മുക്കം: വർഷങ്ങളായി താമസിച്ചുപോരുന്ന ഭൂമിക്ക് പട്ടയമെന്ന നിരവധി കുടുംബങ്ങളുടെ കാത്തിരിപ്പിന് അറുതിയാവുന്നു. മുക്കം നഗരസഭയിലെ ചേന്ദമംഗലൂർ മംഗലശ്ശേരി തോട്ടത്തിലെ 63 കുടുംബങ്ങളുടെ നാലര പതിറ്റാണ്ട് നീണ്ട പട്ടയപ്രശ്നത്തിനാണ് പരിഹാരമാകുന്നത്. മുഴുവൻ കുടുംബങ്ങൾക്കും പട്ടയം ഉറപ്പുനൽകി റവന്യൂ വകുപ്പ് ഉത്തരവിറക്കി.
പ്രശ്നപരിഹാരം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നുവര്‍ഷം മുമ്പ് വാര്‍ഡ് കൗണ്‍സിലര്‍ ഫാത്തിമ കൊടപ്പന റവന്യൂ മന്ത്രി കെ. രാജന് നിവേദനം നല്‍കിയിരുന്നു. 25.84 ഏക്കർ ഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിന് അനുമതി നൽകി തിങ്കളാഴ്ചയാണ് റവന്യൂ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയത്. ഓണസമ്മാനമായി ഈ കുടുംബങ്ങൾക്ക് പട്ടയം കൈമാറാനാണ് ശ്രമം. 1980ൽ സർക്കാർ പതിച്ചു നൽകിയ വനഭൂമി റവന്യൂ ഭൂമിയായി സർക്കാർ തരംമാറ്റി നൽകാത്തതിനെ തുടർന്ന് ഈ കുടുംബങ്ങൾ കുടിയൊഴിപ്പിക്കൽ ഭീഷണിയിലായിരുന്നു.
മുക്കം നഗരസഭയിലെ താഴക്കോട് വില്ലേജിലെ ചേന്ദമംഗലൂർ ദേശത്തെ കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കൽ ഭീഷണി നേരിട്ടുകൊണ്ടിരുന്നത്. രണ്ട് സർവേ നമ്പറുകളിലുള്ള 26 ഏക്കർ ഭൂമി 1980 ലാണ് 240 കുടുംബങ്ങൾക്ക് പതിച്ചുനൽകിയത്. ഓരോ കുടുംബത്തിനും 10 സെന്റ് ഭൂമി വീതമാണ് നൽകിയത്. എല്ലാവർക്കും അന്ന് പട്ടയം നൽകുകയും ചെയ്തിരുന്നു.
എന്നാൽ, നിക്ഷിപ്ത വനഭൂമി സ്വകാര്യ വ്യക്തികൾക്ക് പതിച്ചു നൽകിയതിൽ പന്തികേട് തോന്നിയതോടെ പട്ടയം തിരിച്ചുനൽകാൻ സർക്കാർതന്നെ ആവശ്യപ്പെടുകയായിരുന്നു. അപ്പോഴേക്കും നിരവധി കുടുംബങ്ങൾ അവിടെ വീടുവെച്ച് താമസമാരംഭിച്ചിരുന്നു. കിട്ടിയ ഭൂമിയിൽ വീട് വെച്ചവരും ഈ ഭൂമി വാങ്ങി വീട് വെച്ചവരുമാണ് ആശങ്കയിൽ കഴിഞ്ഞിരുന്നത്. മംഗലശ്ശേരി ഭൂമി പതിച്ചു നൽകിയത് നിക്ഷിപ്ത വനഭൂമി നിയമപ്രകാരമായിരുന്നില്ല. കേരള അരബിൾ ഫോറസ്റ്റ് ലാൻഡ് അസൈൻമെൻറ് റൂൾസ് 1970 പ്രകാരമാണ്.
വനസംരക്ഷണ നിയമത്തിലെ നടപടികൾ സ്വീകരിച്ചു റെഗുലറൈസ് ചെയ്യേണ്ടതില്ലെന്നും മംഗലശ്ശേരി ഭൂമി നിലവിൽ റവന്യൂ കൈവശമാണെന്നും ആർകൈവ്സിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മംഗലശ്ശേരി പട്ടയ പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ അടങ്ങിയ വിശദ റിപ്പോർട്ട് 2023 സെപ്റ്റംബറിൽ ലാൻഡ് റവന്യൂ കമീഷണർക്ക് സമർപ്പിച്ചിരുന്നതാണ്. രണ്ടുവർഷങ്ങൾക്ക് ശേഷമാണ് തുടർനടപടി ഉണ്ടാവുന്നത്. പട്ടയമില്ലാത്തതിനാൽ പുതിയ റേഷൻ കാർഡിന് അപേക്ഷിക്കാൻ സാധിച്ചിരുന്നില്ല. റേഷൻ കാർഡിനായി വീടിന്റെ ഓണർഷിപ് സർട്ടിഫിക്കറ്റിന് നഗരസഭ കാര്യാലയത്തിൽ ചെല്ലുമ്പോൾ വനഭൂമിയാണെന്നായിരുന്നു മറുപടി.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പി.എം.എ.വൈ, ലൈഫ് എന്നീ പദ്ധതികൾ പ്രകാരം വീടു നിർമാണത്തിന് നാലുലക്ഷം രൂപ വരെ ധനസഹായം ഉണ്ടായിരുന്നെങ്കിലും പതിച്ചു നൽകിയ ഭൂമിക്ക് പട്ടയമില്ലാത്തിനാൽ ഇവരാരും ഈ ആനുകൂല്യത്തിന് അർഹരല്ലെന്ന് അധികൃതർ വിധിയെഴുതുകയായിരുന്നു. അതോടെ കയറിക്കിടക്കാൻ പുതിയൊരു വീടെന്ന സ്വപ്നം പലർക്കും അന്യമായി. കഴിഞ്ഞ വി.എസ് സർക്കാറിന്റെ കാലത്ത് ഇവർക്ക് പട്ടയം നൽകാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു.
എന്നാൽ, വനഭൂമി റവന്യൂ ഭൂമിയായി തരം മാറ്റുന്നതിലെ സാങ്കേതിക പ്രശ്നങ്ങൾ വീണ്ടും തിരിച്ചടിയായി. പിന്നീടുവന്ന ഉമ്മൻ ചാണ്ടി സർക്കാറും പ്രശ്നത്തിൽ ഇടപെട്ടു. ജനകീയ സമ്മർദങ്ങൾക്കൊടുവിൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശ പ്രകാരം തഹസിൽദാർ വിചാരണ നടത്തി. സ്ഥലം ലഭിച്ചതിൽ 50 പേരാണ് വിചാരണയിൽ പങ്കെടുത്തത്. ഇതിൽ മൂന്നുപേർ 1980ൽ ലഭിച്ച പട്ടയം ഹാജരാക്കി. 23 പേർ കിട്ടിയ പട്ടയം പണയം വെച്ചെന്നും 24 പേർ പട്ടയം കിട്ടിയിട്ടില്ലെന്നും മൊഴി നൽകി. തുടർന്ന് ഇവർക്ക് പട്ടയം നൽകാവുന്നതാണെന്ന് കാണിച്ച് തഹസിൽദാർ റിപ്പോർട്ട് നൽകിയെങ്കിലും തുടർ നടപടികളുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.