കാസർകോട്: അഞ്ചുവർഷത്തെ നിയമപോരാട്ടത്തിനുശേഷമാണ് തലശ്ശേരി മഠത്തുഭാഗം സാകേതം വീട്ടിൽ സി.കെ. മദനൻ 2020 ജനുവരി 10ന് ജി.എച്ച്.എസ്.എസ് കുമ്പളയിൽ എച്ച്.എസ്.ടി സോഷ്യൽ സയൻസ് അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്. അധ്യാപനത്തോടുള്ള ഇഷ്ടം കാരണം കെ.എസ്.എഫ്.ഇയിലെ സ്പെഷൽ ഗ്രേഡ് അസി. ജോലി രാജിവെക്കുകയായിരുന്നു. പിതാവും ഗുരുവുമായ കോറോത്ത് ഗോവിന്ദൻ മാഷിന് നൽകിയ വാക്ക് പാലിക്കുകയായിരുന്നു മദനൻ മാഷ്.
സാമൂഹിക-സാംസ്കാരിക-പരിസ്ഥിതിപ്രവർത്തകനുമായ സി.കെ. മദനൻ ഒമ്പതു വർഷത്തോളം തന്‍റെ നേതൃത്വത്തിൽ തലശ്ശേരിക്കടുത്ത് രൂപവത്കരിച്ച മഠത്തുംഭാഗം കൂട്ടായ്മയുടെ സെക്രട്ടറിയായിരുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ പിതാവ് മരിച്ചതോടെ വീട്ടിൽ ട്യൂഷനെടുത്താണ് ബിരുദാനന്തര ബിരുദവും ബി.എഡും പഠിക്കാനുള്ള തുക കണ്ടെത്തിയത്. വി.ഇ.ഒ ആയി ഗ്രാമവികസന വകുപ്പിൽ സർക്കാർ സർവിസിലും പിന്നീട് കെ.എസ് എഫ്.ഇയിലും എത്തി.
കാസർകോട്ട് ചുരുങ്ങിയ കാലംകൊണ്ട് കുട്ടികളുടെ മനസ്സിൽ ഇടംനേടി. സ്കൂളിന്‍റെയും പി.ടി.എയുടെയും എല്ലാ പരിപാടികളിലും സജീവ സാന്നിധ്യമാണ്. ജി.എച്ച്.എസ്.എസ് കുമ്പളയിൽ നടപ്പാക്കിയ സോഷ്യോ- ഇക്കണോമിക്-വിദ്യാദ്യാസ സർവേക്ക് (എസ്.ഇ.എ.എസ്-2021) മുന്നിൽനിന്ന് പ്രവർത്തിച്ചു. നിർധനരായ കുട്ടികൾക്ക് ഭക്ഷ്യവസ്തുകൾ, വസ്ത്രങ്ങൾ ഉൾപ്പെടെ നൽകുന്ന പദ്ധതിയിൽ നൂറിലധികം കുട്ടികളെ സഹായിക്കാനും സമയം കണ്ടെത്തി. കോവിഡ് കാലമായതിനാൽ അധ്യാപകർതന്നെ തുക കണ്ടെത്തുകയായിരുന്നു. ആദ്യം ചിലർ എതിർപ്പുയർത്തിയെങ്കിലും സ്കൂളിൽ പഠിച്ചിരുന്ന 1200 കുട്ടികളുടെ വീടുകളും സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കി. സംസ്ഥാനതലത്തിൽതന്നെ ഇത് ചർച്ചയായിരുന്നു. വർഷങ്ങളായി സ്കൂൾ മൈതാനത്ത് പൊലീസ് പിടിച്ചെടുത്ത് കൂട്ടിയിട്ട വാഹനങ്ങൾ മാറ്റാൻ സാധിച്ചത് ഏറെ പ്രശംസയ്ക്കിടയാക്കി. ലഹരിവിരുദ്ധ പരിപാടിയുടെ മാസ്റ്റർ ട്രെയിനറായി, എച്ച്.എസ് വിഭാഗത്തിലെ അധ്യാപകരുടെ പരിശീലകനുമായി.
