തിരുവനന്തപുരം: ഓണത്തിന് കേരള പൊലീസ് പുറത്തിറക്കിയ വീഡിയോക്ക് സമൂഹമാധ്യമങ്ങളിൽ പരിഹാസം. ‘സഹായത്തിന് വിളിച്ചോണം’ എന്ന പേരിൽ കേരള പൊലീസിന്‍റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിൽ പ്രസിദ്ധീകരിച്ച വീഡിയോക്കാണ് പരിഹാസ കമന്‍റുകൾ നിറയുന്നത്. യൂത്ത് കോൺഗ്രസ് നേതാവിനെ സ്റ്റേഷനിൽ ക്രൂരമായി മർദിക്കുന്ന ദൃശ്യം പുറത്തുവരികയും കേരള പൊലീസ് പ്രതിക്കൂട്ടിലാകുകയും ചെയ്തത് ചൂണ്ടിക്കാട്ടിയാണ് നെറ്റിസൺസ് പരിഹസിക്കുന്നത്.
ഓണത്തിന് നാട്ടിലെത്തിയ മാവേലി രാത്രി റോഡിൽ ആരെയും കാണാത്തതോടെ മൊബൈലിൽ പൊലീസിനെ സഹായത്തിന് വിളിക്കുന്നതും ഉടൻ പൊലീസ് ജീപ്പുമായെത്തി മാവേലിയെ കൂട്ടി പോകുന്നതുമാണ് ഹ്രസ്വ വീഡിയോയിലുള്ളത്. എന്നാൽ, വീഡിയോക്ക് ലൈക്കിനേക്കാളും കൂടുതൽ പരിഹാസച്ചിരിയാണ് റിയാക്ഷനായി ലഭിച്ചത്. കേരള പൊലീസിന്‍റെ ഇടിമുറ സൂചിപ്പിച്ച് കമന്‍റുകളും നിറഞ്ഞു.
‘എന്നിട്ട് കൊണ്ടുപോയി കൂമ്പിനിട്ടു ഇടിക്കാൻ അല്ലെ.. മാമാ... നിങ്ങൾക് ഇടിച്ച് പഠിക്കാൻ ആരെയെങ്കിലും കിട്ടണം... അതിനാണ് ഈ സോപ്പിടൽ...’ -എന്ന് ഒരാൾ കമന്‍റ് ചെയ്തിരിക്കുന്നു. ‘സ്റ്റേഷനിൽ കൊണ്ടു പോയി ക്രൂരമായി മർദിക്കുമ്പോൾ ആരെ വിളിക്കണം, ദൈവത്തിനെയാണോ’ -എന്നും ചോദ്യമുണ്ട്.
‘ഒരു സഹായത്തിനും വിളിക്കാതെ വഴിയരികിൽ നിന്നവനെ വലിച്ചുവാരി കൊണ്ടുപോയി കൂമ്പിനിടിച്ച് കള്ള കേസെടുത്തു അകത്തിടുന്നു.’
‘കുനിച്ചു നിർത്തി ഇടിക്കാൻ അല്ലേ... കണ്ടു സിസിടിവി ഫൂട്ടേജിൽ ജനമൈത്രി പോലീസിന്റെ മഹാത്മ്യം. അവന്മാരെ മൂന്നിനെയും പിരിച്ചുവിട്ടിട്ടു പോരേ ഉപദേശം’
‘എന്റെ പൊന്നു സാറന്മാരെ ഓണാശംസിച്ചില്ലേലും വേണ്ടില്ല പാവങ്ങളെ പിടിച്ചുകൊണ്ടുപോയി ഇഞ്ച പരുവം ആക്കാതിരുന്നാൽ മതി... നെറികേടിന്റെ മറ്റൊരു പേരാണ് കേരള പോലീസ്’ -എന്നെല്ലാമാണ് കമന്‍റുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.