കുമ്പള: മൊഗ്രാൽ പുത്തൂരിൽ മണൽ മാഫിയ സ്വൈരവിഹാരം നടത്തുന്നതായി നാട്ടുകാരുടെ പരാതി. രാത്രിയായാൽ കടവുകളിലേക്ക് മണൽ വണ്ടികളുടെ പ്രവാഹമാണെന്ന് നാട്ടുകാർ പറയുന്നു. ഇത് നാട്ടുകാരുടെ ഉറക്കംകെടുത്തുകയാണെന്നാണ് ആക്ഷേപം.
മണൽ മാഫിയ അവരുടെ മണൽ വാഹനങ്ങൾക്ക് അകമ്പടി പോകാൻ വിദ്യാർഥികളെയും യുവാക്കളെയും ഉപയോഗിക്കുന്നു. മണൽ വാഹനങ്ങൾക്ക് തൊട്ടുമുന്നിൽ ഇരുചക്രവാഹനങ്ങളിൽ അകമ്പടി സേവനം നടത്തുന്ന യുവാക്കൾക്കും വിദ്യാർഥികൾക്കും ഒറ്റരാത്രികൊണ്ടുതന്നെ 2,000 ത്തിലധികം രൂപ വരുമാനമുണ്ടാക്കാൻ സാധിക്കുന്നുണ്ട്. പണമുണ്ടാക്കാനുള്ള ആർത്തിയിൽ അവരെല്ലാം മണൽ മാഫിയകളുടെ കുരുക്കിലകപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്.
രാത്രിയിൽ ഉറക്കമൊഴിച്ചുള്ള പണികളായതിനാൽ ഇവർക്ക് സിഗരറ്റും മറ്റു പുകയില ഉൽപന്നങ്ങളും ഉപയോഗിക്കേണ്ടിവരുന്നു. തുടർന്ന് എം.ഡി.എം.എപോലുള്ള മാരക രാസലഹരികൾക്ക് അടിമപ്പെട്ട് യുവാക്കൾ സ്വയം നശിക്കുകയും ചെയ്യുന്നു. ഇതിൽനിന്ന് നാടിനെ രക്ഷിക്കാൻ മണൽ മാഫിയകളെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. അതിനാൽ മണൽ മാഫിയക്കെതിരെ ശക്തമായ നടപടികൾ പൊലീസ് സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.