2024ൽ ജി.വി.എച്ച് എസ്.എസ് മൊഗ്രാലിലേക്കും പിന്നീട് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലേക്കും സ്ഥലംമാറ്റം. നെല്ലിക്കുന്ന് ഗേൾസിൽ നടപ്പാക്കിയ വിഷൻ-2024ന്‍റെ കോഓഡിനേറായിരുന്നു. പി.ടി.എയുടെയും സ്റ്റാഫിന്‍റെയും സഹകരണത്തോടെ ഗൃഹസന്ദർശനം, രക്ഷിതാക്കൾക്ക് ബോധവത്കരണം, പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് അധിക പഠനപിന്തുണ, മറ്റ് സ്കൂൾ അധ്യാപകരുടെ അധികസഹായം, ഓ.ആർ.സി യുടെ സഹായത്തോടെ ബാച്ചുകളായി തിരിച്ച് മോട്ടിവേഷൻ ക്ലാസ് എന്നിവയിലൂടെ 2024ൽ സ്കൂളിനെ മികച്ച വിജയത്തിലേക്ക് ഉയർത്തി.
പാഠഭാഗങ്ങൾക്ക് ചിത്രീകരിച്ചും അഭിനയിച്ചും കുഞ്ഞൻ വിഡിയോകളാക്കി മറ്റ് സ്കൂളിലെ കുട്ടികൾക്കുകൂടി ഉപയോഗിക്കാൻ പാകത്തിൽ നൽകിയത് ശ്രദ്ധിക്കപ്പെട്ടു. ഇക്കാലയളവിൽ സാമൂഹ്യശാസ്ത്ര അധ്യാപകരുടെ ജില്ല അധ്യാപക പരിശീലകനുമാകാനും സാധിച്ചു.
ആനുകാലിക സംഭവങ്ങളിൽ സംവാദം, സെമിനാർ തുടങ്ങിയവ സംഘടിപ്പിച്ചു. 2024-25 വർഷത്തിൽ ജി.എച്ച്.എസ്.എസ് കാസർകോട്ടേക്ക് സ്ഥലംമാറ്റം നേടിയെത്തി. ഇതേവർഷം ശാസ്ത്രരംഗം കാസർകോട് സബ്ജില്ല കോ-ഓർഡിനേറ്ററായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പാഠഭാഗവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്ക് പെട്ടെന്ന് ഗ്രഹിക്കാനുതകുംവിധം കവിതകൾ എഴുതുകയും കുട്ടികൾക്ക് പാടിക്കൊടുക്കുകയും ചെയ്ത് പഠനം ആസ്വാദ്യകരമാക്കിയും മദനൻ മാഷ് വിദ്യാർഥികളുടെ ഇഷ്ട അധ്യാപകനായി മാറി. എസ്.എസ്.എൽ.സി പരീക്ഷസമയങ്ങളിലടക്കം രാത്രികാല ക്ലാസിന് നേതൃത്വം നൽകുകയും വിദ്യാർഥികളെ മികച്ച വിജയംനേടാൻ പ്രാപ്തരാക്കാനും കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കാനും ആനുകാലിക സംഭവങ്ങൾ ചർച്ചചെയ്യാനും തുടങ്ങിയ റേഡിയോ ‘തേൻവരിക്ക’ക്ക് ചുക്കാൻപിടിക്കുന്നതും മാഷാണ്.
ക്ലാസ് മുറിയുടെ അടർന്നുപോയ ഭാഗങ്ങൾ കുട്ടികൾക്കൊപ്പം തേച്ചുമിനുക്കിയതിലൂടെ അധ്യാപകർ കുട്ടികളെ ചേർത്തുനിർത്തി ശരിയാംവണ്ണം വഴികാട്ടിയാൽ അവർ സ്വയം അച്ചടക്കംപാലിക്കുമെന്നും മദനൻ മാഷ് അനുഭവത്തിലൂടെ പഠിപ്പിച്ചു. ജില്ലതല ക്വിസ് മാസ്റ്റർ, മോട്ടിവേഷൻ സ്പീക്കർ, തലശ്ശേരി ജി.എൽ.പി.എസ്. പി.ടി.എ പ്രസിഡൻ്റ് എന്നീനിലകളിലും ഇദ്ദേഹം തിളങ്ങിയിട്ടുണ്ട്.
ഉദിനൂർ ഗവ.എച്ച് എസ്.എസിൽ ബോട്ടണി അധ്യാപികയായ കെ. ലതയാണ് ഭാര്യ. മക്കൾ: അദ്വൈത്, വൈഗ മദനൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.