പന്തളം: സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കരുതെന്ന് ആരോടും പറയില്ലെന്നും വിശ്വാസികൾക്ക് മനസാക്ഷിയനുസരിച്ച് തീരുമാനിക്കാമെന്നും ബി.ജെ.പി ദേശീയ നിർവാഹകസമിതിയംഗം കുമ്മനം രാജശേഖരൻ. ആഗോള അയ്യപ്പ സംഗമം നടത്താൻ മതേതര സർക്കാറിന് എന്തവകാശമെന്നും അദ്ദേഹം ചോദിച്ചു. സമാന്തരസംഗമം നടത്താനുള്ള തീരുമാനത്തിന്‍റെ ഭാഗമായി വ്യാഴാഴ്ച പന്തളം കൊട്ടാരത്തിലെത്തി ചർച്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം.
ശബരിമല യുവതി പ്രവേശനവിഷയത്തിൽ സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിച്ചാൽ തന്നെ വലിയ പ്രശ്‌നം അവസാനിക്കും. അന്നുണ്ടായ കേസുകളിൽ ജോലിനഷ്ടപ്പെട്ടവരും പീഢനം അനുഭവിച്ചവരും ധാരാളമുണ്ട്. രണ്ടുപേർ രക്തസാക്ഷികളുമായി. പന്തളത്തുണ്ടായ ഇത്തരം സംഭവങ്ങൾ മറക്കാൻ കഴിയില്ല. അയ്യപ്പ സംഗമത്തിലൂടെ ശബരിമലയെ വാണിജ്യ കേന്ദ്രമാക്കാനാണ് സർക്കാർ ശ്രമം. ബോർഡിന്റെ പ്രവർത്തനങ്ങളിൽ സർക്കാർ കൈകടത്തുന്നത് മതസ്വാതന്ത്ര്യത്തിന്റെയും അയ്യപ്പഭക്തരുടെ മൗലികാവകാശങ്ങളുടെയും ധ്വംസനമാണ്. ആചാര അനുഷ്ഠാനങ്ങളെ അവഗണിക്കുന്ന സർക്കാർ എന്തിനാണ് ഇത്തരം സംഗമങ്ങൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് എൻ. ശങ്കർവർമ, മുൻ സെക്രട്ടറി പി.എൻ. നാരായണ വർമ, ട്രഷറർ ദീപാവർമ, ബി.ജെ.പി പത്തനംതിട്ട ജില്ല പ്രസിഡന്റ് വി.എ. സുരാജ്, തിരുവാഭരണ പേടക വാഹക സംഘാംഗങ്ങൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. പന്തളം നഗരസഭാ കൗൺസിലർമാരായ കെ.വി. പ്രഭ, കെ.ആർ.രവി, വിവിധ സംഘടനാ ഭാരവാഹികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.