ആ ക്രൂരമർദനം മറക്കാൻ വാഗ്ദാനം ചെയ്തത് 20 ലക്ഷം, പൊലീസ് ​ഡ്രൈവറെ ഒഴിവാക്കിയെന്നും സുജിത്

തൃശ്ശൂർ: യൂത്ത് കോണ്‍ഗ്രസ് ചൊവന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ സ്റ്റേഷനി​ൽ ക്രൂരമർദനത്തിനിരയാക്കിയ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കസ്‍റ്റഡിയിലെ ക്രൂരമർദനം ഒതുക്കാൻ പിന്നീട്​ പൊലീസ് പണം വാഗ്ദാനം ചെയ്തെന്ന് സുജിത് മാധ്യമങ്ങളോട് വെളിപ്പെടുത്തി. സുജിത്തിനോടും പരാതിയടക്കം നിയമ നടപടികൾക്ക് പിന്തുണ നൽകിയ പ്രാദേശിക കോൺഗ്രസ് നേതാവ് വർഗീസ് ചൊവ്വന്നൂരിനോടും 20 ലക്ഷം വരെ പണം വാഗ്ദാനം ചെയ്തെന്നാണ് വെളിപ്പെടുത്തൽ.

പണം വാഗ്ദാനം ചെയ്തപ്പോള്‍ നിയമവഴിയിൽ കാണാമെന്ന് തിരിച്ചു പറഞ്ഞതോടെ ഉദ്യോഗസ്ഥർ പിൻതിരിയുകയായിരുന്നു. അന്ന് പോലീസ് ഡ്രൈവറായിരുന്ന സുഹൈറും തന്നെ മർദിച്ചിരുന്നു. ഇയാൾക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും സുജിത് പറഞ്ഞു. സുഹൈർ ഇപ്പോൾ റവന്യൂ വകുപ്പ് ജീവനക്കാരനാണ്. മര്‍ദിച്ച അഞ്ച് പേർക്കെതിരെയും നടപടി വേണമെന്നും സുജിത് ആവശ്യപ്പെട്ടു.

തൃശൂര്‍ ചൊവ്വന്നൂരിൽ വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് കണ്ട് സുജിത് വിവരമന്വേഷിക്കുകയായിരുന്നു. തുടർന്ന്, ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്.ഐ. നുഹ്മാന്റെ തേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പൊലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ട് പോയി ക്രൂരമർദനത്തിന് ഇരയാക്കുകയായിരുന്നു.

ഇതിനിടെ, പ്രതികളായ സഹപ്രവർത്തകരെ സംരക്ഷിക്കാൻ പൊലീസ് ശ്രമിച്ചിരുന്നതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. രക്ഷപെടാൻ പഴുതുകൾ ഉറപ്പിച്ച് പ്രതികളായ പൊലീസുകാർക്കെതിരെ ദുർബല വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ലോക്കപ്പ് മർദന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ഐ.പി.സി 323 പ്രകാരം കൈ കൊണ്ടടിച്ചു എന്ന വകുപ്പുമാത്രമാണ് ചുമത്തിയത്.

അതേസമയം, ഒരുകേസിൽ രണ്ടുശിക്ഷ നടപ്പാക്കാനാവില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. ശിക്ഷാനടപടികളുടെ ഭാഗമായി നാല് പൊലീസുകാരുടെയും പ്രമോഷൻ മൂന്ന് വർഷത്തേക്കും ഇൻക്രിമെന്റ് രണ്ട് വർഷത്തേക്കും തടഞ്ഞിരുന്നു. ഇതുകൊണ്ടുതന്നെ ഇനിയൊരു വകുപ്പുതല നടപടി സാധ്യമല്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. തുടർ നടപടി കോടതി തീരുമാനപ്രകാരം മതി എന്നും നിയമോപദേശം വ്യക്തമാക്കുന്നു. ക്രൈം റെക്കോർഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർ ആയിരുന്ന കെ.സി. സേതു സിറ്റി പോലീസ് കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിലും പൊലീസ് കസ്റ്റഡി മർദനം ശരിവെക്കുന്നുണ്ട്. ഉദ്യോഗസ്ഥർക്ക് എതിരെ നടപടി പേരിന് മാത്രമെന്നും സസ്പെൻഡ് ചെയ്യാതെ അന്വേഷിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.  

Tags:    
News Summary - kerala police brutality; Sujith reveals he has been offered 20 lakhs to withdraw the petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.