ട്രോളിങ് നിരോധന പ്രതീക്ഷയില്‍ തോട്ടപ്പള്ളി ഹാര്‍ബറില്‍ നങ്കൂരമിട്ടിരിക്കുന്ന പരമ്പരാഗത വള്ളങ്ങള്‍
അമ്പലപ്പുഴ: ട്രോളിങ് നിരോധനം നിമിത്തം ബോട്ടുകൾ കരക്കുകയറുന്നതോടെ തങ്ങൾ പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന് വില കിട്ടുമെന്ന പ്രതീക്ഷയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളും വള്ളം ഉടമകളും. ഈ സമയത്തെ ചാകര കൊയ്ത്ത് കാത്തിരിക്കുകയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. കുറച്ചുനാളുകളായി വറുതിയിൽ നട്ടംതിരിയുന്ന ഇവർ ചാകര തെളിഞ്ഞാൽ വള്ളമിറക്കാനുള്ള തയാറെടുപ്പിലാണ്.
ലെയ് ലൻറ്, ബീഞ്ച്, ഡിസ്ക്കോ വള്ളങ്ങൾക്ക് ട്രോളിങ് ബാധകമല്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പ്രതീക്ഷയുള്ളത് ഈ സമയത്താണ്. പലരും പുതിയവള്ളം കടലിൽ ഇറക്കാൻ കാത്തിരിക്കുകയാണ്. ലക്ഷങ്ങൾ കടം വാങ്ങിയാണ് വള്ളവും വലയും തരപ്പെടുത്തിയിട്ടുളളത്. ചൂട, താങ്ങ്, നീട്ട്, എച്ച്.എം, വലയോട്ട, അടിവല തുടങ്ങിയ വലകളാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്നത്. ദിവസങ്ങളോളം കൂട്ടമായി ഇരുന്നാണ് വലകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കുന്നത്. ഇൻബോർഡ് വളളങ്ങൾ ഉൾപ്പെടെയുളള എല്ലാ വളളങ്ങൾക്കും മത്സ്യബന്ധനം നടത്താം. എന്നാല്‍ ഒരു ക്യാരിയര്‍ വള്ളം മാത്രമെ ഉപയോഗിക്കാന്‍ അനുമതിയുള്ളു.
ചെറിയ ഒരു വള്ളം കടലിൽ പോയി മത്സ്യബന്ധനം കഴിഞ്ഞു തിരികെയെത്തുമ്പോൾ 6000 രൂപയോളം ഇന്ധന ചെലവ് മാത്രം വരും. ലെയ്ലന്റ് ഇനത്തിൽ പെട്ട വള്ളമാകുമ്പോൾ തുക ഇരട്ടിയിലധികമാകും. മീന്‍ കിട്ടിയില്ലെങ്കിലും തൊഴിലാളികള്‍ക്ക് ബാറ്റ നല്‍കുകയും വേണം. ഇങ്ങനെ വൻകടക്കെണിയിലാണ് പല വള്ളം ഉടമകളും. ഇത്തവണ ട്രോളിങ് നിരോധന കാലത്ത് പ്രതീക്ഷകൾ ഫലം കാണുമെന്ന വിശ്വാസത്തിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ.
നിരോധന കാലത്ത് മത്സ്യ സംസ്കരണ തൊഴിലാളികളും കഷ്ടത്തിലാകും. കുറെ നാളുകളായി കേരളത്തിന്റെ കടലോരങ്ങളിൽ നിന്ന് കയറ്റുമതിക്ക് ആവശ്യമായ മത്സ്യ വിഭവങ്ങൾ ലഭിക്കാറില്ലെന്നാണ് വ്യവസായികളുടെ പരാതി. അയൽ സംസ്ഥാനങ്ങളിൽ നിന്ന് മത്സ്യങ്ങൾ ഇറക്കുമതി ചെയ്ത് സാംസ്കരിച്ചാണ് കയറ്റുമതി ചെയ്യുന്നത്. ഇതൊരു നഷ്ടക്കച്ചവടമാണെന്ന് മനസ്സിലാക്കി, ഇതര സംസ്ഥാനങ്ങളിൽ തന്നെ വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കാനും ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ചില വ്യവസായികൾ മറ്റു സംസ്ഥാനങ്ങളിൽ വ്യവസായ സ്ഥാപനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
വനാമി ചെമ്മീൻ വളർത്തുന്നതിന് അരൂർ മേഖലയിലെ തരിശു കിടക്കുന്ന പാടങ്ങൾ, മത്സ്യ കൃഷിയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായികൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്.അനുകൂലമായ ചില നടപടികൾ സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.
കേരളത്തിന്റെ ഹാർബറുകളിൽ നിന്നു വ്യാപകമായി ലഭിക്കുന്ന ചെമ്മീനുകൾ സംസ്കരിച്ചു കയറ്റുമതി ചെയ്യുന്നത് ട്രോളിങ് നിരോധന കാലത്ത് നിലക്കും. ഇതുമൂലം അരൂർ മേഖലയിലെ ചെമ്മീൻ സംസ്കരണ - കയറ്റുമതി സ്ഥാപനങ്ങളുടെ പ്രവർത്തനവും മന്ദഗതിയിലാകും. പട്ടിണിയിലാകുന്ന ചെമ്മീൻ തൊഴിലാളികൾക്ക് ആശ്വാസം പകരാൻ ആനുകൂല്യങ്ങൾ നൽകണമെന്ന് തൊഴിലാളി സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.