓരോ ദിവസവും പുറത്തുവരികയാണ്. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ മുതൽ മണ്ഡലത്തിന് പുറത്തുനിന്നുള്ള ബി.ജെ.പി പ്രവർത്തകരുടെ വരെ വോട്ടുകൾ അടച്ചിട്ട ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ചേർത്തത് കോൺഗ്രസും സി.പി.എമ്മും സി.പി.ഐയും തെളിവുകൾ സഹിതം പുറത്തുകൊണ്ടുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.