ഒരു ലക്ഷം രൂപ പിഴ ലഭിച്ച സന്ദീപ്, 60000 രൂപ പിഴ ലഭിച്ച അഷ്റഫ് തുടങ്ങിയവർ കുമ്പളയിലെ എ.ഐ. കാമറക്ക് സമീപം
കുമ്പള (കാസർകോട്): റോഡ് നിയമം ലംഘിക്കുന്ന വാഹന യാത്രക്കാർക്ക് മുട്ടൻ പണിയുമായി കുമ്പളയിലെ നിരീക്ഷണ കാമറ. ടൗണിൽ ബദിയടുക്ക റോഡിൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ കാമറയാണ് യാത്രക്കാർക്ക് ലക്ഷങ്ങൾ വരെ പിഴയുമായി മുട്ടൻ പണി കൊടുത്തത്. ഒരു വർഷം മുമ്പ് സ്ഥാപിച്ച കാമറ രണ്ടു മാസത്തിനകം കേടു വരികയും തുടർന്ന് 10 മാസത്തോളം അതേപടി തുടരുകയും ആയിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച കാമറ നന്നാക്കിയതോടെയാണ് റോഡ് നിയമം തെറ്റിച്ച് വാഹനം ഓടിച്ച ഡ്രൈവർമാർക്ക് എട്ടിൻറെ പണി നൽകി കാമറ വരവറിയിച്ചത്. പത്തു മാസത്തോളം കണ്ണടച്ചിരുന്ന ഇക്കാലയളവിൽ നിയമലംഘനം നടത്തിയ വാഹനങ്ങൾക്ക് ഒന്നിച്ച് പിഴ അടക്കാനുള്ള നോട്ടീസ് ലഭിക്കുകയായിരുന്നു.
കുമ്പളയിലെ വ്യാപാരി അഷറഫിന് 60,000 രൂപയും സന്ദീപിന് ഒരു ലക്ഷം രൂപയും വ്യാപാരിയായ ഹനീഫിന് 46,000 രൂപയും കുമ്പള ഭാസ്കർ നഗറിലെ സന്ദീപിന് പതിനായിരം രൂപയും ആണ് പിഴ നോട്ടീസ് ലഭിച്ചത്. നോട്ടീസ് കണ്ട് ഞെട്ടിയ വ്യാപാരികൾ സമാന അനുഭവം ഉള്ളവരും ആയി ചേർന്ന് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ശക്തമായ പ്രതിഷേധത്തിന് കോപ്പ് കൂട്ടുകയാണ്.
ഓരോ തവണയും നിയമം ലംഘിക്കുമ്പോൾ അതേസമയം പിഴ ലഭിച്ചിരുന്നുവെങ്കിൽ അത് വലിയ പ്രയാസം കൂടാതെ അടച്ചു തീർക്കാൻ കഴിയുമായിരുന്നു എന്നാണ് നോട്ടീസ് ലഭിച്ചവർ പറയുന്നത്. നൂറുകണക്കിന് യാത്രക്കാർക്കാണ് പിഴയടക്കാനുള്ള നോട്ടീസ് ലഭിച്ചത് എന്നാണ് വിവരം. ഇത്തരം പിഴ ലഭിച്ച ആളുകൾ തിങ്കളാഴ്ച രാവിലെ കുമ്പളയിൽ കാമറയ്ക്ക് അടുത്ത് ഒത്തുചേർന്ന് പ്രതിഷേധം അറിയിച്ചു. ഈ പകൽ കൊള്ളക്കെതിരെ നിയമനടപടികളുമായി മുമ്പോട്ട് പോകാനാണ് കൂട്ടായ്മയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.