സ്വകാര്യ വാഹനങ്ങൾക്ക്​ അപ്രഖ്യാപിത വിലക്ക്

കാഞ്ഞങ്ങാട്: ഓണത്തിനും നബിദിനത്തിനും രണ്ടുദിവസം മാത്രം ബാക്കിയിരിക്കെ നഗരത്തിലേക്ക് സ്വകാര്യ വാഹനങ്ങൾക്ക്​ അപ്രഖ്യാപിത വിലക്കേർപ്പെടുത്തി പൊലീസ്. ഇന്നലെ പൊലീസ് നിർദേശം വന്നതിന് പിന്നാലെ കടുത്ത പ്രതിഷേധവുമായി നഗരത്തിലെ വ്യാപാരികൾ രംഗത്തുവന്നു.

ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞാണ് നഗരത്തിലെത്തുന്ന സ്വകാര്യ വാഹനങ്ങൾ നഗരത്തിൽനിന്ന്​ കിലോമീറ്റർ ദൂരം പാർക്ക് ചെയ്യണമെന്ന് പൊലീസ് ആവശ്യപെട്ടത്. തെക്കുഭാഗത്തുനിന്ന് നഗരത്തിലേക്ക് വരുന്നവർ വാഹനങ്ങൾ കാഞ്ഞങ്ങാട് സൗത്ത്, പുതിയ ബസ്​ സ്റ്റാൻഡ് ഭാഗങ്ങളിൽ പാർക്ക് ചെയ്യണമെന്നാണ് നിർദേശം. വടക്കുഭാഗത്തുനിന്ന് വരുന്നവർ മഡിയൻ, ചിത്താരി ഭാഗങ്ങളിൽ വാഹനങ്ങൾ പാർക്ക്​ ചെയ്യണമെന്നും നിർദേശമുണ്ട്. കുടുംബസമേതം നഗരത്തിൽ ഷോപ്പിങ്ങിന് എത്തുന്നവർ പൊലീസിന്റെ അപ്രഖ്യാപിത വിലക്കിൽ ദുരിതത്തിലായി.

നിർദേശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രണ്ട്​ പ്രദേശങ്ങളിലും സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്തതിനുശേഷം ബസുകളും ഓട്ടോറിക്ഷകളും ഉപയോഗിച്ച് നഗരത്തിൽ വരണമെന്നാണ് നിർദേശം. മുൻകാലങ്ങളിൽ ഓണത്തിരക്ക് മുന്നിൽക്കണ്ട് ദിവസങ്ങൾക്കുമുമ്പ് തന്നെ നഗരത്തിൽ സ്വകാര്യ വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താറുണ്ട്. ഇത്തവണ പൊലീസോ നഗരസഭ അധികൃതരോ ഒരുതരത്തിലുള്ള മുന്നൊരുക്കങ്ങളും നടത്താതെയാണ് ജനങ്ങളോട് നഗരത്തിൽനിന്ന് കിലോമീറ്ററുകൾ ദൂരം വാഹനങ്ങൾ പാർക്ക് ചെയ്യാൻ നിർദേശിച്ചത്.

നഗരത്തിൽ ഇത്രയേറെ വീതിയുള്ള റോഡുള്ളതിനാൽ പാർക്കിങ്ങിന് യഥേഷ്ടം സൗകര്യമുള്ളപ്പോഴാണ് ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള പൊലീസ് നിർദേശം. മുൻകാലങ്ങളിൽ നഗരത്തിലെ സ്വകാര്യ സ്ഥലങ്ങൾ കണ്ടെത്തി വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ചെയ്തു കൊടുത്തിരുന്നു. ഇത്തരം സാധ്യതകൾ അധികൃതർ കണ്ടെത്താത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

ക്രെയിൻ ഉപയോഗിക്കും എന്ന്​ പൊലീസ്; പിന്നീട് പിൻവലിഞ്ഞു

കാഞ്ഞങ്ങാട്​: ഇന്നലെ ഗതാഗത പരിഷ്കാരവുമായി ബന്ധപ്പെട്ട് പൊലീസ് ഇറക്കിയ നിർദേശങ്ങളിൽ ഒന്ന് നിമിഷങ്ങൾക്കകം പിൻവലിച്ചു. നോ പാർക്കിങ്ങിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ ക്രെയിൻ ഉപയോഗിച്ച് കൊണ്ടുപോയി കനത്ത പിഴ ഈടാക്കും എന്നായിരുന്നു മുന്നറിയിപ്പ്. ഇതിനെതിരെ വ്യാപാരികൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തിറങ്ങി.

നിജസ്ഥിതി അറിയാൻ ഉയർന്ന പൊലീസ് ഓഫിസർമാരെ വിളിച്ചപ്പോൾ ഇത്തരം തീരുമാനം ഇല്ലെന്നായിരുന്നു മറുപടി. പൊലീസ് അറിയിപ്പായാണ് നിർദേശം വന്നത്. നഗരത്തിൽ ഓണത്തിരക്കിനെ തുടർന്ന് പൊലീസ് നടപ്പാക്കിയ ഗതാഗത നിയന്ത്രണം തലതിരിഞ്ഞ നടപടിയാണെന്ന് കാഞ്ഞങ്ങാട് നഗരസഭ യു.ഡി.എഫ് പാർലമെന്റ് പാർട്ടി ലീഡർ കെ.കെ. ജാഫർ അഭിപ്രായപ്പെട്ടു. ആഘോഷ സമയങ്ങളിൽ പാർക്കിങ്​ സംവിധാനം ഒരുക്കേണ്ടത് നഗരസഭയുടെയും പൊലീസിന്റെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞൂ.

Tags:    
News Summary - Unannounced ban on private vehicles at kasargod town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.