മരുന്ന് പെട്ടിയിൽ നിന്ന് മരുന്നുകൾ ശേഖരിക്കുന്ന ഹംസകോയ
ആലുവ: വേറിട്ട വഴികളിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് ഹംസക്കോയ. സാഹിത്യ- സാമൂഹ്യ - സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യമായ അദ്ദേഹം ജീവിത സായാഹ്നത്തിലും മറ്റുള്ളവർക്ക് തണലേകുകയാണ്. നിർധന രോഗികൾക്ക് താങ്ങാവാൻ അദ്ദേഹം ആരംഭിച്ച മെഡിസിൻ ബാങ്ക് പദ്ധതി വൻ വിജയമായിരുന്നു. അതിന്റെ തുടർച്ചയായി ഇപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വാട്ടർ ഡിസ്പെൻസറുകൾ സ്ഥാപിക്കുന്ന പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്.
മറ്റ് നിരവധി സാമൂഹ്യ പ്രവർത്തനങ്ങളുടെ തിരക്കുകൾക്കിടയിലാണ് 77 വയസുള്ള ഹംസക്കോയ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത്. ആലുവയിലെ റെസിഡൻറ്സ് അസോസിയേഷനുകളുടെ സംയുക്ത വേദിയായിരുന്ന 'കോറ'യുടെ നേതൃത്വത്തിലാണ് മെഡിസിൻ ബാങ്ക് പദ്ധതി ആരംഭിച്ചത്. കോറ പ്രസിഡന്റായിരുന്ന ഹംസക്കോയ തന്നെയാണ് മരുന്ന് ബാങ്ക് പദ്ധതിയെന്ന ആശയം കൊണ്ടുവന്നതും ആരംഭിച്ചതും. ഇതിന്റെ ഭാഗമായി ആലുവയിലും സമീപ പ്രദേശങ്ങളിലും നൂറിലധികം മരുന്ന് ശേഖരണ പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. ഉപയോഗ ശേഷം അവശേഷിക്കുന്ന മരുന്നുകൾ പൊതുജനങ്ങൾക്ക് ഈ പെട്ടികളിൽ നിക്ഷേപിക്കാനാകും.
ആലുവ പബ്ലിക് പ്ലാറ്റ്ഫോം ട്രസ്റ്റും നടത്തുന്ന മെഡിസിൻ ബാങ്ക് പദ്ധതിയുടെ ഭാഗമായ 99 ആമത്തെ മരുന്ന് ശേഖരണ പെട്ടി ജില്ല പൊലീസ് മേധാവി വിവേക് കുമാർ ഉദ്ഘാടനം ചെയ്യുന്നു
ഇത്തരത്തിൽ നിക്ഷേപിക്കപ്പെടുന്ന മരുന്നുകൾ ശേഖരിച്ച് അർഹരായ നിർധന രോഗികളിലേക്ക് എത്തിക്കുന്നതാണ് മെഡിസിൻ ബാങ്ക് പദ്ധതി. മരുന്നുകൾ പെട്ടികളിൽ നിന്ന് ശേഖരിക്കാനും വിതരണം ചെയ്യാനും അദ്ദേഹം തന്നെയാണ് മുൻപിലുള്ളത്. അദ്ദേഹത്തോടൊപ്പം സുഹൃത്തായ ഷംസുദ്ദീനും ഈ കാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയാവുന്നു. കോറ സംഘടന ഇല്ലാതായതിനെ തുടർന്ന്, ഹംസക്കോയ ഭാരവാഹിയായ ആലുവ പബ്ലിക് പ്ലാറ്റ്ഫോം ട്രസ്റ്റാണ് മെഡിസിൻ ബാങ്ക് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്.
വിതരണം ചെയ്തത് കോടികളുടെ മരുന്നുകൾ
ഏത് നാട്ടിലും വളരെ വിഷമതകൾ അനുഭവിക്കുന്ന ഒരു വിഭാഗമാണ് നിർധനരായ രോഗികൾ. രോഗം മൂലമുള്ള വേദനകൊണ്ട് പുളയുമ്പോഴും ഒരു നേരത്തെ മരുന്നുപോലും വാങ്ങാൻ കഴിയാതെ വേദന കടിച്ചിറക്കുകയാണ് പലരും. ഇത്തരം സാധുക്കൾക്ക് വേണ്ട സഹായങ്ങൾ പല ഭാഗത്തും ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് നിർധന രോഗികൾക്ക് തണലേകാൻ 'കോറ' പ്രസിഡൻറായിരുന്ന പി.എ.ഹംസക്കോയ മെഡിസിൻ ബാങ്ക് പദ്ധതിക്ക് 2017 ൽ തുടക്കമിട്ടത്. ഭീമമായ ചികിൽസാ ചിലവുകൾ താങ്ങാനാകാതെ വിഷമിക്കുന്ന അശരണരും പാവപ്പെട്ടവരുമായ രോഗികളെ സഹായിക്കാനാണ് ‘കോറ മെഡിസിൻ ബാങ്ക്’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതോടകം നിരവധി രോഗികൾക്ക് സാന്ത്വനമേകാൻ പദ്ധതിക്കായി. പദ്ധതിയുടെ ഭാഗമായി കോടികണക്കിന് രൂപയുടെ മരുന്നുകളാണ് ഇതിനകം നിർധന രോഗികൾക്ക് നൽകിയത്.
