തോട്ടപ്പള്ളി ഹാര്‍ബറില്‍ നങ്കൂരമിട്ട വള്ളങ്ങള്‍
അമ്പലപ്പുഴ: കാറ്റും കോളും ആഴക്കടലിലെ ശക്തമായ തിരമാലയും നിമിത്തം ട്രോളിങ് നിരോധനകാലത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷ മങ്ങുന്നു. നിരന്തരം ഉണ്ടാകുന്ന മത്സ്യബന്ധന നിരോധനവും കൂടിയായതോടെ തൊഴിലാളികൾ നിത്യവൃത്തിക്ക് വകയില്ലാത്ത അവസ്ഥയിലാണ്.
ജില്ലയുടെ വിവിധ തീരങ്ങളില്‍നിന്ന് നൂറുകണക്കിന് വള്ളങ്ങളാണ് തോട്ടപ്പള്ളി ഹാര്‍ബറില്‍ എത്തിയത്. ട്രോളിങ് നിരോധനം ഒരാഴ്ച പിന്നിട്ടെങ്കിലും ആദ്യ രണ്ട് ദിവസങ്ങളില്‍ ചെറിയതോതില്‍ മിക്ക വള്ളങ്ങളിലും മീന്‍ കിട്ടിയതല്ലാതെ മറ്റ് ദിവസങ്ങളില്‍ നിരാശയായിരുന്നു. നീട്ടുവല വള്ളങ്ങളിലാണ് കുറഞ്ഞതോതില്‍ മീന്‍ കിട്ടിയത്. മൂന്ന് മുതല്‍ പത്ത് കൊട്ടവരെ മത്തി കിട്ടി. ഇടത്തരം മത്തിയാണെങ്കിലും 160 മുതല്‍ 250 രൂപവരെ കിലോക്ക് കിട്ടിയിരുന്നു. ചെലവ് കഴിഞ്ഞ് 25,000 മുതല്‍ ഒരു ലക്ഷംവരെ കിട്ടിയ വള്ളങ്ങളുണ്ട്. ചെറിയ നാരന്‍ ചെമ്മീന്‍ കിട്ടിയ വള്ളങ്ങളുമുണ്ട്.
ഈ സമയങ്ങളിലാണ് വലിയ നാരന്‍ അധികവും കിട്ടാറുള്ളത്. അടിക്കടല്‍ ഒഴുക്ക് ശക്തമായതിനാല്‍ വലനീട്ടാന് പറ്റാതെ നിരാശയോടാണ് മറ്റ് ദിവസങ്ങളില്‍ വള്ളങ്ങള്‍ മടങ്ങിയെത്തിയത്. രണ്ട് ദിവസങ്ങളായി തീരക്കടലിലും തിരശക്തമായതോടെ പൊന്തുവള്ളങ്ങളും കടലില്‍ ഇറക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
ഒരാള്‍ മാത്രം കടലില്‍ മത്സ്യബന്ധനം നടത്തുന്നതാണ് പൊന്തുവള്ളങ്ങള്‍. നൂറുകണക്കിന് പൊന്തുവള്ളങ്ങളാണ് കരക്ക് കയറ്റിവെച്ചിരിക്കുന്നത്. ഹാര്‍ബറിന് പുറത്ത് നങ്കൂരമിട്ടിരുന്ന വള്ളങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. അടുത്ത ദിവസങ്ങളില്‍ കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യത കണക്കിലെടുത്താണ് വള്ളങ്ങള്‍ മാറ്റുന്നത്. ട്രോളിങ് നിരോധനകാലത്തെ പ്രതീക്ഷയില്‍ ലക്ഷങ്ങൾ ചെലവഴിച്ചാണ് വള്ളവും വലയും പുതിക്കിപ്പണിത് നീരണിയിച്ചത്.
മാസങ്ങളായി വറുതിയുടെ തീരത്തായിരുന്നവര് ട്രോളിങ് സമയം എത്താൻ കാത്തിരിക്കുകയായിരുന്നു. ഈ സമയത്താണ് മീന്‍ വില കൂടുതല്‍ കിട്ടുന്നത്. തോട്ടപ്പള്ളി മുതൽ കളർകോടുവരെ 500ഓളം വള്ളങ്ങളാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കിടയിൽ ഉള്ളത്. കൂടാതെ ആയിരത്തിലേറെ നീട്ടുവലക്കാരുമുണ്ട്. ഒരു ദിവസം മത്സ്യബന്ധനം നടത്തുന്നതിന് 5000 മുതല്‍ 10000 രൂപവരെ ഇന്ധനത്തിന് ഉള്‍പ്പെടെ ചെലവ് വരും.
ഇത്രയേറെ ചെലവുചെയ്ത് മത്സ്യബന്ധനം കഴിഞ്ഞു കരക്കടുത്താൽ അതിനുള്ള മീൻ പലപ്പോഴും കിട്ടാറില്ല. ചെലവ് കഴിഞ്ഞുള്ള തുകയും മുതലുപണവും കഴിഞ്ഞുള്ള തുക വീതം വെച്ചാണ് തൊഴിലാളികള്‍ക്ക് നല്‍കുന്നത്.
വള്ളങ്ങളെ ആശ്രയിച്ചുകഴിയുന്ന അനുബന്ധ തൊഴിലാളികളുടെ കാര്യവും ഇതിലേറെ നിരാശയിലായിരുന്നു. ഇവർക്ക് മറ്റ് തീരങ്ങളിൽപ്പോയി പണിയെടുക്കാനാകില്ല. വള്ളം തീരത്തടുത്താൽ വാഹനത്തിൽ മീൻ എത്തിക്കുന്നതുവരെ നിരവധി തൊഴിലാളികളാണ് ഒരു വള്ളത്തെ മാത്രം ആശ്രയിച്ച് തൊഴിലെടുക്കുന്നത്. കൂടാതെ മത്സ്യവിൽപനക്കാർ, ഐസ്ഫാക്ടറി തൊഴിലാളികൾ, മത്സ്യസംസ്കരണശാലകളിലെ ജീവനക്കാർ അടക്കം ആയിരക്കണക്കിന് തൊഴിലാളികൾ വേറയും. ഇവരെല്ലാം ഇപ്പോൾ പ്രതിസന്ധിയുടെ തീരത്താണ്.
ചാകര കണ്ടാൽ ചായക്കടകളും ഹോട്ടലുകളും തുണിത്തരങ്ങളും പാത്രങ്ങളും കച്ചവടവുമെല്ലാമായി ഉത്സവാന്തരീക്ഷത്തിലായിരിക്കും തീരം. എന്നാൽ, കടൽ നിരന്തരം പ്രക്ഷുബ്ധമാകുന്നത് ഇവരുടെ പ്രതീക്ഷകൾ തകർത്തിരിക്കുകയാണ്. എങ്കിലും അടുത്ത ദിവസങ്ങളില്‍ ചാകരതെളിയുമെന്നതിന്റെ സൂചനയാണ് ഇപ്പോള്‍ ഉണ്ടാകുന്ന കടലിളക്കമെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.