ജി.എൻ. നായർ, ഭാര്യ എസ്. ശകുന്തള
ചേർത്തല: അടിയന്തരാവസ്ഥയിലെ ആദ്യ അറസ്റ്റ് വരിച്ച ജി.എൻ. നായരെ കുറിച്ച് ഇന്നും നടുക്കുന്ന ഓർമയിൽ ഭാര്യ എസ്. ശകുന്തള (70). ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജീപ്പിൽ കൊണ്ടുപോകുമ്പോൾ പറക്കമുറ്റാത്ത രണ്ട് പെൺകുഞ്ഞുങ്ങളുമായി എങ്ങോട്ടുപോകണമെന്നറിയാതെ പകച്ചുനിന്ന അവസ്ഥയിലാണ് ശകുന്തളയുടെ അമ്പതാണ്ട് കടന്നുപോകുന്നത്.
1975 ജൂൺ 25 ന് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ എല്ലാ രാഷ്ട്രീയ നേതാക്കളും നിശബ്ദരായ സമയം. വക്കീൽ പ്രാക്ടീസും സ്വന്തമായി ക്രോസ് ബെൽറ്റ് എന്ന ദിനപത്രവും നഗരമധ്യത്തിൽ ദീപക് ട്യൂട്ടോറിയലും നടത്തുന്നതിനിടെയാണ് കേരള യുവജനത ജില്ല സെക്രട്ടറിയായിരുന്ന ജി.എൻ. നായർ ചേർത്തല മുനിസിപ്പൽ മൈതാനിയിൽ നടന്ന പാർട്ടി വിശദീകരണ യോഗത്തിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സംസാരിച്ചത്. ‘‘ഭാരതത്തിൽ ഒരു കുരുക്ഷേത്ര യുദ്ധം തുടങ്ങുകയാണ്. ഇന്ദിരാഗാന്ധിയും അവരുടെ കൂട്ടാളിയും’’ എന്ന് തുടങ്ങിയായിരുന്നു പ്രസംഗം. നൂറുകണക്കിന് പ്രവർത്തകരുടെ സാന്നിധ്യത്തിലാണ് യോഗം നടന്നത്.
പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് യോഗശേഷം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് നിറകണ്ണുകളോടെ ശകുന്തള പറയുന്നു. കേന്ദ്ര സർക്കാറിനെ ആക്ഷേപിച്ച് സംസാരിക്കുകയും ആഭ്യന്തര സുരക്ഷിതത്വ നിയമത്തിനെതിരെ ആളുകളെ സംഘടിപ്പിക്കുകയും രാജ്യത്ത് കലാപം സൃഷ്ടിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ജി.എൻ. നായർക്കെതിരെ പൊലീസ് എഴുതി ഉണ്ടാക്കിയത്.
ഇതായിരുന്നു ജില്ലയിൽ അടിയന്തരാവസ്ഥയിലെ ആദ്യ അറസ്റ്റ്. ആഴ്ചകളോളം ജയിലിൽ ക്രൂര മർദനത്തിന് വിധേയനാകേണ്ടി വന്നു. പിന്നീട് ആലപ്പുഴ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ജാമ്യം നേടി. തുടർന്ന് 1975 ജൂലൈ 27 ന് വീണ്ടും പൊലീസ് വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജി.എൻ. നായരെ അറസ്റ്റ് ചെയ്തു.
പൊലീസിന്റെ ക്രൂരമർദനവും മാനസിക പീഡനവും ഭക്ഷണം യഥാസമയം നൽകാതെയും ഒരുവർഷത്തോളം ജയിൽജീവിതം അനുഭവിച്ചു. ഇതോടെ കുടുംബവും തൊഴിലിടവും അനാഥമായി. രാഷ്ട്രീയത്തിലുണ്ടായിരുന്നവർ പോലും പേടിച്ച് സഹകരണം ഉപേക്ഷിച്ചു. പിന്നീട് കേസുകഴിഞ്ഞ് നാട്ടിൽ എത്തിയ ശേഷം ചേർത്തല കോടതിയിൽ പ്രാക്ടീസും പത്രപ്രവർത്തനവുമായി ജീവിതത്തിലേക്ക് തിരിച്ചുവന്നു.
2024 ആഗസ്റ്റ് നാലിനാണ് ജി.എൻ. നായരുടെ മരണം. ശേഷം ചേർത്തല നഗരസഭ 23-ാം വാർഡിൽ ശകുന്തളാലയം കിഴക്കേ മാധവപ്പള്ളിയിൽ വിശ്രമജീവിതത്തിലാണ് ശകുന്തള.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.