നഗരത്തിലെ മുഖ്യമായ സ്ഥലങ്ങളിലും പൊതുജന സമ്പർക്കമുള്ള പ്രദേശങ്ങളിലുമാണ് മരുന്ന് ശേഖരണ പെട്ടികൾ സ്‌ഥാപിച്ചിട്ടുള്ളത്. ഇതിൽ മരുന്നുകൾ നിക്ഷേപിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കലായിരുന്നു പ്രാഥമിക പ്രവർത്തനം. അത് വിജയിച്ചതോടെ ബോക്സുകളിൽ മരുന്നുകൾ വന്നുതുടങ്ങി. മെഡിസിൻ ബോക്സുകളുടെ ഉദ്ഘാടനം നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലായാണ് നടന്നത്. നഗരത്തിൽ പലഭാഗങ്ങളിലും ബോക്സുകൾ വച്ചത് കണ്ട് സമീപ ഗ്രാമങ്ങളിൽ നിന്നും സന്നദ്ധ പ്രവർത്തകർ സംഘടനയെ സമീപിച്ചു. ഇതിൻറെ ഭാഗമായി ആലുവക്ക് പുറമെ സമീപത്തെ നിരവധി പ്രദേശങ്ങളിലും ബോക്സുകൾ സ്‌ഥാനം പിടിച്ചു. പദ്ധതിയുടെ ഉപജ്ഞാതാവായ പി.എ.ഹംസക്കോയയാണ് ബോക്സുകൾക്ക് സ്പോൺസർമാരെ കണ്ടെത്തൽ, ബോക്സുകൾ സ്‌ഥാപിക്കൽ തുടങ്ങിയ കർത്തവ്യങ്ങളും ഏറ്റെടുത്ത് നടത്തുന്നത്. പാലിയേറ്റീവ് കെയർ സ്ഥാപനങ്ങളിലൂടെയും മറ്റുമാണ് മരുന്നുകൾ അർഹരിലേക്ക് എത്തിക്കുന്നത്.
ആലുവ: ഇന്ത്യയിലും ഗൾഫിലും വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുള്ള പി.എ. ഹംസക്കോയ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിര താമസമാക്കിയതോടെയാണ് സാമൂഹ്യ- ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായത്. 2009ൽ നാട്ടിൽ വന്നപ്പോൾ തോട്ടകട്ടുകര - കടുങ്ങല്ലൂർ റോഡ് റെസിഡൻറ്സ് അസോസിയേഷന്റെ പ്രസിഡന്റ് പദവി ഏറ്റെടുത്തു. പിന്നീട്, ഒരുപാട് പരിപാടികളുമായി അസോസിയേഷൻ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. അസോസിയേഷന്റെ കീഴിൽ ഒരു വായന ശാലക്കും ലൈബ്രറിക്കും തുടക്കം കുറിച്ചു. ഇതിനിടയിലാണ് റെസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോറ എന്ന സംഘടനയുടെ പ്രസിഡൻ്റ് പദവി ഏറ്റെടുത്തത്. ചെറുപ്പം മുതൽ കല, സാഹിത്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന പി.എ. ഹംസക്കോയ വിവിധ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 2012ൽ 10 ഹാസ്യ കഥകളുടെ സമാഹാരമായി രചിച്ച പുട്ട് മഹാത്മ്യം എന്ന ഗ്രന്ഥത്തിന്
എറണാകുളം പ്രസ് ക്ലബ്ബും പബ്ലിക് റിലേഷൻ കൗൺസിൽ ഓഫ് ഇന്ത്യയും ചേർന്ന് നൽകിയ തൂലിക അവാർഡ്, തിരുവിനന്തപുരം തിക്കുറുശ്ശി ഫൗണ്ടേഷൻറെ ഹാസ്യ കൃതിക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. പൊടിക്കാറ്റിൽ മൂടിയ ക്രെസ്സിഡ എന്ന നോവലിന് 2014 ൽ ദുബായ് ചാരിറ്റി ഫൗണ്ടേഷന്റെ അവാർഡ്, കടൽ കടന്നുവന്ന മോഹപക്ഷി എന്ന ഗ്രന്ഥത്തിന് 2018ൽ
ടി.കെ.ആർ.എ ലൈബ്രറിയുടെയും എം.എസ്.എസിന്റെയും അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 2020 ൽ വിശുദ്ധ പ്രേമവും ഒരു പുനർജന്മവും എന്ന പുസ്തകവും രചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.